ബംഗളൂരു: സിഎംആർഎൽ കമ്പനിയുമായുള്ള പണമിടപാടുകൾ സംബന്ധിച്ച് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്‌ഐഒ) ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ എക്‌സാലോജിക് കമ്പനിയോടു കർണാടക ഹൈക്കോടതി നിർദ്ദേശിച്ചത് ഊരാക്കുടുക്കാകും. ഇനി രേഖകൾ നൽകിയില്ലെങ്കിൽ അത് വിധിയേയും സ്വാധീനിക്കും. കോടതിയെ ഇക്കാര്യം അറിയിക്കാൻ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന് കഴിയുകയും ചെയ്യും. അതുകൊണ്ട് തന്നെ എത്രയും വേഗം രേഖകൾ കൈമാറേണ്ടി വരും. രേഖകൾക്കായി വീണ്ടും വീണയ്ക്ക് സമൻസ് അയയ്ക്കാൻ സാധ്യത ഏറെയാണ്.

എന്നാൽ അന്വേഷണം റദ്ദാക്കണമെന്ന വീണയുടെ ഹർജിയിൽ വിധി പറയുംവരെ അറസ്റ്റ് പാടില്ലെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. അന്വേഷണം പ്രാഥമിക ഘട്ടത്തിൽ മാത്രമാണെന്നും കടുത്ത നടപടിയുണ്ടാകില്ലെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. ഈ സാഹചര്യത്തിൽ കൂടിയാണ് നിർദ്ദേശം. വിധിയിൽ കേസ് റദ്ദാക്കാനുള്ള സാധ്യത നിയമ വിദഗ്ദ്ധർ കാണുന്നില്ല. തെളിവ് നൽകണമെന്ന് പറഞ്ഞ സാഹചര്യത്തിൽ അന്വേഷണം മുമ്പോട്ട് പോകുമെന്നാണ് വിലയിരുത്തൽ. കെ എസ് ഐഡി സിയുടെ ഹർജിയിൽ കേരള ഹൈക്കോടതിയുടേയും സമാന നിലപാടാണ്. അന്വേഷണവുമായി സഹകരിക്കണമെന്ന് കേരളാ ഹൈക്കോടതിയും നിർദ്ദേശിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ വീണയ്ക്കും കെഎസ് ഐഡിസിക്കും ഇനി രേഖകൾ നൽകേണ്ടി വരും.

വീണയും കെ എസ് ഐ ഡി സിയും രേഖകൾ നൽകുമെന്നാണ് എസ് എഫ് ഐ ഒയുടെ പ്രതീക്ഷ. ഈ രേഖകൾ ശേഖരിച്ച് സി എം ആർ എൽ റെയ്ഡിൽ നിന്നും കിട്ടിയ വിവരങ്ങളുമായി ഒത്തു നോക്കും. മൊഴികളിലെ വൈരുദ്ധ്യവും മറ്റും കേസിൽ നിർണ്ണായകമാണ്. ഈ വിലയിരുത്തലുകൾക്ക് ശേഷം കേസിൽ അറസ്റ്റിലേക്ക് കടക്കാനാണ് ആലോചന. അതിലേക്ക് പോകാൻ ഹൈക്കോടതിയുടെ വിധി വരേണ്ടതുമുണ്ട്. പത്ത് ദിവസത്തിനുള്ളിൽ വിധി വരുമെന്നാണ് ഏവരുടേയും പ്രതീക്ഷ. വിധി എതിരാകുന്ന കൂട്ടർ അപ്പീൽ നിയമ യുദ്ധത്തിന് പോകാനും സാധ്യത ഏറെയാണ്.

രജിസ്റ്റ്രാർ ഓഫ് കമ്പനീസ് അന്വേഷണം പ്രഖ്യാപിച്ചശേഷം എസ്എഫ്‌ഐഒ സമാന്തര അന്വേഷണം നടത്തുന്നത് നിയമപരമല്ലെന്നും ആരോപിക്കപ്പെടുന്ന കുറ്റങ്ങൾ 'സീരിയസ് ഫ്രോഡ്' അല്ലെന്നുമാണ് എക്‌സാലോജിക് വാദിച്ചത്. സിഎംആർഎലുമായി ബന്ധപ്പെട്ട് 135 കോടി രൂപയുടെ ക്രമക്കേട് ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ടെങ്കിൽ സുതാര്യമല്ലാത്ത ഒട്ടേറെ ഇടപാടുകൾ നടന്നിരിക്കാമെന്നും പൊലീസിനെയും മറ്റും ഇടപെടുത്താൻ അധികാരമുള്ള എസ്എഫ്‌ഐഒ തന്നെ അന്വേഷിക്കേണ്ടതുണ്ടെന്നും കേന്ദ്രം വാദിച്ചു. സിഎംആർഎലിന് ഒരു സേവനവും നൽകാതെ എക്‌സാലോജിക് 1.72 കോടി രൂപ കൈപ്പറ്റിയതിനു തെളിവുണ്ടെന്ന് എസ്എഫ്‌ഐഒ കോടതിയെ അറിയിച്ചു.

