കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവയ്പു കേസിലെ പ്രതി ഷാറുഖ് സെയ്ഫി ട്രെയിനിൽ ആക്രമണം നടത്തുമ്പോൾ ധരിച്ച വസ്ത്രമല്ല കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ ധരിച്ചിരുന്നതെന്നു തെളിയിക്കുന്ന സിസിടിവി ദൃശ്യം അന്വേഷണ സംഘത്തിനു ലഭിക്കുമ്പോൾ തെളിയുന്നത് ആസൂത്രണം. ആക്രമണത്തിനു പിന്നാലെ ബാഗ് റെയിൽവേ ട്രാക്കിൽ നഷ്ടപ്പെട്ടിട്ടും പ്രതിക്ക് എവിടെ നിന്നാണു മറ്റൊരു വസ്ത്രം ലഭിച്ചതെന്നാണ് അന്വേഷണം. ട്രെയിനിൽ ആക്രമണം നടത്തിയ ശേഷം രക്ഷപ്പെടാൻ പ്രതിയെ സഹായിച്ചത് ആരെന്നു കണ്ടെത്താനുള്ള ശ്രമത്തിൽ ചില സൂചനകൾ പുറത്തു വരുന്നുണ്ട്. പോപ്പുലർ ഫ്രണ്ട് ബന്ധമുള്ള്ള കൗൺസിലറാണ് സഹായിച്ചതെന്നാണ് ആരോപണം. ഇതോടെ പോപ്പുലർ ഫ്രണ്ട് നേതാക്കൾക്ക് ആക്രമത്തിൽ പങ്കുണ്ടാകുമെന്ന സംശയം ബലപ്പെടുകയാണ്.

കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിൽ പ്രവേശന കവാടത്തിനടുത്തുള്ള കടയിൽ നിന്നു ഷാറുഖ് സെയ്ഫി ചായയും കേക്കും കഴിക്കുന്നതിന്റെ ദൃശ്യങ്ങളാണു പൊലീസിനു ലഭിച്ചത്. ഈ ദൃശ്യത്തിൽ പ്രതി നീല ജീൻസും ഇരുണ്ട മെറൂൺ ഷർട്ടുമാണു ധരിച്ചിട്ടുള്ളത്. മഹാരാഷ്ട്രയിലെ രത്‌നാഗിരിയിൽ പിടിയിലാകുമ്പോഴും ഇതേ വസ്ത്രമാണു ധരിച്ചിരുന്നത്. എന്നാൽ ചുവന്ന ഷർട്ട് ധരിച്ചയാളാണു ട്രെയിനിൽ ആക്രമണം നടത്തിയത് എന്നാണു ദൃക്‌സാക്ഷികളുടെ മൊഴി. ഈ സാഹചര്യത്തിലാണ് വസ്ത്രം മാറിയെന്നതിൽ സ്ഥിരീകരണമാകുന്നത്. തീവണ്ടിയിൽ പ്രതിയെ സഹായിക്കാൻ ഇനിയും ആളുകൾ ഉണ്ടായിരുന്നുവെന്നാണ് സംശയം. ഇതെല്ലാം പിടിയിലാകുമ്പോൾ മഹാരാഷ്ട്രാ എടിഎസിനോട് ഷാറൂഖ് സമ്മതിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രതിയെ മാധ്യമ പ്രവർത്തകനായ ദീപക് ധർമ്മടം സന്ദർശിച്ചു. പിന്നീട് അന്വേഷണവുമായി പ്രതി സഹകരിച്ചുമില്ല.

ഷാറുഖിനെ ഡൽഹിയിൽ നിന്നു കാണാതാകുമ്പോൾ നീല ജീൻസും ചുവപ്പു ഷർട്ടുമാണു ധരിച്ചിരുന്നത് എന്നാണു കുടുംബം ഡൽഹി ഷഹീൻബാഗ് പൊലീസിൽ നൽകിയ പരാതിയിലുമുള്ളത്. ഇതോടെ, എലത്തൂരിനും കണ്ണൂരിനുമിടയിലാണു പ്രതി വസ്ത്രം മാറിയതെന്നു വ്യക്തമായി. ആക്രമണത്തിനു മുൻപും ശേഷവും പ്രതിക്കു പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടെന്ന നിഗമനത്തിൽ തന്നെയാണ് അന്വേഷണം പുരോഗമിക്കുന്നത്. എന്നാൽ ചോദ്യം ചെയ്യൽ ഒരാഴ്ച പിന്നിട്ടിട്ടും പ്രതിക്കു പിന്നിൽ ആരെന്നു കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതുവരെ കേസിൽ ഭീകര വിരുദ്ധ നിയമവും കേരളാ പൊലീസ് ചുമത്തിയിട്ടില്ല. അതുകൊണ്ട് തന്നെ അന്വേഷണം ഏറ്റെടുക്കാൻ എൻഐഎയ്ക്ക് കഴിയുന്നുമില്ല.

