തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിൽ ഉദ്യോഗാർത്ഥികളെ ടൈറ്റാനിയത്തിൽ എത്തിച്ച ഇന്റർവ്യൂ നടത്തിയ ലീഗൽ ഡെപ്യൂട്ടി ജനറൽ മാനേജർ ശശികുമാരൻ തമ്പിക്ക് സസ്‌പെൻഷൻ. തിരുവനന്തപുരം കന്റോൺമെന്റ്, വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ ശശികുമാരൻ തമ്പി അഞ്ചാം പ്രതിയാണ്. കേസിലെ ഒന്നാം പ്രതിയും പ്രധാന ഇടനില കാര്യമായ ദിവ്യ നായരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ശശികുമാരൻ തമ്പി അടക്കമുള്ള കേസിലെ മറ്റു പ്രതികളെല്ലാം ഒളിവിലാണ്.

ടൈറ്റാനിയത്തിൽ ജോലി നൽകാമെന്ന പേരിൽ 14 ലക്ഷം രൂപ തട്ടിയെടുത്തു എന്ന ഉദ്യോഗാർത്ഥിയുടെ പരാതിയിലാണ് കഴിഞ്ഞ മാസം വെഞ്ഞാറമൂട് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. വാർത്ത പുറത്തുവന്നതോടെ കൂടുതൽ പേർ പരാതിയുമായി രംഗത്തെത്തി. ടൈറ്റാനിയം എജിഎം ശശികുമാരൻ തമ്പിക്ക് തട്ടിപ്പിലുള്ളത് നിർണ്ണായക പങ്കാണ്. രാഷ്ട്രീയ ഉന്നതന്റെ നിർദ്ദേശ പ്രകാരമാണ് ശശികുമാരൻ തമ്പി പ്രവർത്തിച്ചതെന്ന് സൂചനയുണ്ട്. തട്ടിപ്പിനിരയായവരുടെ പക്കൽ നിന്നും പണം വാങ്ങിയ ദിവ്യാ നായരെ തിരുവനന്തപുരം ജേക്കബ് ജംഗ്ഷനിലെ വീട്ടിലെത്തിയാണ് അറസ്റ്റ് ചെയ്തത്. അതിനിടെ രാഷ്ട്രീയക്കാരനായ വമ്പൻ സ്രാവ് കേസിൽ പ്രതിയാകേണ്ടതുണ്ട്. ഇയാളെ രക്ഷിക്കാനും നീക്കം സജീവമാണ്.

നിലവിലെ പ്രതികളിൽ അന്വേഷണം ഒതുക്കും. ഇതിന് പിന്നിലുള്ള ഇടത് നേതാവിലേക്ക് അന്വേഷണം എത്തില്ല. ടൈറ്റാനിയത്തിൽ ഒഴിവുണ്ടെന്ന വിവരം ഫേസ് ബുക്ക് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിച്ച് അപേക്ഷിക്കുന്നവരിൽ നിന്നും പണം കൈപ്പറ്റിയിരുന്നത് ദിവ്യയാണ്. ദിവ്യാ നായരുടെ ഭർത്താവും കേസിലെ മറ്റൊരു പ്രതിയുമായ രാജേഷ് മുങ്ങിയെന്നാണ് പൊലീസ് പറയുന്നത്. ഇയാൾ തിരുമല സ്വേദേശിയാണ്. ദിവ്യാജ്യോതി പണം വാങ്ങും, കേസിലെ മറ്റ് പ്രതികളായ പ്രേംകുമാറും ശ്യാം ലാലും ഈ ഉദ്യോഗാർത്ഥികളെ ടൈറ്റാനിയത്തിലെത്തിക്കും. ഉദ്യോഗാർത്ഥികളെ ഇന്റർവ്യൂ നടത്തുന്നത് ഡിജിഎം ശശികുമാരൻ തമ്പിയായിരുന്നു. ഇന്റർവ്യൂവിന് മുമ്പ് പകുതി പണവും ഇന്റർവ്യൂവിന് ശേഷം ബാക്കി പണവും വാങ്ങിയായിരുന്നു തട്ടിപ്പ്.