എക്‌സാലോജിക് സൊല്യൂഷൻസ് കമ്പനിയുമായുള്ള പണമിടപാടു സംബന്ധിച്ച് സിഎംആർഎലിനോടു വിശദീകരണം തേടിയതിന്റെ രേഖ ഹാജരാക്കാൻ കെഎസ്‌ഐഡിസിയോട് കേരള ഹൈക്കോടതി ആവശ്യപ്പെട്ടതും നിർണ്ണായകമാണ്. സിഎംആർഎലിനോടു വിശദീകരണം തേടിയെങ്കിലും മറുപടി ലഭിച്ചില്ലെന്നു കെഎസ്‌ഐഡിസി അറിയിച്ചതിനെ തുടർന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഈ നിർദ്ദേശം നൽകിയത്. കെഎസ്‌ഐഡിസി സാവകാശം തേടിയതിനെത്തുടർന്ന് ഹർജി 26നു പരിഗണിക്കാൻ മാറ്റി. രേഖ കോടതിയിൽ എത്തിയില്ലെങ്കിൽ കേസ് പുതിയ തലത്തിലെത്തും.

സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിന്റെ (എസ്എഫ്‌ഐഒ) അന്വേഷണം നിർത്തണമെന്ന് കെഎസ്‌ഐഡിസി ആവശ്യപ്പെടുന്നത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി ആരാഞ്ഞു. പണമിടപാട് ആരോപണം ശരിയെങ്കിൽ, കേരള സർക്കാർ സ്ഥാപനമായ കെഎസ്‌ഐഡിസിയുടെ പണമാണു പാഴാക്കിയിരിക്കുന്നതെന്നു കോടതി ചൂണ്ടിക്കാട്ടി. സിഎംആർഎലിൽ കെഎസ്‌ഐഡിസിക്കു നോമിനി ഡയറക്ടറുണ്ട്. സ്വതന്ത്ര ഡയറക്ടറെക്കാൾ ഉത്തരവാദിത്തം ഇക്കാര്യത്തിലുണ്ടെന്നും ചൂണ്ടിക്കാട്ടി. അതുകൊണ്ട് തന്നെ കെ എസ് ഐ ഡി സിക്കും ഉത്തരവാദിത്തമുണ്ടെന്നാണ് കോടതി പറഞ്ഞു വയ്ക്കുന്നത്.

വ്യവസായങ്ങൾക്കു പണം നൽകുന്ന സാമ്പത്തിക സ്ഥാപനമായ കെഎസ്‌ഐഡിസിയുടെ വിശ്വാസ്യതയെയും ക്രെഡിറ്റ് റേറ്റിങ്ങിനെയും അന്വേഷണം ബാധിക്കുമെന്ന് കെഎസ്‌ഐഡിസി അറിയിച്ചു. എന്നാൽ അന്വേഷണത്തിനുശേഷം മാത്രമേ കുറ്റക്കാരാണോയെന്ന് വ്യക്തമാകൂവെന്നു കേന്ദ്രസർക്കാർ വിശദീകരിച്ചു. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ സി.എസ്. വൈദ്യനാഥനാണ് കെഎസ്‌ഐഡിസിക്കുവേണ്ടി ഹാജരായത്.

എസ്എഫ്‌ഐഒ അന്വേഷണം ആവശ്യപ്പെട്ട് ഷോൺ ജോർജ് നൽകിയ ഹർജി 26നു പരിഗണിക്കാൻ മാറ്റി. എസ്എഫ്‌ഐഒ അന്വേഷണം ആരംഭിച്ചതിനാൽ ഈ ഹർജിയിലെ തുടർനടപടികൾ അവസാനിപ്പിക്കണമെന്ന് സിഎംആർഎൽ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല.