കണ്ണൂർ: ചെറുപുഴ പാടിയോട്ടുചാൽ വാച്ചാലിൽ യുവതിയെയും മൂന്നുമക്കളെയും സുഹൃത്തിനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് നാട്ടൂകാരുടെ സംശയത്തിനൊടുവിൽ. പാടിയോട്ടുചാൽ വാച്ചാലിൽ ശ്രീജ, മക്കളായ സൂരജ്, സുരഭി, സുജിത്, ശ്രീജയുടെ സുഹൃത്ത് ഷാജി എന്നിവരെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മക്കളെ കൊലപ്പെടുത്തിയ ശേഷം ഇരുവരും ആത്മഹത്യ ചെയ്തതാണെന്നാണ് കരുതുന്നത്. ചെറുപുഴ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ശ്രീജയും ഷാജിയും നേരത്തെ വേറെ വിവാഹം കഴിച്ചവരാണ്. ആ ബന്ധത്തിൽ അകൽച്ച തുടങ്ങിയതോടെയാണ് ഒപ്പം ജോലി ചെയ്യുന്ന ഇരുവരും ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയത്. സമീപത്തുള്ള ക്ഷേത്രത്തിൽ പോയി ഇരുവരും വിവാഹം ചെയ്തു. അതിന് ശേഷം ഒരുമിച്ച് ജീവിതവും തുടങ്ങി. ഇതിനിടെയാണ് നാടിനെ ഞെട്ടിച്ച് ദുരന്തവാർത്ത എത്തുന്നത്.

പാടിച്ചാൽ പൊന്നമ്പയൽ ചീമേനി റോഡിലെ വങ്ങാട് വാച്ചാലിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഷാജി എന്ന യുവാവും ശ്രീജ എന്ന യുവതിയും അവരുടെ മൂന്നു കുട്ടികളായ സൂരജ്, സുരഭി, സുജിത്ത് എന്നിവർ അടങ്ങുന്ന കുടുംബത്തെയാണ് ശ്രീജയുടെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഷാജിക്ക് ഭാര്യയും രണ്ടു മക്കളുമുണ്ട്. ഇവരുമായി അകന്നു താമസിക്കുന്ന ഷാജി കഴിഞ്ഞ പതിനാറിന് ശ്രീജയെ വിവാഹം ചെയ്തത്. ഇന്ന് രാവിലെ 5 30 ഓടെ ചെറുപുഴ പൊലീസ് സ്റ്റേഷനിലേക്ക് ഇവർ തന്നെയാണ് മരിക്കുന്ന വിവരം അറിയിച്ചത്. കുട്ടികളെ സ്റ്റെയർകേസിന് സമീപവും ഇവരെ ബെഡ്‌റൂമിലും ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടികളെ കൊലപ്പെടുത്തിയതിനു ശേഷം ഇവർ തൂങ്ങിമരിച്ചതായിരിക്കുമെന്നാണ് കരുതുന്നത്.

ഷാജിയുടെ വീട് നിർമ്മാണവുമായി ബന്ധപ്പെട്ട് സഹായത്തിന് എത്തിയതോടെയാണ് ശ്രീജയുമായി ഷാജി അടുക്കുന്നത്. പിന്നീട് കഴിഞ്ഞ 16ന് മീങ്കുളം ക്ഷേത്രത്തിൽ വച്ച് ഇവർ വിവാഹിതരാവുകയായിരുന്നു. ഷാജിയുടെ ഭാര്യയും രണ്ടു മക്കളും വയക്കരയിലെ കോട്ടേഴ്‌സിലാണ് താമസിക്കുന്നത്. ശ്രീജയുടെ ഭർത്താവും ഇവരിൽ നിന്നും അകന്നു കഴിയുകയാണ്. ചെറുപുഴ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഇൻക്വസ്റ്റ് പൂർത്തിയാക്കിയശേഷം അഞ്ചുപേരുടെയും മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റും.

ഷാജി ഇതിനു മുമ്പും ആത്മഹത്യക്ക് ശ്രമിച്ചതായി നാട്ടുകാർ പറയുന്നു. മാസങ്ങൾക്കു മുമ്പ് വിഷം കഴിച്ചത് കൂടാതെ മൂന്നു ദിവസം മുമ്പ് സമീപത്തെ കൃഷിയിടത്തിൽ ഇയാൾ തൂങ്ങിമരിക്കാൻ ശ്രമിച്ചിരുന്നു. നാട്ടുകാരാണ് ഇയാളെ അന്ന് രക്ഷിച്ചത്. ഷാജി ആദ്യ ഭാര്യയിൽ നിന്ന് വിവാഹമോചനം നേടാതെയാണ് രണ്ടാമത് വിവാഹം കഴിച്ചതെന്നുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്. ഇതിന്റെ പേരിൽ ദിവസങ്ങളായി കുടുംബത്തിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്.

കുടുംബവഴക്കാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കുട്ടികളെ വീട്ടിലെ സ്റ്റെയർ കേസിൽ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. അതിനുശേഷം ശ്രീജയും ഷാജിയും ഒരേ ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു എന്നുമാണ് പൊലീസ് നിഗമനം. അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു വീടിന്റെ വാതിൽ.