കൊല്ലം. ചടയമംഗലത്ത് മന്ത്രവാദത്തിന്റെ പേരിൽ യുവതിയെ നഗ്‌നപൂജയ്ക്കു വിധേയമാക്കാൻ ശ്രമിച്ച സംഭവത്തിൽ ആരോപണ വിധേയനായ മന്ത്രവാദി കുരിയോട് നെട്ടത്തേറ സ്വദേശി അബ്ദുൽ ജബ്ബാർ (43) അടക്കം നാല് പ്രതികൾ ഒളിവിൽ പോയി. കുളത്തൂപ്പുഴ വഴി തെങ്കാശിയിൽ എത്തി തൂത്തുക്കുടിയിലേക്ക് കടന്നിരിക്കാമെന്ന സംശയമാണ് അന്വേഷണ സംഘത്തിനുള്ളത്. അതേ സമയം അബ്ദുൽ ജബ്ബാറിനും സഹായി സിദ്ദിഖിനുമെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സിദ്ദിഖിന്റെ ഭാര്യ രംഗത്തെത്തി. പൊലീസിൽ നൽകിയ പരാതിയിലാണ് ഇരുവരും മന്ത്രവാദത്തിന്റെ മറവിൽ നടത്തിയ ലൈംഗിക ചൂഷണം അടക്കം വെളിപ്പെടുത്തുന്നത്.

ജബ്ബാറിന്റെ സഹായി സിദ്ദീഖിനെതിരെ പിണങ്ങിക്കഴിയുന്ന ഭാര്യയും മാതാവും ഇന്നലെയാണ് പൊലീസിൽ പരാതി നൽകിയത്. സിദ്ദീഖും മന്ത്രവാദിയും ചേർന്ന് ഏറെ പെൺകുട്ടികളെ ഇത്തരത്തിൽ ചൂഷണം ചെയ്തിട്ടുണ്ടെന്നാണ് ഇവരും പൊലീസിനു നൽകിയ മൊഴി. മന്ത്രവാദം നടക്കുന്നതായും ലഹരി മാഫിയാസംഘങ്ങൾ വന്നുപോകുന്നതായി ചടയമംഗലം പൊലീസിൽ നേരത്തേ പരാതി ലഭിച്ചിരുന്നു. എന്നാൽ അന്ന് കേസ് എടുത്തിരുന്നില്ല.

അതേ സമയം നഗ്നപൂജയ്ക്ക് വിധേയമാക്കാൻ ശ്രമിച്ചെന്ന യുവതിയുടെ പരാതിയിൽ പ്രതികളുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് സൈബർ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരാതിക്കാരിയായ യുവതിയുടെ ഭർതൃമാതാവ് കുരിയോട് നെട്ടേത്തറ ശ്രുതി ഭവനിൽ ലൈഷ (60) കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇവരെ റിമാന്റു ചെയ്തു. യുവതിയുടെ ഭർത്താവ് ഷാലു സത്യബാബു, സഹോദരി ശ്രുതി, കുരിയോട് സ്വദേശി സിദ്ദിഖ് എന്നിവരാണു മറ്റു പ്രതികൾ. മന്ത്രവാദിയുടെ വീട് അടഞ്ഞുകിടക്കുകയാണ്. രണ്ടു ദിവസം മുൻപാണു പൊലീസ് കേസ് എടുത്തത്. പൂജയ്ക്കായി ക്രമീകരിച്ചിരുന്ന സാധനങ്ങളുമായാണു മന്ത്രവാദി മുങ്ങിയതെന്നു പൊലീസ് പറയുന്നു. ജബ്ബാറിനെതിരെ കൂടുതൽ പരാതികൾ പൊലീസിനു ലഭിച്ചു.

