തിരുവനന്തപുരം. സെക്രട്ടേറിയറ്റിൽ അസിസ്റ്റന്റ് ജോലി വാഗ്ദാനം ചെയ്ത് 81.15 ലക്ഷം രൂപ തട്ടിയെടുക്കുകയും വ്യാജ രേഖകൾ ചമച്ച് കബളിപ്പിക്കുകയും ചെയ്ത ദമ്പതികളിൽ മലയിൻകീഴ് തലയ്ക്കൽ കൊട്ടറക്കുഴി ബ്രിട്ടാസ് ഹൗസിൽ മുൻ സെക്രട്ടേറിയറ്റ് ജീവനക്കാരൻ ഷൈജിൻ ബ്രിട്ടോ(39)യെ ബാലരാമപുരം പൊലീസ് പിടികൂടിയത് കെണിയൊരുക്കി. തട്ടിപ്പ് കേസിൽ മുൻ കൂർ ജാമ്യം തള്ളിയതോടെ ഒളിവിൽ പോയ പ്രതിയെ കുടുക്കാൻ പൊലീസ് ഇയാളുടെ പരിചയക്കാരനെ ആദ്യം സമീപിച്ചു. അയാളെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയ ശേഷം പണം നല്കാമെന്ന് അറിയിച്ച് അയാളെ കൊണ്ട് പ്രതിയെ വിളിപ്പിച്ചു. അങ്ങനെ പേരൂർക്കടയിലെ ഒരു ബാങ്കിൽ എത്താമെന്ന് ഷൈജിൻ ബ്രിട്ടോ സമ്മതിച്ചു.

ബാങ്കിലെത്തിയപ്പോൾ തന്നെ മഫ്ടിയിൽ ഉണ്ടായിരുന്ന പൊലീസ് വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. റിമാന്റു ചെയ്ത പ്രതിയെ കൂടുതൽ ചോദ്യം ചെയ്യാൻ കസ്റ്റഡി അപേക്ഷ നല്കിയിരിക്കുകയാണ് ബാലരാമപുരം പൊലീസ്. ആറുമാസം മുൻപ് തൊഴിൽ തട്ടിപ്പു വഴി കൈയിൽ വന്ന പണത്തിന് ഇയാൾ മലയിൻകീഴ് മാമ്പിഴചിറയിൽ 40 ലക്ഷത്തിന്റെ ഒരു വില്ല വാങ്ങി. ആദ്യ ഭാര്യയെ ഉപേക്ഷിച്ച ഷൈജിൻ രണ്ടാമത് രാജിതോമസ് എന്ന യുവതിയെ വിവാഹം കഴിച്ചുവെന്നാണ് പറയുന്നത്. ഈ യുവതിക്ക് ഒപ്പം ഇവിടെ രഹസ്യമായി കഴിഞ്ഞിരുന്ന ഇയ്യാൾ സമീപവാസികളോട് കസ്റ്റംസ് ഉദ്യോഗസ്ഥൻ എന്നാണ് പറഞ്ഞിരുന്നത്. ഇടയ്ക്ക് പൊലീസ് വീട്ടിൽ പരിശോധനയ്ക്ക് വന്നപ്പോൾ രാജി തോമസ് അയൽക്കാരോടു പറഞ്ഞത് ഭർത്താവ് സ്വർണകള്ളക്കടത്ത് പിടികൂടിയതിനാൽ വിവരങ്ങൾ അറിയാൻ പൊലീസ് എത്തിയത് എന്നായിരുന്നു.