ടൈറ്റാനിയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ ഇന്റർവ്യു നടത്തിയതിനാൽ ഉദ്യോഗാർത്ഥികൾക്ക് സംശയം ഒട്ടു തോന്നിയിരുന്നില്ല. ശശികുമാരൻ തമ്പിക്കെതിരായ കൂടുതൽ തെളിവുകൾ പൊലീസ് ശേഖരിച്ചുവരികയാണ്. കഴിഞ്ഞ ഒക്ടോബർ ആറിന് കേസെടുത്തിട്ടും കന്റോൺമെന്റ് പൊലീസ് നടപടിയെടുക്കാതെ കേസ് പൂഴ്‌ത്തുകയായിരുന്നു. പിന്നീട് പരാതിയുമായി വന്ന അഞ്ചു പേരിൽ ആരുടേയും പരാതി സ്വീകരിച്ചുമില്ല. ആദ്യ പരാതിക്കാരി നൽകിയ ചെക്കും പ്രോമിസറി നോട്ട് അടക്കമുള്ള നിർണായക തെളിവുകൾ പൊലീസ് പൂഴ്‌ത്തിവെച്ചതായും ആരോപണമുണ്ട്. ഇതിന് പിന്നിൽ രാഷ്ട്രീയ ഇടെപടലുണ്ടായിരുന്നു. പ്രമുഖ ഇടതു നേതാവിന്റെ വിശ്വസ്തരാണ് ഈ കേസിലെ പല പ്രതികളും.

ഇതടക്കമുള്ള കന്റോൺമെന്റ് പൊലീസിന്റെ വീഴ്ചകൾ ചൂണ്ടിക്കാണിച്ച് പരാതിക്കാരി ഡിസിപിക്ക് പരാതി കൊടുത്തതോടെയാണ് കേസിന് ജീവൻ വെച്ചത്. ഡിസിപി ഈ കേസ് പ്രത്യേക ഉത്തരവിറക്കി പൂജപ്പുര പൊലീസിന് കൈമാറി. ഉദ്യോഗാർത്ഥികൾ പണം കൈമാറുന്നതിന്റെ വീഡിയോയും ചാറ്റും ഫോൺ സംഭാഷണങ്ങളും അടക്കം എല്ലാ തെളിവുകളുമായിട്ടാണ് പൊലീസിനെ സമീപിച്ചത്. എന്നിട്ടും കന്റോൺമെന്റ് പൊലീസ് നടപടി എടുക്കാതിരുന്നത് ഉന്നതങ്ങളിലെ നിർദ്ദേശത്തിന്റെ ഭാഗമായിട്ടാണെന്നാണ് സൂചന.

29 പേരിൽ നിന്ന് ഒരുകോടി 85 ലക്ഷം രൂപ തട്ടി എന്നത് ദിവ്യ നായരുടെ ഡയറിയിൽ നിന്ന് പൊലീസിന് കിട്ടിയ വിവരം.ശ്യാംലാലും ഒപ്പം പണം നേരിട്ട് വാങ്ങി. ദിവ്യ അറസ്റ്റിലായതോടെ തട്ടിപ്പിനിരയായ കൂടുതൽ ഉദ്യോഗാർത്ഥികൾ പരാതി നൽകാൻ മുന്നോട്ടു വരുന്നതായാണ് റിപ്പോർട്ട്. വിവിധ സ്റ്റേഷനുകളിലായാകും പരാതി ഫയൽ ചെയ്യുക. നിലവിൽ വെഞ്ഞാറമൂട്, കന്റോൺമെന്റ് പൊലീസ് സ്റ്റേഷനുകളിലാണ് എഫ്ഐആർ കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് പൂജപ്പുര പൊലീസ് അന്വേഷിക്കുന്നത്. വെഞ്ഞാറമ്മൂട് പൊലീസ് ദിവ്യയുടെ വീട്ടിലെത്തിയാണ് കസ്റ്റഡിയിൽ എടുത്തത്.

കെമിസ്റ്റ് തസ്തികയിൽ സ്ഥിരം ജോലി ഉറപ്പ് നൽകി 2020ൽ 14 ലക്ഷം രൂപ തട്ടിയെടുത്തെന്ന് ആരോപിച്ച് പിരപ്പൻകോട് സ്വദേശിനിയാണ് പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞമാസം 22ന് വെഞ്ഞാറമൂട് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം ഇഴഞ്ഞു നീങ്ങുകയായിരുന്നു. പിന്നീട് 10ലക്ഷം രൂപ തട്ടിയെന്ന കോട്ടയ്ക്കകം സ്വദേശിനിയുടെ പരാതിയിൽ കന്റോൺമെന്റ് പൊലീസ് കേസെടുത്ത വിവരം കഴിഞ്ഞദിവസം പുറത്തുവന്നതോടെയാണ് വെഞ്ഞാറമൂട് പൊലീസ് അന്വേഷണം വേഗത്തിലാക്കുകയായിരുന്നു.