കന്യകാപൂജയ്ക്ക് നിർബന്ധിച്ചു

2019 ഏപ്രിൽ 25നാണ് ഓയൂർ വട്ടപ്പാറ സ്വദേശിനിയെ ജബ്ബാറിന്റെ പ്രധാന സഹായിയായ സിദ്ദിഖ് വിവാഹം ചെയ്തത്. എന്നാൽ രജിസ്റ്റർ ചെയ്യാൻ ഇയാൾ തയ്യാറായില്ല. മകൾക്ക് പ്രേതബാതയുണ്ടെന്ന് പറഞ്ഞ് വിവാഹദിവസം തന്നെ സിദ്ദിഖ് ഫോൺ ചെയ്തതായി യുവതിയുടെ മാതാവ് പറഞ്ഞു. രാത്രി ലഹരി വസ്തുക്കൾ നൽകി മയക്കുന്നതും പതിവാണ്. ബാധ മാറാനും വീട്ടിൽ സമ്പത്ത് വരാനും 40 ദിവസം യുവതിയുടെ അമ്മയെയും പൂജയ്ക്ക് നിർബന്ധിച്ചു.

ഒരു ദിവസം രാത്രി സഹോദരിമാരെ അടക്കം പൂജയ്ക്ക് കൊണ്ടുപോകാൻ ഒരു സംഘം വാഹനത്തിലെത്തി. അന്ന് 13 വയസ് പ്രായമുണ്ടായിരുന്ന ഇളയ കുട്ടിയെ കന്യകാപൂജ നടത്തണമെന്ന് ആവശ്യപ്പെട്ട് മുറിയിലിട്ട് പൂട്ടാൻ ശ്രമിച്ചു. വീട്ടിലുണ്ടായിരുന്ന നാലുപേരും ഒരു മുറിയിൽ കയറി വാതിൽ അടച്ചാണ് രക്ഷപ്പെട്ടത്.

വിവാഹം ശേഷം ആറു മാസം മാത്രമാണ് മകൾ സിദ്ദിഖിനോടൊപ്പം താമസിച്ചത്. വിവാഹമോചനത്തിനായി കോടതിയിൽ കേസുണ്ട്. വിവാഹം കഴിഞ്ഞ് 10 ദിവസത്തിന് ശേഷം 30 പവൻ സിദ്ദിഖ് കടയ്ക്കലുള്ള ജുവലറിയിൽ വിൽപ്പന നടത്തി. 5 ലക്ഷം രൂപയും തട്ടിയെടുത്തു. സംഘത്തിന് മയക്കു മരുന്ന് മാഫിയയുമായി ബന്ധമുണ്ട്.

ഒരു വർഷം മുമ്പ് സംഘത്തിനെതിരെ റൂറൽ എസ്‌പി ഓഫീസിലെ വനിതാ സെല്ലിലും ചടയമംഗലം പൊലീസിലും പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. അബ്ദുൽ ജബ്ബാറിനെതിരെ മറ്റൊരു ബന്ധുവും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

ടാപ്പിങ് തൊഴിലാളിയായിരുന്ന ജബ്ബാർ ആണ് മന്ത്രവാദിയായി മാറിയത്. കുരിയോട് നെട്ടേത്തറയിൽ സ്വന്തമായി വസ്തു വാങ്ങി വീട് വച്ചു താമസിക്കുകയായിരുന്നു. ടാപ്പിംഗിന് പുറമെ ചില കൂലിപ്പണികളൊക്കെ ചെയ്തു വരികയായിരുന്നു .ഇതിനിടയിലാണ് ഇയ്യാൾ ചില മന്ത്രവാദ ടീമുകളുമായി ചങ്ങാത്തത്തിലാവുന്നത്്്. അവർക്കൊപ്പം പോയി ചെപ്പടിവിദ്യകൾ അഭ്യസിച്ചതായും വിവരമുണ്ട്.

ഇയാൾക്കു ലഹരി മാഫിയാസംഘവുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയർന്നതോടെ ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം. 2016 ഡിസംബർ ഒമ്പതിനാണ് ചടയമംഗലം സ്വദേശിയായ ഷാലുവുമായി ആദ്യം പരാതി നല്കിയ യുവതിയുടെ വിവാഹം നടന്നത്.

