കൊല്ലം: ചവറ തേവലക്കരയിൽ പഞ്ചവാദ്യത്തിന് ശബ്ദം പോരെന്നാരോപിച്ച് ക്ഷേത്ര ജീവനക്കാരനെ മർദ്ദിച്ചു. തേവലക്കര മേജർ ദേവി ക്ഷേത്ര ജീവനക്കാരനായ വേണുഗോപാലിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ഇദ്ദേഹത്തിന് തലയ്ക്കും മുതുകിനും പരിക്കേറ്റിട്ടുണ്ട്. തോർത്തിൽ കല്ലു കെട്ടിയായിരുന്നു മർദനം.

ക്ഷേത്ര ഉപദേശക സമിതിയുടെ മുൻ സെക്രട്ടറിയാണ് വേണുഗോപാലിനെ മർദ്ദിച്ചതെന്നാണ് ആരോപണം. സംഭവത്തിന് പിന്നാലെ പ്രതി ഒളിവിലാണ്. തേവലക്കര ദേവീക്ഷേത്രത്തിലെ താൽക്കാലിക പഞ്ചവാദ്യ ജീവനക്കാരനാണ് വേണുഗോപാൽ. ക്ഷേത്രത്തിൽ ശീവേലി ചടങ്ങിന് എത്തിയ പ്രതി പഞ്ചവാദ്യത്തിന് ശബ്ദം കുറഞ്ഞെന്ന് ആരോപിച്ച് മർദ്ദിക്കുകയായിരുന്നുവെന്നാണ് വേണുഗോപാലിന്റെ പരാതി.

ഉച്ചത്തിൽ കൊട്ടണം, താൻ കെട്ടുന്നത് മുതുകാള പശുവിനെ മെനക്കെടുത്തുന്നത് പോലെയാണ്, ശബ്ദമില്ല, ഇനി മേലിൽ ഇവിടെ ജോലി ചെയ്യരുത്, ഇറങ്ങി പൊക്കോണം എന്ന് പറഞ്ഞായിരുന്നു പ്രതിയുടെ ആക്രമണം. മർദ്ദനം നടക്കുന്ന വേളയിൽ പ്രതിമദ്യലഹരിയിൽ ആയിരുന്നു എന്നും ആരോപണം ഉയരുന്നുണ്ട്.

മറ്റ് ക്ഷേത്ര ജീവനക്കാർ എത്തിയാണ് വേണുഗോപാലിനെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടുത്തിയത്. പ്രതിയെ അറസ്റ്റ് ചെയ്യാത്തതിന് പിന്നിൽ ഒത്തുകളിയുണ്ടെന്നാണ് വിമർശനം. പൊലീസ് സംഭവത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്.