പാറശ്ശാല: പാറശ്ശാലയിലെ യുവാവിന്റെ മരണത്തിന്റെ ദുരൂഹത ഇനിയും നീങ്ങിയിട്ടില്ല. യുവാവ് എങ്ങനെയാണ് മരിച്ചതെന്ന കാര്യത്തിലാണ് ഇപ്പോഴും അവ്യക്തതകൾ തുടരുന്നത്. താൻ നൽകിയത് കഷായവും ജ്യൂസുമാണെന്ന് പെൺകുട്ടി ആവർത്തിക്കുമ്പോൾ തന്നെയാണ് സംഭവം കൂടുതൽ ദുരൂഹമാകുന്നതും. പാനിയം കുടിച്ച് മരിച്ച ഷാരോണും പെൺസുഹൃത്തും തമ്മിൽ നടത്തിയ വാട്സ്ആപ്പ് ചാറ്റിലെ വിവരങ്ങളും പുറത്തു വന്നിട്ടുണ്ടുണ്ട്.

സംഭവം നടന്ന ഒക്ടോബർ 14ന് ഇരുവരും നടത്തിയ ചാറ്റിന്റെ സ്‌ക്രീൻഷോട്ടാണ് ബന്ധുക്കൾ പുറത്തുവിട്ടത്. പാനിയം നൽകിയതിൽ ഷാരോണിനോട് പെൺകുട്ടി ക്ഷമ ചോദിക്കുന്നതും ചാറ്റിൽ വ്യക്തമാണ്. അമ്മയെ വീട്ടിൽ കൊണ്ടുവിട്ട ഓട്ടോക്കാരനും ഇതേ പാനിയമാണ് കൊടുത്തതെന്നും അയാൾക്കും വയ്യാതായിയെന്ന് മാമൻ പറഞ്ഞുവെന്നുമാണ് പെൺകുട്ടി ഷാരോണിനോട് പറയുന്നത്. ജ്യൂസ് നൽകിയത് യുവതി ചാറ്റിൽ സമ്മതിക്കുന്നു. ഛർദ്ദിക്കുന്നുണ്ടെങ്കിൽ മരുന്ന് വാങ്ങാൻ യുവതി ഷാരോണിനോട് ഉപദേശിക്കുന്നതും ചാറ്റിൽ വ്യക്തമാണ്. തീരെ വയ്യെന്ന് ചാറ്റിൽ ഷാരോൺ പറയുന്നുണ്ട്.

അതേസമയം ഈ പെൺസുഹൃത്ത് നൽകിയ കഷായവും ജ്യൂസും കുടിച്ചാണ് ഷാരോൺ മരിച്ചതെന്നാണ് കുടുംബം പരാതി നൽകിയിരിക്കുന്നത്. ഷാരോണിന്റേത് ആസൂത്രിത കൊലപാതകമാണെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തെ കുറിച്ചുള്ള ഓഡിയോകളും പുറത്തുവന്നിട്ടുണ്ട്. അന്ധവിശ്വാസത്തെ തുടർന്ന് ആസിഡ് കലർത്തിയ വെള്ളം നൽകി കൊലപ്പെടുത്തിയെന്നും ഇവർ പരാതിയിൽ പറയുന്നു. സംഭവത്തിൽ പാറശാല പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

അതേസമയം, താൻ കഷായത്തിൽ മറ്റൊന്നും ചേർത്തിട്ടില്ലെന്നും സ്ഥിരമായി കഴിച്ചുകൊണ്ടിരിക്കുന്നതാണ് അതെന്നും ഷാരോണിന്റെ സഹോദരന് അയച്ച സന്ദേശത്തിൽ പെൺകുട്ടി പറയുന്നു. 'അന്ന് രാവിലെയും താൻ അത് കുടിച്ചതാണ്. അതിലൊന്നും കലർന്നിട്ടില്ല', എന്ന് പറഞ്ഞ പെൺകുട്ടി അന്നായിരുന്നു അവസാനമായി അത് കുടിച്ചതെന്നും പറയുന്നുണ്ട്. 'ഷാരോണെ കൊന്നിട്ട് എനിക്കെന്ത് കിട്ടാനാണ്. വീട്ടിൽ നിന്ന് വേറെ ഒന്നും കഴിച്ചിട്ടില്ല. ഇവിടുന്ന് വിഷാംശം ഏൽക്കാൻ സാധ്യതയില്ലെന്ന് ഉറപ്പ് നൽകുന്നു' എന്നും പെൺകുട്ടി പറയുന്നുണ്ട്.

ഈ മാസം 14നായിരുന്നു ഷാരോൺ പെൺസുഹൃത്തിന്റെ വീട്ടിലെത്തിയത്. പെൺകുട്ടി നൽകിയ ജ്യൂസ് കുടിച്ചതിന് പിന്നാലെ അവശനിലയിലായ ഷാരോൺ ചികിത്സയിലായിരിക്കെ 25ന് മരിക്കുകയായിരുന്നു. ആസിഡ് പോലുള്ള എന്തോ അകത്ത് ചെന്നതായി സംശയമുണ്ടെന്നും ആന്തരീകാവയവങ്ങൾ ദ്രവിച്ച് പോയതായും ഷാരോണിനെ ചികിത്സിച്ച ഡോക്ടർമാർ അറിയിച്ചിരുന്നു. മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിൽ ഷാരോണിന്റെ ഇരുവൃക്കകളും തകരാറിലായതായി കണ്ടെത്തി. പിന്നീടുള്ള ദിവസങ്ങളിൽ വായിൽ വ്രണങ്ങൾ രൂപപ്പെട്ടതായും കണ്ടെത്തിയിരുന്നു. നാല് തവണ ഡയാലിസിസ് ചെയ്തു. ഈ സമയത്തിനകം തന്നെ വായിൽ വ്രണങ്ങളും മറ്റും വന്നെന്നും ഷാരോണിന്റെ ബന്ധുക്കൾ പറയുന്നു.