തിരുവനന്തപുരം : ടൈറ്റാനിയത്തിലെ ജോലി തട്ടിപ്പ് കേസിൽ ഒന്നാം പ്രതിയായ ദിവ്യാ ജ്യോതി എന്ന ദിവ്യ നായരും ഭർത്താവ് രാജേഷും തട്ടിപ്പ് സംഘത്തിലെ അവസാന കണ്ണികളെന്ന് സംശയിക്കും വിധം കേസിൽ നിർണായക വഴിത്തിരിവ്. ഇരുവരുടെയും പങ്കില്ലാതെ കേസിലെ മറ്റു പ്രതികളായ ടൈറ്റാനിയത്തിലെ ഡി.ജി.എം ലീഗൽ ശശികുമാരൻ തമ്പി, ഇയാൾക്ക് ഒപ്പം പഠിച്ച ശ്യാംലാൽ, ഇയാളുടെ സുഹൃത്ത് പ്രേംകുമാർ എന്നവർ ചേർന്ന് തിരുവനന്തപുരം കാരോട് അയിര താമസിക്കുന്ന സ്ത്രീയുടെ മകന് ജോലി വാഗ്ദാനം ചെയ്ത് 14 ലക്ഷം രൂപ തട്ടിയെത്തു.

സംഭവത്തിൽ ഇക്കഴിഞ്ഞ നവംബറിൽ പൂജപ്പുര പൊലീസ് കേസെടുക്കുകയും ചെയ്തു. ഈ സംഭവത്തിൽ ദിവ്യയ്ക്കും രാജേഷിനും പകരം ഇടനില നിന്നതും പണം വാങ്ങിയതും ഈ സ്ത്രീക്കൊപ്പം ജോലിനോക്കുന്ന അമരവിളയിലെ സർക്കാർ സ്‌ക്കൂളിലെ അദ്ധ്യാപകനായ ഷംനാദാണ്. ഷംനാദ്,പ്രേംകുമാർ,ശ്യാംലാൽ എന്നിവർക്കെതിരെയാണ് വീട്ടുകാർ പരാതി നൽകിയത്. ഇതോടെയാണ് ദിവ്യയും രാജേഷും ഇടനിലക്കാർ മാത്രമാണെന്നും സമാനമായ രീതിയിൽ സമൂഹത്തിന്റെ പല തട്ടിലുള്ള ഇടനിലക്കാരായി വച്ച് പണം തട്ടിപ്പ് വ്യാപിപ്പിച്ചിരുന്നുവെന്ന് വ്യക്തമാകുന്നത്.

ഞായറാഴ്ച അറസ്റ്റിലായ ദിവ്യാ ജ്യോതി തനിക്ക് ടൈറ്റാനിയത്തിലെ ഡി.ജി.എം ലീഗൽ ശശികുമാരൻ തമ്പിയുമായി നേരിട്ട് ബന്ധമില്ലെന്ന് പൊലീസിന് മൊഴി നൽകിയിരുന്നു.ഭർത്താവ് രാജേഷ് കുമാറും അദ്ദേഹത്തിന്റെ ജേഷ്ഠൻ പ്രേംകുമാറിനുമാണ് അവരുമായി ബന്ധമെന്നും വെളിപ്പെടുത്തി. ഇക്കാര്യം മുഖവിലയ്ക്ക് എടുത്തിരുന്നില്ല. എന്നാൽ പിന്നാലെ വരുന്ന തെളിവുകൾ ദിവ്യ പറഞ്ഞത് ശരിവയ്ക്കുന്നതാണ്. ജോലിക്കായി താത്പര്യമുള്ള ഉദ്യോഗാർത്ഥികളെ കണ്ടെത്തി വിശ്വസിപ്പിച്ച് പണം വാങ്ങുകയാണ് ദിവ്യയുടെ ദൗത്യം. തന്റെ അക്കൗണ്ടിലൂടെയാണ് ദിവ്യ പണം വാങ്ങിയതും.

