തിരുവനന്തപുരം: തിരുവല്ലം പാച്ചല്ലൂർ വണ്ടിത്തടത്ത് യുവതി ജീവനൊടുക്കിയത് ഭർതൃവീട്ടുകാരുടെ മാനസിക പീഡനം കാരണമെന്ന് ബന്ധുക്കളുടെ ആരോപണം. വണ്ടിത്തടം ക്രൈസ്റ്റ് നഗർ റോഡിൽ വാറുവിള പുത്തൻവീട് ഷഹാന മൻസിലിൽ ഷഹാന ഷാജി (23)യുടെ മരണത്തിലാണ് ഭർത്താവിന്റെ കുടുംബാംഗങ്ങൾക്കെതിരെ ബന്ധുക്കൾ ആരോപണവുമായി രംഗത്തെത്തിയത്. യുവതിയെ ഭർതൃവീട്ടുകാർ മർദ്ദിച്ചിരുന്നതിന്റെ തെളിവുകളും പുറത്തുവിട്ടിട്ടുണ്ട്

ഭർതൃമാതാവ് മാനസികമായി പീഡിപ്പിച്ചിരുന്നതായും ദേഹോപദ്രവം ഏൽപിച്ചിരുന്നതായും ഷഹാനയുടെ പിതൃസഹോദരി ഷൈന ആരോപിക്കുന്നു. ഒരിക്കൽ ഷഹാനയുടെ ഭർത്താവിന് ഒരു ശസ്ത്രക്രിയ വേണ്ടിവന്നു. ഈ സമയത്ത് ആശുപത്രിയിലെ ചില രേഖകളിൽ ആര് ഒപ്പിടണമെന്ന് സംബന്ധിച്ച് ഷഹാനയും ഭർതൃമാതാവും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് ഭർതൃമാതാവ് ഷഹാനയെ മർദിച്ചെന്നും കടിച്ചു പരിക്കേൽപ്പിച്ചെന്നുമാണ് ബന്ധുക്കൾ പറയുന്നത്. ഷഹാനക്ക് മർദനമേറ്റതിന്റെ ചിത്രങ്ങളും ബന്ധുക്കൾ പുറത്തുവിട്ടു.

സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം കുത്തുവാക്കുകൾ പറയുകയും ഭർതൃമാതാവ് ചെയ്യുമായിരുന്നു എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
'നീ കുപ്പത്തൊട്ടിയിൽ നിന്ന് വന്നതല്ലേ', 'നീ പാവപ്പെട്ട വീട്ടിലെയാണ്' എന്നിങ്ങനെ ഭർതൃമാതാവ് ഷഹാനയോട് പറഞ്ഞിരുന്നത്. എത്രയും വേഗം ഒഴിഞ്ഞു പോകണമെന്നും എന്ത് വേണമെങ്കിലും തരാമെന്നും പറഞ്ഞിരുന്നു. മകനെ കൊണ്ട് വേറെ വിവാഹം കഴിപ്പിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. ഷഹാനയെ ആര് ഉപദ്രവിച്ചാലും ഭർത്താവ് മിണ്ടാതിരിക്കുമെന്നും പിതൃസഹോദരി ഷൈന പറഞ്ഞു.

പെൺകുട്ടിയെ മാത്രം മതിയെന്ന് പറഞ്ഞ് ഭർതൃവീട്ടുകാരാണ് ഷഹാനയുടെ വീട്ടിൽ ആലോചനയുമായി എത്തിയത്. അതേസമയം, 75 പവനും സ്ഥലവും വീട്ടുകാർ നൽകി. എന്നാൽ, ഭർതൃ സഹോദരന്റെ കല്യാണം കഴിഞ്ഞതോടെ ഷഹാനയോട് ഭർതൃവീട്ടുകാർക്ക് അടുപ്പം കുറയുകയായിരുന്നുവെന്ന് ഷൈന പറയുന്നു.

ചൊവ്വാഴ്ച വൈകിട്ടാണ് ഷഹാനയെ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നു വർഷം മുമ്പ് കോവിഡ് സമയത്താണ് കാട്ടാക്കട സ്വദേശിയുമായി ഷഹാനയുടെ വിവാഹം നടന്നത്. ഒന്നര വയസുള്ള കുഞ്ഞുള്ള ഷഹാന, ഭർതൃവീട്ടിലെ പ്രശ്നങ്ങളെ തുടർന്ന് മൂന്ന് മാസമായി സ്വന്തം വീട്ടിൽ കഴിയുകയായിരുന്നു.

ചൊവ്വാഴ്ച സഹോദര പുത്രന്റെ ജന്മദിനാഘോഷത്തിന് കൂട്ടിക്കൊണ്ടുപോകാനായി ഭർത്താവ് ഷഹാനയുടെ വീട്ടിലെത്തിയിരുന്നു. നേരിട്ട് ക്ഷണിക്കാത്തതിനാൽ ഷഹാന ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ തയാറായില്ല. തുടർന്ന് ഭർത്താവ് കുഞ്ഞിനെയും എടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇതോടെ മുറിക്കുള്ളിൽ കയറി വാതിലടച്ച ഷഹാനയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

ജീവനൊടുക്കിയ ഷഹാനയുടെ മൃതദേഹവുമായി ഫോർട്ട് പൊലീസ് സ്റ്റേഷന് മുന്നിൽ ബന്ധുക്കൾ പ്രതിഷേധിച്ചിരുന്നു. ഷെഹാനയുടെ സഹോദരി നിലത്ത് കിടന്ന് പ്രതിഷേധിച്ചു. പ്രതിഷേധം കടുത്തതോടെ പൊലീസുമായി തർക്കമുണ്ടാകുകയും ചെയ്തു. പ്രദേശത്ത് സംഘർഷവസ്ഥ രൂപപ്പെട്ടതോടെ കേസ് വിശദമായി അന്വേഷിക്കാമെന്ന് എസി ഉറപ്പ് നൽകിയത്.

ഷഹാനയെ ആര് ഉപദ്രവിച്ചാലും ഭർത്താവ് മിണ്ടാതിരിക്കും. കോവിഡ് സമയത്തായിരുന്നു കല്യാണം. പെൺകുട്ടിയെ മാത്രം മതിയെന്ന് പറഞ്ഞ് അവരാണ് ആലോചനയുമായി ഇങ്ങോട്ടുവന്നത്. ആ സമയത്ത് 75 പവനും സ്ഥലവും നൽകി. കഴിഞ്ഞദിവസം സഹോദരന്റെ കുഞ്ഞിന്റെ ജന്മദിനാഘോഷത്തിന് കൊണ്ടുപോകാനായാണ് ഭർത്താവ് ഷഹാനയുടെ വീട്ടിൽവന്നത്. അരമണിക്കൂർ സമയം തരാം അതിനുള്ളിൽ കൂടെവരണമെന്നായിരുന്നു ഭർത്താവിന്റെ ആവശ്യം. വന്നില്ലെങ്കിൽ ഇനി ഒരുബന്ധവും ഉണ്ടാകില്ലെന്നും പറഞ്ഞു. തുടർന്നാണ് വസ്ത്രംപോലും ധരിപ്പിക്കാതെ കുഞ്ഞിനെയും എടുത്ത് ഭർത്താവ് പോയതെന്നും ഇതിനുപിന്നാലെയാണ് ഷഹാന മുറിക്കുള്ളിൽ കയറി വാതിലടച്ചതെന്നും പിതൃസഹോദരി പറഞ്ഞു.