ഇടുക്കി: കാമാക്ഷിയിൽ തനിച്ച് താമസിക്കുന്ന വയോധികനെ ആക്രമിച്ച് സ്വർണ്ണമാല കവർന്ന സംഭവത്തിൽ 4 പേർ പിടിയിൽ. കട്ടപ്പന വെട്ടിക്കുഴക്കവല സ്വദേശി ചെറുവള്ളിയിൽ റിനു (24), നീലിവയൽ സ്വദേശി(കണ്ണൻ) പുത്തൻപുരക്കൽ വിപിൻ(37), ഇരട്ടയാർ സ്വദേശി കുറുമ്പനാടൻപറമ്പിൽ വിനീത് നെൽസൺ(24), ഇരട്ടയാർ ആനിക്കാട്ടുപറമ്പിൽ ബിജു (34)എന്നിവരാണ് അറസ്റ്റിലായത്.

ഇടുക്കി കാമാക്ഷി പഞ്ചായത്തിലെ മാളൂർ സിറ്റിയിൽ തനിച്ച് താമസിക്കുന്ന വേലംപറമ്പിൽ തങ്കച്ചനെയാണ് നാലംഗസംഘം തലക്കടിച്ച് വീഴ്‌ത്തി സ്വർണ്ണ മാല കവർന്നത്. ഇന്നലെ രാത്രി എട്ടുമണിയോടെ ആയിരുന്നു സംഭവം. ഇരുചക്ര വാഹനങ്ങളിൽ എത്തിയ നാലംഗസംഘം തങ്കച്ചനെ ആക്രമിച്ച് സ്വർണ്ണമാല കവരുകയായിരുന്നു.

കട്ടപ്പന സ്വരാജിന് സമീപം തങ്കച്ചൻ പണിക്കുപോയപ്പോൾ പ്രതികളിൽ ഒരാളായ കണ്ണനെ പരിചയപ്പെട്ടു. തുടർന്ന് കണ്ണൻ തങ്കച്ചനോട് മാല പണയം വയ്ക്കുന്നതിനായി ചോദിച്ചു. എന്നാൽ തങ്കച്ചൻ മാല കൊടുക്കാൻ തയ്യാറായില്ല. ഇതിലുള്ള വൈരാഗ്യമാണ് ഇത്തരത്തിൽ ഒരു ആക്രമണത്തിലേക്ക് എത്തിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

നാലംഗ സംഘത്തിൽ ഒരാൾ തങ്കച്ചന്റെ വീട്ടിലെത്തുകയും തങ്കച്ചനെ ബലമായി കീഴ്‌പ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. ഈ സമയം കൂട്ടത്തിലുണ്ടായിരുന്ന മറ്റൊരാൾ തങ്കച്ചന്റെ കഴുത്തിൽ ഉണ്ടായിരുന്ന മൂന്നര പവൻ തൂക്കം വരുന്ന മാല അപഹരിക്കുകയായിരുന്നു. കയ്യിൽ മുളകുപൊടിയും കമ്പിവടികളുൾപ്പെടെയുള്ള മരകായുധങ്ങളുമായാണ് പ്രതികൾ എത്തിയത്. മോഷണ ശ്രമത്തിനിടെ ഉണ്ടായ പിടിവലിയിൽ ആക്രമികൾ തങ്കച്ചന്റെ തല ഭിത്തിയിടിപ്പിച്ച് പരിക്കേൽപ്പിച്ചു.

നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടിരുന്നു. തുടർന്ന് നാട്ടുകാർ തങ്കമണി പൊലീസിൽ വിവരം അറിയിക്കുകയും തങ്കച്ചനെ തങ്കമണിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. തങ്കമണി സിഐയുടെ നേതൃത്വത്തിൽ 5 അംഗ അന്വേഷണസംഘം രൂപീകരിക്കുകയും അന്വേഷണത്തിൽ ഇരട്ടയാർ ഭാഗത്ത് അപരിചിതരായ ചിലരെ കണ്ടെത്തിയതായി വിവരം ലഭിക്കുകയും ചെയ്തു.

തുടർന്ന് പ്രതികൾ സഞ്ചരിച്ച ഇരുചക്ര വാഹനത്തെക്കുറിച്ച് നടത്തിയ അന്വേഷണത്തിൽ വാഹനത്തിന്റെ ഉടമ നെടുങ്കണ്ടം സ്വദേശിയാണെന്ന് കണ്ടെത്തി. ഇയാളെ ചോദ്യം ചെയ്തതോടെയാണ് പ്രതികളെ കുറിച്ചുള്ള സൂചന പൊലീസിൽ ലഭിച്ചത്. മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികൾ തമിഴ്‌നാട്ടിലേക്ക് കടന്നതായി കണ്ടെത്തി.

ഉടൻതന്നെ അന്വേഷണ സംഘം തമിഴ്‌നാട് കമ്പം മേഖലകളിൽ പരിശോധന നടത്തുകയും കമ്പം ബസ്റ്റാൻഡിൽ നിന്നും പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. ഇവരിൽ നിന്നും പൊലീസ് മാലയും കണ്ടെത്തി. ആക്രമണശേഷം പ്രതികൾ നാലു പേരും ഒരു ഇരുചക്ര വാഹനത്തിൽ കുമളിയിൽ എത്തുകയും കുമളിയിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് ബസ്സിൽ യാത്ര തിരിക്കുകയുമായിരുന്നു.

തങ്കമണി സി ഐ സന്തോഷ് കെ എമ്മിന്റെ നേതൃത്വത്തിൽ എസ്‌ഐ ബേബി ടി എം, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ബിബിൻ സെബാസ്റ്റ്യൻ, സുനിൽ മാത്യു, ജിതിൻ എബ്രഹാം എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി, റിമാന്റ് ചെയ്തു.