കേസിൽ കേന്ദ്ര ഏജൻസികളും സമാന്തര അന്വേഷണം നടത്തുന്നുണ്ട്. എലത്തൂരിനും കണ്ണൂരിനുമിടയിലെ യാത്രയിൽ ഷാറുഖിനു മറ്റാരുടെയോ സഹായം ലഭിച്ചിട്ടുണ്ടെന്ന വിലയിരുത്തലിൽ കേന്ദ്ര ഏജൻസികൾ എലത്തൂരിലും പരിസരത്തും പരിശോധന നടത്തിയിരുന്നു. സംസ്ഥാന പൊലീസ് നടത്തുന്ന അന്വേഷണത്തിൽ പുരോഗതിയില്ലാത്ത സാഹചര്യത്തിൽ കേസ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഏറ്റെടുക്കാനുള്ള സാധ്യതയേറി. കേസിൽ തീവ്രവാദബന്ധത്തിനുള്ള സാധ്യത ഉൾപ്പെടെ ചൂണ്ടിക്കാട്ടി എൻഐഎ സമർപ്പിച്ച പ്രാഥമിക റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയിലാണ്.

അതിനിടെ ഷാറുഖ് സെയ്ഫിക്കു കോയമ്പത്തൂർ കാർ സ്‌ഫോടനവുമായി ബന്ധമുണ്ടോയെന്ന കാര്യം അന്വേഷിക്കുന്നതായി കോയമ്പത്തൂർ സിറ്റി പൊലീസ് കമ്മിഷണർ വി.ബാലകൃഷ്ണൻ പറഞ്ഞു. പ്രതിയുടെ തീവ്രവാദ ബന്ധം ഉറപ്പിച്ചാൽ കേസ് മറ്റൊരു തലത്തിലേക്കു നീങ്ങും. കോയമ്പത്തൂർ, മംഗലാപുരം സ്‌ഫോടനങ്ങൾക്കും ട്രെയിൻ ആക്രമണത്തിനും സമാനതകൾ കണ്ടെത്തിയിട്ടുണ്ട്. മംഗലാപുരം കേസിലെ പ്രതി സ്‌ഫോടനത്തിനു മുൻപായി കോയമ്പത്തൂർ സന്ദർശിച്ചിരുന്നു. ഇതുപോലെ കോയമ്പത്തൂരിലെ കാർ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട മുബിൻ മൈസൂരു, ബെംഗളൂരു എന്നിവിടങ്ങളിൽ എത്തിയിരുന്നു.

കേരളവുമായി ഒരു ബന്ധവും ഇല്ലാത്ത ഷാറുഖ് ഷൊർണൂരിൽ എത്തിയെങ്കിൽ തമിഴ്‌നാട്ടിലും ബന്ധം ഉണ്ടായിരിക്കാനുള്ള സാധ്യത സിറ്റി ക്രൈംബ്രാഞ്ച് തള്ളിക്കളയുന്നില്ല. കേരളത്തിലെ അന്വേഷണ വിവരങ്ങൾ നിരീക്ഷിക്കുകയാണെന്നും കമ്മിഷണർ പറഞ്ഞു. സൈബർ ക്രൈം പൊലീസ് നൂറോളം ഫോണുകൾ നിരീക്ഷണത്തിലാക്കി. സമൂഹമാധ്യമങ്ങളും പരിശോധിക്കും.

അതിനിടെ എലത്തൂർ ട്രെയിൻ തീവയ്പു കേസിൽ പ്രതി ഷാറുഖ് സെയ്ഫിക്കായി കോഴിക്കോട് മജിസ്‌ട്രേട്ട് (1) കോടതിയിൽ ജാമ്യാപേക്ഷ നൽകി. സ്വന്തമായി അഭിഭാഷകരെ വയ്ക്കാൻ സാധിക്കാത്തവർക്കു നിയമസഹായം നൽകുന്ന സർക്കാർ സംവിധാനമായ ലീഗൽ സർവീസസ് അഥോറിറ്റിയുടെ ഡിഫൻസ് ചീഫ് കൗൺസൽ അഡ്വ.പി.പീതാംബരനാണു ജാമ്യഹർജി നൽകിയത്.

ഷാറുഖിന്റെ കസ്റ്റഡി കാലാവധി അവസാനിക്കുന്ന 18നു ജാമ്യാപേക്ഷ പരിഗണിക്കും. നേരത്തെ അഡ്വക്കേറ്റ് ആളൂർ പ്രതിക്ക് വേണ്ടി ഹാജരാകുമെന്ന് റിപ്പോർട്ടുകളെത്തിയിരുന്നു. എന്നാൽ അഡ്വ ആളൂർ വക്കാലത്ത് നൽകിയില്ലെന്നതാണ് വസ്തുത.