കൽപ്പറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർഥിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നു. മൂന്ന് മണിക്കൂറോളം സമയം വിചാരണ ചെയ്തുണ്ടായ മർദ്ദനത്തെ തുടർന്നാണ ്‌സിദ്ധാർഥ് ആത്മഹത്യ ചെയ്തത് എന്നാണ് പുറത്തുവരുന്ന വിവരം. ഈ അക്രമി സംഘത്തിൽ ഉണ്ടായിരുന്നവരാകട്ടെ ഉത്തരവാദിത്തപ്പെട്ട വിദ്യാർത്ഥി സംഘടനയുടെ നേതാക്കളും. സിദ്ധാർഥിനെ മൂന്ന് മണിക്കൂറോളം മർദ്ദിച്ചെന്ന വിവരം മൂടിവെക്കാനും ക്രിമിനൽ സംഘം ശ്രമം നടത്തി.

സംഭവം പുറത്തുപറയരുതെന്ന് സഹവിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തിയിരുന്നു. പുറത്തുപറഞ്ഞാൽ തലയുണ്ടാകില്ലെന്ന് ഭീഷണിപ്പെടുത്തി. സിദ്ധാർഥിന്റെ മരണത്തെ തുടർന്ന് അന്വേഷണം ഊർജ്ജിതമാകുകയും എട്ടു പേരെ പിടുകൂടുകയും ചെയ്തതോടെയാണ് ഈ സംഭവങ്ങൾ പുറത്തുവരുന്നത്. അതേസമയം മരണവുമായി ബന്ധപ്പെട്ട് ആറുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിൽ ഒരാൾ എസ്എഫ്‌ഐ യൂനിറ്റ് ഭാരവാഹിയാണെന്ന് പൊലീസ് വ്യക്തമാക്കി. അറസ്റ്റിലായ ഇടുക്കി സ്വദേശി എസ് അഭിഷേക് എസ്എഫ്‌ഐ യൂനിറ്റ് സെക്രട്ടറിയാണ്. കേസിൽ ഒളിവിലുള്ള കെ അരുൺ എസ്എഫ്‌ഐ യൂനിറ്റ് പ്രസിഡന്റാണ്. കേസിൽ പ്രതിയായ അരുണിനെ ഇനിയും അറസ്റ്റു ചെയ്യാൻ സാധിച്ചിട്ടില്ല.

അറസ്റ്റിലായ തിരുവനന്തപുരം സ്വദേശി രഹൻ ബിനോയ് ആണ് സിദ്ധാർത്ഥിനെ വിളിച്ചുവരുത്തിതയെന്നും അന്വേഷണത്തിൽ വ്യക്തമായി. രഹൻ സിദ്ധാർത്ഥിന്റെ സഹപാഠിയാണ്. രഹനെകൊണ്ടാണ് നേതാക്കൾ സിദ്ധാർഥിനെ വിളിച്ചുവരുത്തിയത്. രഹന്റെ വാക്ക് വിശ്വസിച്ചാണ് സിദ്ധാർത്ഥ് ക്യാമ്പസിലേക്ക് വന്നത്. 16ന് വൈകിട്ടാണ് സിദ്ധാർത്ഥ് ഹോസ്റ്റലിലെത്തിയത്. അന്ന് തന്നെ പ്രതികൽ സിദ്ധാർത്ഥനെ ക്രൂരമായി മർദിച്ചു. മൂന്നു മണിക്കൂറിലധികം തുടർച്ചയായി ക്രൂരമായി മർദിച്ചുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ഇന്നലെ രാവിലെ മൊഴിയെടുക്കാൻ വിളിപ്പിച്ച 8 പേരിൽ 6 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വിശദമായ ചോദ്യം ചെയ്യലിൽ പങ്കുണ്ടെന്ന് വ്യക്തമായതോടെയാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതികളുടെ വിവരങ്ങളും പൊലീസ് പുറത്തുവിട്ടു. ആൾക്കൂട്ട വിചാരണയിലടക്കം പങ്കെടുത്തിരുന്നവരാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്ന ആറുപേരുമെന്ന് പൊലീസ് പറഞ്ഞു. ഈ ആറുപേരും സിദ്ധാർഥിനെ മർദിച്ചതായും കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ ആറ് പ്രതികൾക്ക് എതിരെയും ആത്മഹത്യ പ്രേരണ, റാഗിങ് നിരോധന നിയമം എന്നി കുറ്റങ്ങൾ ചുമത്തിയതായും പൊലീസ് പറഞ്ഞു.

സുൽത്താൻ ബത്തേരി സ്വദേശി ബിൽഗേറ്റ് ജോഷ്വാ, ഇടുക്കി സ്വദേശി അഭിഷേക് എസ്, കൊഞ്ചിറവിള സ്വദേശി ആകാശ് എസ് ഡി, തൊടുപുഴ സ്വദേശി ഡോൺസ് ഡായി, തിരുവനന്തപുരം സ്വദേശി രഹൻ ബിനോയ്, തിരുവനന്തപുരം സ്വദേശിയായ ശ്രീഹരി ആർഡി എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കൂടാതെ കൂടുതൽ പേർക്ക് കേസുമായി ബന്ധമുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇതുവരെയുള്ള അന്വേഷണത്തിൽ നിർണായക വിവരങ്ങൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതിപ്പട്ടിക നീളുമെന്ന് പൊലീസ് വ്യക്തമാക്കുന്നത്. കോളേജിനകത്തുവച്ച് സിദ്ധാർത്ഥിനെ മർദ്ദിച്ച സംഭവത്തിൽ 18 പ്രതികൾ ഉണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

ഇതിൽ 6 പേരുടെ അറസ്റ്റാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. എസ് എഫ് ഐ നേതാക്കളടക്കം 12 പേർ ഇപ്പോഴും ഒളിവിലാണെന്നും പൊലീസ് വ്യക്തമാക്കി. ഇവരെ ഉടൻ തന്നെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. കൽപ്പറ്റ ഡി വൈ എസ് പി ടി എൻ സജീവനാണ് കേസ് അന്വേഷിക്കുന്നത്.

അതേസമയം സിദ്ധാർഥ് ക്രൂര മർദനത്തിന് ഇരയായെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്. ശരീരത്തിൽ മൂന്നുനാൾ വരെ പഴക്കമുള്ള പരിക്കുകൾ ഉണ്ടെന്നും പോസ്റ്റുമോർട്ടത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. സിദ്ധാർത്ഥിന്റെ ശരീരത്തിലാകെ മർദനമേറ്റ പാടുകളുണ്ട്. മരണത്തിന്റെ രണ്ടോ, മൂന്നോ ദിവസം മുമ്പുണ്ടായ പരിക്കുകളാണിതെന്ന് വ്യക്തമായിട്ടുണ്ട്. തലയ്ക്കും താടിയെല്ലിനും മുതുകിനും ക്ഷതേമറ്റിട്ടുണ്ട്. കനമുള്ള എന്തെങ്കിലും കൊണ്ടാകാം മർദനമെന്നാണ് നിഗമനം. എന്നാൽ, തൂങ്ങി മരണമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരണമുണ്ട്. കഴിഞ്ഞ പതിനെട്ടിന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സിദ്ധാർത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.