ഉദ്യോഗാർത്ഥികളുടെ പേരുവിവരവും പണവും ഭർത്താവ് രാജേഷിന് കൈമാറിയാൽ അത് സഹോദരൻ പ്രേംകുമാറിന് നൽകും. അവിടെ നിന്നാണ് പ്രേംകുമാറിന്റെ സുഹൃത്ത് ശ്യാംലാലിന്റെ അടുത്തേക്ക് എത്തുന്നത്. ശ്യാംലാലിന് ഒപ്പം പഠിച്ച ടൈറ്റാനിയത്തിലെ ഡി.ജി.എം ശശികുമാരൻ തമ്പിയിലേക്ക് എല്ലാം എത്തി നിൽക്കും. എന്നാൽ ഉദ്യോർത്ഥികളെ ആദ്യം ബന്ധപ്പെട്ടതും അവർ പണം നൽകിയതും ദിവ്യയുടെ അക്കൗണ്ടിലേക്കാണ്. ജോലി സംബന്ധിച്ച കാര്യങ്ങൾ ഓരോ ഘട്ടത്തിലും പറഞ്ഞു നൽകിയതും. ജോലിയും പണവും കിട്ടാതെ വന്നപ്പോൾ അതിന് സാവകാശം പറഞ്ഞതും ദിവ്യയായിരുന്നു.

അതിനിടെ ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിൽ കൂടുതൽ പരാതികൾ ലഭിച്ച സാഹചര്യത്തിൽ പൊലീസ് മൂന്നു കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. 27 ലക്ഷം തട്ടിയെടുത്തെന്ന തിരുവനന്തപുരം സ്വദേശികളായ മൂന്നു പേർ നൽകിയ പരാതിയിലാണ് നടപടി. ഒരാളിൽ നിന്ന് പത്തു ലക്ഷം മറ്റ് രണ്ടു പേരിൽ നിന്നായി ഏഴുലക്ഷം വീതവും തട്ടിയെന്ന പരാതിയിൽ കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്. അതേസമയം ജോലിക്കായി 10ലക്ഷം രൂപ വാങ്ങിയെന്ന കോട്ടയ്ക്കകം സ്വദേശിയുടെ പരാതി കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തുന്ന പൂജപ്പുര സിഐയുടെ നേതൃത്വത്തിലുള്ള സംഘം പരാതിക്കാരായ സ്ത്രീകൾ ഉൾപ്പെടെയുള്ളവരെടൈറ്റാനിയത്തിലെത്തിച്ച് തെളിവുകൾ ശേഖരിച്ചു.

ശശികുമാരൻ തമ്പിയുടെ ക്യാമ്പിനിൽ വച്ചാണ് ഇന്റവ്യൂ നടത്തിയതെന്നും. ജോലിയെകുറിച്ചും പ്രമോഷൻ സാദ്ധ്യതകളെ പറ്റിയും ഇവിടെ വച്ചാണ് അദ്ദേഹം വിശദീകരിച്ചതെന്നും പരാതിക്കാർ നേരത്തെ പൊലീസിന് മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നടപടി. ക്യാബിനിൽ നടത്തിയ പരിശോധനയിൽ ഉദ്യോഗാർത്ഥികളുടെ ബയോഡാറ്റകൾ ഉൾപ്പെടെ കണ്ടെത്തി. പരാതി നൽകിയവരുടെ സാന്നിദ്ധ്യത്തിൽ നടത്തിയ പരിശോധനയിൽ അവരുടെ തന്നെ ബയോഡാറ്റകളുടെ സർട്ടിഫിക്കറ്റുകളുടെ പകർപ്പും പൊലീസ് കണ്ടെടുത്തതായാണ് വിവരം. മാനേജിങ് ഡയറക്ടർ ഉൾപ്പെടെയുള്ളവരിൽ നിന്ന് നിയമനം സംബന്ധിച്ച കൂടുതൽ വിവരങ്ങളും പൊലീസ് ശേഖരിച്ചു.

തുടർന്നാണ് കേസിൽ അഞ്ചാം പ്രതിയായ ലീഗൽ ജനറൽ മാനേജർ ശശികുമാരൻ തമ്പിയെ സസ്‌പെൻഡ് ചെയ്തത്. ഇന്നലെ ശശികുമാരൻ തമ്പിയുൾപ്പടെ കേസിലെ മറ്റ് നാല് പ്രതികളും ഒളിവിലാണ്. ശശികുമാരൻ തമ്പി ഉൾപ്പെട്ട അഞ്ചംഗ സംഘം ജോലിക്കായി 14 ലക്ഷം തട്ടിയെടുത്തെന്ന് പിരപ്പൻകോട് സ്വദേശിയുടെപ രാതിയിൽ കഴിഞ്ഞദിവസം വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്ത ഒന്നാം പ്രതി ദിവ്യാ ജ്യോതിയുടെ കസ്റ്റഡി അപേക്ഷ ഇന്ന് പൊലീസ് നൽകും. ഇവരെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം തെളിവെടുപ്പ് നടത്താനാണ് പൊലീസ് നീക്കം.