ന്യൂഡൽഹി: 28 കാരിയായ മോഡൽ താന്യ സിങ്ങിന്റെ ആത്മഹത്യയ്ക്ക് പിന്നിലെ കാരണങ്ങളിൽ ദുരൂഹത തുടരുന്നു. ഐപിഎൽ ക്രിക്കറ്റ് താരം അഭിഷേക് വർമ്മയുമായി കേസിനുള്ള ബന്ധമാണ് അപ്രതീക്ഷിത വഴിത്തിരിവ്. താന്യ തന്റെ സൂററ്റിലെ വസതിയിൽ തൂങ്ങി മരിച്ച് രണ്ടുദിവസം പിന്നിട്ടിട്ടും കേസിലെ ദുരൂഹത നീക്കാൻ പൊലീസ് പണിപ്പെടുകയാണ്.

സൺറൈസേഴ്‌സ് ഹൈദരബാദിന്റെ ഓൾറൗണ്ടർ അഭിഷേക് ശർമയും താന്യ സിങ്ങും തമ്മിൽ സൗഹൃദം നിലനിന്നിരുന്നതായി പൊലീസ് അസിസ്റ്റന്റ് കമ്മീഷണർ വി ആർ മൽഹോത്ര പറഞ്ഞു. താന്യ അഭിഷേകിന് വാട്‌സാപ്പിൽ അയച്ച സന്ദേശം പൊലീസ് കണ്ടെടുത്തു. ഈ സന്ദേശത്തിന് മറുപടി അയച്ചിരുന്നില്ല.

പൊലീസ് ഇതുവരെ അഭിഷേക് വർമയുമായി ബന്ധപ്പെട്ടിട്ടില്ല. എന്നാൽ, കൂടുതൽ വിശദീകരണത്തിനായി നോട്ടീസ് അയയ്ക്കും. ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്റെ സ്വഭാവം, മറുപടി അയയ്ക്കാതിരുന്ന സന്ദേശത്തിന്റെ സാഹചര്യം എന്നിവ ചോദിച്ചറിയും. താന്യയുടെ ഫോൺ നമ്പർ അഭിഷേക് ബ്ലോക്ക് ചെയ്തിരുന്നതായും, അവരുടെ സന്ദേശങ്ങൾക്ക് പ്രതികരിച്ചിരുന്നില്ലെന്നും ഇന്ത്യൻ എക്സ്‌പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

താന്യയുടെ മൃതദേഹം തിങ്കളാഴ്ച രാവിലെ പിതാവ് ഭൻവർ സിങ്ങാണ് ആദ്യം കണ്ടത്. മോഡലും ഫാഷൻ ഡിസൈനറുമായിരുന്ന താന്യയ്ക്ക് സോഷ്യൽ മീഡിയയിൽ ധാരാളം ഫോളോവേഴ്‌സുണ്ടായിരുന്നു. മാതാപിതാക്കൾക്കൊപ്പമായിരുന്നു താമസം. ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടില്ല. താന്യയുടെ ഫോണിന്റെ കോൾ ഡീറ്റെയിൽ റെക്കോഡ്, ഐപി ഡീറ്റെയിൽ റെക്കോഡ്, എന്നിവ പൊലീസ് പരിശോധിച്ചുവരികയാണ്. താന്യയും, അഭിഷേക് ശർമയും ഒന്നിച്ചുള്ള നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.