തൊടുപുഴ: മൈലക്കൊമ്പ് സെന്റ് തോമസ് ഫൊറോന പള്ളിയിൽ പ്രാർത്ഥനയ്ക്ക് എത്തിയ സ്ത്രീയുടെ ബാഗിൽ സൂക്ഷിച്ചിരുന്ന 1 പവൻ 2 ഗ്രാം തൂക്കമുള്ള സ്വർണ്ണ മാല മോഷ്ടിച്ച കേസിൽ കുപ്രസിദ്ധ മോഷ്ടാവ് പെരുമ്പാവൂർ തോമ്പ്ര അനിൽ(46)അറസ്റ്റിൽ. ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ ്വയനാട്ടിൽ നിന്നും എത്തിയ ഇയാളെ കുറുപ്പുംപടി പൊലീസിന്റെ സഹായത്തോടെ തൊടുപുഴ പൊലീസ് തന്ത്രപരമായി പിടികൂടുകയായിരുന്നു.

തൊടുപുഴ ഇൻസ്പെക്ടർ സുമേഷ് സുധാകരനും ഡിവൈഎസ്‌പി സ്‌ക്വാഡ് അംഗങ്ങളായ ഷംസുദ്ദീൻ, ഉണ്ണികൃഷ്ണൻ, ഹരീഷ് എന്നിവരും ചേർന്നാണ് അലിനെ കുടുക്കിയത്.സംഭവത്തിന് ശേഷം മുങ്ങിയ ഇയാളെ കണ്ടെത്താൻ പൊലീസ് കഴിഞ്ഞ ഒരുമാസത്തിലേറെയായി തിരച്ചിൽ നടത്തിവരികയായിരുന്നു.

ജൂൺ 25 നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ചോദ്യം ചെയ്യലിൽ ഇതെ ദിവസം താൻ കാളിയാർ ,ആരക്കുഴ,നെടിയശാല എന്നിവിടങ്ങളിലെ പള്ളികളിൽ മോഷണം നടത്തിയതായി ഇയാൾ പൊലീസിൽ സമ്മതിച്ചു.

13000 -ത്തിൽപ്പരം രൂപയും രണ്ട് സ്വർണ്ണ ലോക്കറ്റുകളും പള്ളികളിൽ നിന്നും അനിൽ തട്ടിയെടുത്തിരുന്നു. ഈർക്കിലിൽ ബബിൾക്കം ഒട്ടിച്ചാണ്് ഭണ്ഡാരങ്ങളിൽ നിന്നും ഇയാൾ പണവും സ്വർണ്ണവും കവർന്നിരുന്നത്. പള്ളികളിൽ ആളുകൾ കാര്യമായി ഇല്ലാത്ത ഉച്ചകഴിഞ്ഞുള്ള സമയത്താണ് ഇയാൾ കവർ നടത്തിയിരുന്നത്. ഇതുമൂലം പണം നഷ്ടപ്പെട്ട വിവരം പള്ളി അധികാരികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.

മൈലക്കൊമ്പ് പള്ളിയിൽ നിന്നും കവർന്ന സ്വർണ്ണമാല അനിൽ മൂവാറ്റുപുഴയിലെ ജ്വലറിയിൽ വിറ്റ് 47000 രൂപ കരസ്ഥമാക്കിയിരുന്നു. മൂവാറ്റുപുഴയിൽ നിന്നും ഓട്ടോ വിളിച്ചാണ് അനിൽ തൊടുപുഴയിലേയ്ക്ക് പുറപ്പെട്ടത്. ഈ ഓട്ടോറിക്ഷക്കാരന് ഓട്ടക്കൂലി നൽകാതെയാണ് മോഷണത്തിന് ശേഷം ഇയാൾ നാടുവിട്ടത്.