കസ്റ്റംസിലെ ഉന്നത ഉദ്യോഗസ്ഥൻ ആയതു കൊണ്ട് തന്നെ കള്ളക്കേസുകൾ കള്ളക്കടത്തുകാർ നല്കുന്നുണ്ടെന്നും രാജി അയൾക്കാരോടു പറഞ്ഞിരുന്നു. ഷൈജിൻ ബ്രിട്ടയുടെ തൊട്ടടുത്ത് ഒരു പൊലീസുകാരൻ താമസിച്ചിട്ടും ഇയ്യാൾ തട്ടിപ്പുകാരൻ എന്നറിയാൻ കഴിഞ്ഞില്ല. കൂട്ടത്തോടെ പൊലീസ് റെയിഡിന് എത്തിയപ്പോഴാണ് വില്ലയിലെ അയൽക്കാർ തട്ടിപ്പു കാര്യം അറിയുന്നത്. അതേ സമയം സെക്രട്ടറിയേറ്റിൽ ജോലി വാഗ്ദാനം ചെയ്തു 81 ലക്ഷം തട്ടിയ പരാതി വന്നപ്പോൾ തന്നെ പൊലീസ് ഇയാളെ ബന്ധപ്പെട്ടിരുന്നു. അന്ന് പൊലീസിനോടു പറഞ്ഞത് വിജിലൻസ് സി ഐ എന്നായിരുന്നു. ബാലരാമപുരം സ്വദേശിനി അംബികയുടെ മകൻ ജിതിൻ ജോണിന് സെക്രട്ടറിയേറ്റിൽ ജോലി തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം ചെയ്താണ് ഇവരുടെ ബന്ധു കൂടിയായ ഷൈജിൻ ബ്രിട്ടോ പണം തട്ടിയത്.

സെക്രട്ടറിയേറ്റ് അസിസ്റ്റന്റായി ജോലി വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് 2021 ഏപ്രിൽ 21 മുതൽ 2022 ഫെബ്രുവരി 7 വരെ പല ഘട്ടങ്ങളിലായി എൺപത്തി ഒന്ന് ലക്ഷത്തി പതിനയ്യായിരം രൂപയാണ് ഷൈജിൻ ബ്രിട്ടോ തട്ടിയെടുത്തത്. ജോലി സംബന്ധമായി ഇയാൾ നൽകിയ ചില
രേഖകളിൽ സംശയം തോന്നിയതോടെയാണ് അംബിക തട്ടിപ്പ് തിരിച്ചറിഞ്ഞ് പൊലീസിൽ പരാതി നൽകിയത്. പൊലീസിന് നൽകിയ പരാതിയിൽ ഷൈജിൻ ബ്രിട്ടോയും ഭാര്യ രാജി തോമസും ചേർന്ന് പണം വാങ്ങിയ ശേഷം വ്യാജ ഡോക്യുമെന്റുകൾ നൽകി ജോലി നൽകാതെ ചതിച്ചെന്നാണ് അംബിക പറയുന്നത്.പണം തട്ടിപ്പ്, വിശ്വാസ വഞ്ചന തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

മകന് ജോലി ലഭിക്കുന്നതിനുവേണ്ടി റിട്ടയർമെന്റ് ആനുകൂല്യങ്ങളും വീട് പണയം വച്ചുമാണ് അംബിക പണം കണ്ടെത്തിയത്. ഷൈജിൻ ബ്രിട്ടോയുടെ അമ്മയുടെ സഹോദരിയാണ് അംബിക. കേസിലെ രണ്ടാം പ്രതി ഷൈജിൻ ബ്രിട്ടോയുടെ ഭാര്യ രാജി തോമസ് ഒളിവിലാണ്. മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയിരിക്കുകയാണ്. ബ്രിട്ടോയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. 5 മാസം മുൻപ് രജിസ്റ്റർ ചെയ്ത കേസിൽ തെളിവ് ശേഖരണത്തിനും മറ്റുമായി ഇയാളെ രഹസ്യമായി പിന്തുടർന്നു വരികയായിരുന്നു മുതിർന്ന സെക്രട്ടേറിയറ്റ് ജീവനക്കാരുടെ പേരിൽ വ്യാജ സീലും നിയമന ഉത്തരവും ഉണ്ടാക്കിയാണ് കബളിപ്പിക്കൽ നടത്തിയിരിക്കുന്നത്.

ആശ്രിത നിയമനം വഴി സെക്രട്ടേറിയറ്റിൽ എഡ്യൂക്കേഷൻ വകുപ്പിൽ ജോലിയിൽ കയറിയ ഇയാൾ അവിടെ സ്ത്രീകൾക്ക് ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ചിരുന്നു. ഇയാളുടെ ആദ്യ ഭാര്യുടെ അമ്മയും തന്നെ കബളിപ്പിച്ച് രണ്ടര ലക്ഷം കൈക്കലാക്കിയെന്ന പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട്.