ലഖ്നൗ: ഉത്തർപ്രദേശിലെ ഉന്നാവോയിൽ ക്രൂരമായ ബലാത്സംഗത്തിന് ഇരയായി കോളേജ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ഇരുപത്തഞ്ചുകാൻ അറസ്റ്റിൽ. സ്വകാര്യഭാഗങ്ങളിൽ ഗുരുതരമായി പരിക്കേറ്റുണ്ടായ അമിതമായ രക്തസ്രാവമാണ് മരണത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. ബലാത്സംഗത്തിന് മുമ്പ് ലൈംഗികോത്തേജകത്തിനുള്ള ഗുളിക കഴിച്ചിരുന്നതായി പ്രതിയായ രാജ് ഗൗതം പൊലീസിന് മൊഴി നൽകി.

യുവതി ഒറ്റയ്ക്കാണെന്ന വിവരം മനസിലാക്കിയതിനെ തുടർന്നാണ് ഇരയുടെ വീട്ടിലെത്തിയതെന്നും ബലാത്സംഗത്തിന് മുതിർന്നതെന്നും പ്രതി മൊഴി നൽകിയതായി പൊലീസ് സൂപ്രണ്ട് സിദ്ധാർഥ ശങ്കർ പറഞ്ഞു.

സംഭവസമയത്ത് പെൺകുട്ടി വീട്ടിൽ ഒറ്റക്കായിരുന്നെന്നും പൊലീസ് പറയുന്നു. യുവതിയുടെ പ്രതിഷേധം വകവെക്കാതെയായിരുന്നു പീഡനം. യുവതി ബോധരഹിതയാകുകയും യുവതിയുടെ സ്വകാര്യഭാഗങ്ങളിൽ നിന്ന് രക്തസ്രാവമുണ്ടാകുകയും ചെയ്യുന്നതുവരെ പ്രതി ബലാത്സംഗം തുടർന്നു. രക്തസ്രാവമുണ്ടായതോടെ പ്രതി ഭയന്ന് അവിടെനിന്ന് ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു.

പിന്നീട് യുവതിയുടെ ഇളയസഹോദരി വീട്ടിലെത്തുകയും പരിക്കുകളോടെ ബോധരഹിതയായി കിടക്കുന്ന യുവതിയെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. എന്നാൽ ആശുപത്രിയിലെത്തുന്നതിന് മുമ്പ് തന്നെ യുവതി മരിച്ചതായി അധികൃതർ അറിയിച്ചു. തുടർന്ന് നടത്തിയ മൃതദേഹപരിശോധനയിലാണ് ബലാത്സംഗം സ്ഥിരീകരിച്ചത്. സ്വകാര്യഭാഗങ്ങളിലുണ്ടായ ഗുരുതരപരിക്കുകളാണ് ഇരയുടെ മരണകാരണമെന്ന് പൊലീസ് അറിയിച്ചു.

ഒരു അയൽവാസിക്കും 65-കാരിക്കും തന്റെ മകളുടെ മരണത്തിൽ പങ്കുണ്ടെന്ന് ഇരയുടെ അച്ഛൻ നേരത്തെ ആരോപിച്ചിരുന്നു. ഇരയുടെ മൊബൈൽ ഫോണിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് പൊലീസിനെ പ്രതിയിലേക്കെത്തിച്ചത്.