ഭർതൃവീട്ടിലെത്തിയപ്പോൾ വീടിനുമുകളിൽ മന്ത്രവാദിയും സഹായിയും താമസിക്കുന്നതായി ശ്രദ്ധയിൽപെട്ടു. പിന്നീടൊരിക്കൽ മന്ത്രവാദി ഭർതൃസഹോദരിയുടെ മുറിയിൽനിന്ന് ഇറങ്ങിപ്പോകുന്നത് കണ്ടു. ചോദിച്ചപ്പോൾ ഇരുവരും വിവാഹം ചെയ്തതായി ഭർത്താവ് പറഞ്ഞു. സഹോദരിക്ക് 'ജാതകദോഷ'മായതിനാൽ അന്യമതസ്ഥനെ വിവാഹം കഴിപ്പിച്ചെന്നായിരുന്നു വിശദീകരണം.

പിന്നീടാണ് യുവതിക്ക് 'ശത്രുദോഷം' ഉണ്ടെന്നും മന്ത്രവാദത്തിലൂടെ മാറ്റാമെന്നും ഭർത്താവ് പറഞ്ഞത്. തുടർന്ന് മന്ത്രവാദവും മാനസിക, ശാരീരിക പീഡനവും ആരംഭിച്ചു. മന്ത്രവാദിയുടെ നേതൃത്വത്തിൽ ബീമാപ്പള്ളി, നാഗൂർ, ഏർവാടി, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലും പിന്നീട് തമിഴ്‌നാട്ടിലെ തേനിയിലേക്കും ഇവരെ കൊണ്ടുപോയി. ഇതിനിടെയാണ് നഗ്നപൂജ നടത്തണമെന്ന് ആവശ്യപ്പെട്ടത്.

ഈ സമയം ഒപ്പമുണ്ടായിരുന്ന മറ്റൊരു പെൺകുട്ടിയുടെ അച്ഛൻ നാട്ടിലേക്കു പോകണമെന്നു പറഞ്ഞ് ബഹളമുണ്ടാക്കി. ഈ തക്കത്തിലാണ് ഇവർ രക്ഷപ്പെട്ടത്. വിവാഹശേഷം രണ്ടു മാസം മാത്രം ഭർതൃഗൃഹത്തിൽ കഴിഞ്ഞ യുവതി ആറ്റിങ്ങലിലെ സ്വന്തം വീട്ടിലേക്കു മടങ്ങി. അവിടെയെത്തി അബ്ദുൽ ജബ്ബാറും സംഘവും സഹോദരനെ ആക്രമിച്ചു. ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകിയിട്ടും സഹോദരനെ പ്രതിയാക്കി കേസെടുത്തെന്നും യുവതി ആരോപിച്ചു. ഇവർക്ക് അഞ്ചുവയസ്സുള്ള മകളുണ്ട്.

ഒമ്പതുമാസം മുമ്പ് വിവാഹമോചനത്തിനു കോടതിയെ സമീപിച്ചു. ഒരാഴ്ച മുമ്പ് ഭർത്താവ് ഫേസ്‌ബുക് വഴി അപകീർത്തിപ്പെടുത്തി. തുടർന്നാണ് ചടയമംഗലം പൊലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ഉണ്ടായത്.. കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ ഉൾപ്പെടെ യുവജന സംഘടന പ്രക്ഷോഭം ആരംഭിച്ചിരുന്നു.

യുവതിയുടേത് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ.

