തിരുവനന്തപുരം. നെടുമങ്ങാട്ട് നാളെ സി പി എം ന്റെ പോഷക സംഘടനയായ കർഷക സംഘത്തിന്റെ ജില്ലാ സമ്മേളനത്തിന് തിരി തെളിയാനിരിക്കെ, പാർട്ടിയിൽ പീഡന വിവാദം. വിവാദത്തിൽ പെട്ട ഡിവൈഎഫ്‌ഐ ഏര്യാ ജോയിന്റ് സെക്രട്ടറി ആനാട് ഇരിഞ്ചിയം വേട്ടമ്പള്ളി കുന്നിൽ വീട്ടിൽ വിഷ്ണു അഴിക്കുള്ളിലായെങ്കിലും കേസ് ഒതുക്കി തീർക്കാൻ നെടുമങ്ങാട്ടെ പാർട്ടിക്കാർ ശ്രമിച്ചതാണ് പുതിയ വിവാദത്തിനും ആക്ഷേപത്തിനും വഴിവെച്ചിരിക്കുന്നത്.

പാർട്ടി നെടുമങ്ങാട് ഏര്യാ കമ്മിറ്റി ഓഫീസിൽ പെൺകുട്ടിയെ വരുത്തി പരാതിയില്ലെന്ന നിലയിൽ കേസ് അവസാനിപ്പിക്കാൻ തല മുതിർന്ന നേതാക്കളടക്കം ഇടപെട്ട് എടുത്ത തീരുമാനമാണ് കോൺഗ്രസ് പ്രാദേശിക ഘടകം വിഷയം ഏറ്റെടുത്തതോടെ പാളി പോയത്.പ്രതി ജോലി ചെയ്യുന്ന ആനാട് സഹകരണ ബാങ്കിലേക്കും, പി ടി എ പ്രസിഡന്റായ രാമപുരം യു.പി. സ്‌ക്കൂളിലേക്കും മാർച്ച് നടത്താൻ കോൺഗ്രസ് തീരുമാനമെടുത്തതോടെയാണ് പീഡന പരാതി പൊലീസിന് ലഭിക്കുന്നത്.

കുട്ടിക്കാലത്തെ തന്നെ പെൺകുട്ടിയുടെ ട്യൂഷൻ സാറായിരുന്നു പ്രതി. നിർദ്ധന കുടുംബാംഗമായ പെൺകുട്ടി ബാലസംഘത്തിൽ സജീവ പ്രവർത്തകയായി എത്തിയതോടെയാണ്, വിവാഹിതൻ കൂടിയായ വിഷ്ണു പെൺകുട്ടിയുമായി കൂടുതൽ അടുത്തത്.പഴയ അദ്ധ്യാപകൻ എന്ന നിലയിൽ ഏറെ ബഹുമാനം നൽകിയിരുന്ന പെൺകുട്ടിയെ ചൂഷണ ലക്ഷ്യത്തോടെയാണ് വിഷ്ണു സമീപിച്ചിരുന്നത്.

ബാലസംഘത്തിൽ വന്നതോടെ മറ്റ് പാർട്ടി പരിപാടികളിലും ഡിവൈഎഫ്‌ഐ പരിപാടികൾക്കും ഇരുവരും ഒരുമിച്ചാണ് പങ്കെടുത്തിരുന്നത്. കേസിന് ആസ്പദമായ സംഭവം നടന്നത് കഴിഞ്ഞ 16നായിരുന്നു. അന്ന് പകൽ മദ്യപിച്ച് ലക്കുകെട്ട വിഷ്ണു ഇരയായ പെൺകുട്ടിക്ക് മെസേജുകൾ അയച്ച് കൊണ്ടേ ഇരുന്നു. ഉടൻ കാണണ മെന്നും വീട്ടിലേക്ക് വരട്ടെയെന്നുമുള്ള മെസേജുകളായിരുന്നു അധികവും. പിന്നീട് ഇയാൾ പെൺകുട്ടിയുടെ വീട്ടിലെത്തി. ആരുമില്ലായെന്ന് ബോധ്യപ്പെട്ടതോടെ കയറി പിടിച്ചു ബലമായി കീഴ്‌പ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. പീഡന വിവരം പെൺകുട്ടി ആദ്യം പാർട്ടിയെ ആണ് അറിയിച്ചത്. അപ്പോഴാണ് ഒത്തുതീർപ്പ് ശ്രമം ഉണ്ടായത്.വിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്തതോടെ ഡി വൈ എഫ് ഐ യിൽ നിന്നും സി പി എം ൽ നിന്നും പുറത്താക്കി.