കൊല്ലം: ശക്തികുളങ്ങരയ്ക്ക് സമീപം വള്ളിക്കീഴ് ഭഗവതി ക്ഷേത്രത്തിലെ സ്വർണാഭരണങ്ങൾ മോഷ്ടിച്ചു വിൽക്കുകയും പണയം വയ്ക്കുകയും ചെയ്ത കേസിൽ അറസ്റ്റിലായശാന്തിക്കാരനെ റിമാന്റ് ചെയ്തു. തൃക്കടവൂർ വൈഷ്ണവത്തിൽ ഗോപകുമാറാണ് (44) ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്.

2021 ജൂൺ മുതൽ പല ദിവസങ്ങളിലായാണ് കവർച്ച നടത്തിയത്. അമ്പലത്തിൽ ഒരു വിശ്വാസി പൂജിക്കാൻ നൽകിയ ആഭരണങ്ങൾ കാണാതായതോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്. ദേവിക്ക് മുന്നിൽ വെച്ച് പൂജിക്കാൻ നൽകിയ ആഭരണങ്ങൾ അടുത്ത ദിവസം എത്തിയ ഭക്തന് കിട്ടാതെ വന്നതോടെ അമ്പലത്തിൽ പ്രശ്‌നങ്ങളായി. പിന്നീട് നടന്ന അന്വേഷണത്തിൽ നിത്യ പൂജ നടത്തുന്നതിനായി ഏൽപിച്ച സ്വർണാഭരണങ്ങൾ ചാർത്താതെ വിൽക്കുകയും പണയം വയ്ക്കുകയുമായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

ദേവീവിഗ്രഹത്തിൽ താലി ചാർത്തി കാണാത്തതു ശ്രദ്ധയിൽപെട്ട ഉപദേശക സമിതി സെക്രട്ടറിക്ക് സംശയം തോന്നി തിരുവിതാംകൂർ ദേവസ്വം ബോർഡ് സബ് ഗ്രൂപ്പ് ഓഫിസറെ വിവരം അറിയിക്കുകയായിരുന്നു. ഗ്രൂപ്പ് ഓഫിസർ എത്തി നടത്തിയ പരിശോധനയിലാണ് ആഭരണങ്ങൾ നഷ്ടമായത് മനസ്സിലാകുന്നത്.ആഭരണങ്ങൾ വിൽക്കുകയും പണയപ്പെടുത്തുകയും ചെയ്തതായി കണ്ടെത്തി. അമ്പല കമ്മിറ്റിയുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ കള്ളൻ കപ്പലിൽ തന്നെയെന്ന് കണ്ടെത്തുകയായിരുന്നു.

ക്ഷേത്രത്തിൽ നിന്നും കൈക്കലാക്കിയ സ്വർണാഭരണങ്ങൾ വിറ്റും പണയം വെച്ചും കടങ്ങൾ തീർത്തതായി പ്രതി പൊലീസിനോടു സമ്മതിച്ചു. അടുത്ത കാലത്ത് പണിത വീട് വൻ സാമ്പത്തിക ബാധ്യത ഉണ്ടാക്കിയെന്നും കടം വീട്ടാൻ മറ്റുവഴികളില്ലാതെ വന്നപ്പോഴാണ് മോഷ്ടിച്ചതെന്നും പ്രതി പൊലീസിനോടു പറഞ്ഞു. രണ്ട് വർഷം മുൻപാണ് പ്രതി ശാന്തിക്കാരനായി ഈ അമ്പലത്തിൽ എത്തുന്നത്. തിരുവിതാംകൂർ ദേവസ്വത്തിലെ സ്ഥിരം ശാന്തിയാണ് പിടിയിലായ ഗോപകുമാർ.

ശക്തികുളങ്ങര പൊലീസ് ഇൻസ്‌പെക്ടർ ബിനു വർഗീസ്, എസ്‌ഐമാരായ ഷാജഹാൻ, വിനോദ്, പ്രദീപ്, ദിലീപ് എഎസ്ഐ രാജേഷ് എസ്.സി.പി.ഒ ശ്രീലാൽ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.