വിവാഹം കഴിഞ്ഞു രണ്ടുമാസം മാത്രമാണ് ഭർത്താവിനൊപ്പം കഴിഞ്ഞതെങ്കിലും 20വർഷത്തെ ദുരനുഭവം നേരിട്ടെന്ന് യുവതി. ഭർത്താവിന്റെ രണ്ടുനില വീട്ടിൽ പല ദുരൂഹതയമുണ്ട്. 'ബാധ ഒഴിപ്പിക്കലി'ന്റെ ഭാഗമായി പലതവണ കൊല്ലാൻ ശ്രമിച്ചു. ബാധ ഒഴിപ്പിക്കാനെന്ന പേരിൽ നിരവധി പെൺകുട്ടികളെ വീട്ടിൽ കൊണ്ടുവന്നിരുന്നു. ഇവരെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്നത് നേരിൽ കാണേണ്ടിവന്നു.

നഗ്നപൂജയ്ക്ക് തയ്യാറാകാത്തതിന്റെ പേരിൽ ഭർത്താവിന്റെ അമ്മയും സഹോദരിയും മർദിച്ചു. മൂക്കിൽനിന്ന് രക്തം വാർന്നിട്ടും ആശുപത്രിയിൽ കൊണ്ടുപോയില്ല. 15 ദിവസം പൂട്ടിയിട്ടു. അവർ തരുന്ന ഭക്ഷണം കഴിച്ചാൽ ഉടൻ മയക്കം വരും. ഫോൺ ഉപയോഗിക്കാൻ അനുവദിച്ചിരുന്നില്ല.

തേനിയിൽ ബാധ ഒഴിപ്പിക്കലിനു കൊണ്ടുപോകുന്ന പെൺകുട്ടികളെ ഉപയോഗിച്ച് കഞ്ചാവ് കൊണ്ടുവരും. സ്ത്രീധനമായി നൽകിയ കാറിൽ കഞ്ചാവ് വിൽപ്പന നടത്തിയെന്നും യുവതി പറയുന്നു.

നാട്ടുകാർ ഞെട്ടലിൽ, അറിഞ്ഞത് പൊലീസ് എത്തിയപ്പോൾ

നെട്ടേത്തറയിലെ വീട്ടിൽ മന്ത്രവാദം നടന്നിരുന്നുവെന്ന വാർത്ത അറിഞ്ഞതോടെ നാട്ടുകാരും ഞെട്ടലിൽ. 12 വർഷം മുമ്പാണ് കുടുംബം ഇവിടെ പഴയവീടും വസ്തുവും വാങ്ങുന്നത്. പുതിയ ഇരുനിലവീട് പണിത കുടുംബം നാട്ടുകാരുമായി നല്ല സഹകരണത്തിലായിരുന്നു. പിന്നീട് പലസ്ഥലത്തായി വസ്തുവാങ്ങി. അട്ടിയിൽ റബർതോട്ടവും സമീപത്ത് സിമന്റ് കട്ട യൂണിറ്റും ഇളയ മകന് മെഡിക്കൽ ഷോപ്പും ഇട്ടുകൊടുത്തു.

രാവിലെ ഡിവൈഎഫ്ഐ മാർച്ചും വീടിനു സമീപം തമ്പടിച്ച വൻ പൊലീസ് സന്നാഹവും കണ്ടാണ് നാട്ടുകാർ സംഭവം അറിയുന്നത്. കുറച്ച് വർഷമായി വീട്ടുകാർ ആരോടും സഹകരിച്ചിരുന്നില്ലെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. പിന്നീട് വീടിനു മുന്നിൽ കടയും ഫ്ലാറ്റും നിർമ്മിച്ച് വാടകയ്ക്കു നൽകി.

ഇവിടെ വരുന്നവർ കടയുടെ നിർമ്മാണത്തിനെത്തിയ തൊഴിലാളികൾ ആണെന്നാണ് നാട്ടുകാർ കരുതിയത്. ഇവിടെ നിരന്തരമായി എത്തുന്നവർ സമീപത്തെ കടകളിൽ എത്തി സാധനങ്ങൾ വാങ്ങിയിരുന്നില്ല. നാട്ടുകാരുമായി സഹകരണം ഇല്ലാത്തതിനാൽ ഇവിടെ നടക്കുന്നതൊന്നും മറ്റുള്ളവർ അറിഞ്ഞിരുന്നില്ല.