തിരുവനന്തപുരം: സർക്കാർ ഉടമസ്ഥതയിലുള്ള കെഎസ് ഐഡിസിയുമായി ബന്ധമുള്ള കമ്പനിയുമായി സർക്കാരിലെ ഉന്നതന്റെ മകൾ കരാറിലേർപ്പെടുന്നതിലെ 'കോൺഫ്‌ളിക്ട് ഓഫ് ഇന്ററസ്റ്റ്' ചൂണ്ടിക്കാട്ടി 2021ൽ തന്നെ വീണാ വിജയന്റെ കമ്പനിക്ക് നോട്ടിസ് ലഭിച്ചിരുന്നുവെന്ന് വ്യക്തം. ബെംഗളൂരു രജിസ്റ്റ്രാർ ഓഫ് കമ്പനീസ് (ആർഒസി) ആണ് നോട്ടിസ് നൽകിയത്. കർണ്ണാടക കോടതി വിധിയിൽ ആർഒസി നൽകിയ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ഏകപക്ഷീയമായിട്ടാണ് അന്വേഷണമെന്ന വാദം പൊളിയുകയാണ്.

വീണയുടെ ഭാഗം കേൾക്കാതെ ഏകപക്ഷീയമായാണ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് സിപിഎം പറഞ്ഞിരുന്നു. 2020-22 കാലയളവിൽ ഇടപാടു സംബന്ധിച്ച് പലവട്ടം നോട്ടിസുകൾ നൽകിയിരുന്നെങ്കിലും വ്യക്തമായ മറുപടി നൽകാൻ വീണയുടെ കമ്പനിക്കായില്ലെന്ന് കോടതി വിധിയിൽ പറയുന്നു. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിനെ ആർഒസി അറിയിച്ചതാണ് ഇത്. എക്സാലോജിക്കുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന് നേരത്തെ തന്നെ രജിസ്ട്രാർ ഓഫ് കമ്പനീസ് പിഴ ഇട്ടിരുന്നുവെന്ന് സൂചനയുണ്ട്. എകെജി സെന്ററിൽ രജിസ്റ്റേർഡ് ഓഫീസ് തുടങ്ങിയതുമായി ബന്ധപ്പെട്ട പരാതിയിൽ ആയിരുന്നു ഇത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് 2021ലാണ് പരാതി കിട്ടിയത്. ഇത് ആർ ഒ സിക്ക് കൈമാറി. വീണയോട് വിശദീകരണം ചോദിച്ചു. വിശദീകരണം തൃപ്തികരമല്ലാത്തതിനാൽ നടപടിയും എടുത്തു.

ഇതിനൊപ്പമാണ് പുതിയ വിവരവും പുറത്തു വരുന്നത്. എക്‌സാലോജിക് സിഎംആർഎൽ ഇടപാടുകളെക്കുറിച്ച് ഇ.ഡി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് 2021ൽ ആർഒസി എക്‌സാലോജിക്കിൽ നിന്നും വിശദീകരണം തേടിയത്. അങ്ങനെയെങ്കിൽ ഇ.ഡി എന്തുകൊണ്ട് ക്രമക്കേടുകളിൽ തുടരന്വേഷണം നടത്തിയില്ലെന്ന ചോദ്യവും ഉയരുന്നുണ്ട്. ഇത് രാഷ്ട്രീയമായി ചർച്ചയാക്കാനാണ് കോൺഗ്രസിന്റെ നീക്കം. ഏതെങ്കിലും ഏജൻസി കേസെടുത്താൽ മാത്രമേ ഇഡിക്ക് ഇടപെടാനാകൂ. അതുകൊണ്ടാണ് ആർഒസിക്ക് കൈമാറിയത്. ഇതിൽ വീണ പിഴയടച്ച് ചില വിവാദങ്ങൾ ഒഴിവാക്കുകയും ചെയ്തു.

എകെജി സൈന്റർ വിലാസ വിഷയത്തിൽ ആദ്യം ഒരു ലക്ഷം രൂപ കമ്പനിക്ക് പിഴയിട്ടെങ്കിലും പിന്നീട് 20,000 രൂപയാക്കി കുറച്ചു. ഇതിന്റെ ഭാഗമായി വീണയുടെ മൊഴി രേഖപ്പെടുത്തിരുന്നു. ഇതിനു ശേഷമാണു കമ്പനി മരവിപ്പിക്കാൻ വീണ അപേക്ഷ നൽകിയത്. ആ അപേക്ഷയിലും നിറയെ പ്രശ്നമായിരുന്നു. എക്സാലോജിക്കുമായി ബന്ധപ്പെട്ട പരാതികൾ ഏറെ നാളായി ഉയരുന്നു. അത് കുരുക്കായി മാറുമെന്ന് ആർ ഒ സിയുടെ എകെജി സെന്ററുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ തന്നെ വീണയ്ക്ക് മനസ്സിലായി. ഈ സാഹചര്യത്തിലായിരുന്നു കമ്പനി മരവിപ്പിക്കാൻ ശ്രമിച്ചത്.

രേഖകളിൽ കൃത്രിമം കാണിച്ചതായാണ് ആർഒസി കണ്ടെത്തലിൽ പറയുന്നത്. എക്‌സാലോജിക് കമ്പനി മരവിപ്പിക്കാനായി നൽകിയ അപേക്ഷയിലും സത്യവാങ്മൂലത്തിലും തെറ്റായ വിവരങ്ങളുള്ളതെന്ന് ആർഒസി വ്യക്തമാക്കുന്നു. വീണയെ പ്രോസിക്യൂട്ട് ചെയ്യണമെന്നാണ് ബെംഗളൂരു ആർഒസിയുടെ റിപ്പോർട്ടിൽ ആവശ്യപ്പെടുന്നത്. അതുകൊണ്ട് തന്നെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ അന്വേഷണവും നിർണ്ണായകമാകും. വീണയുടെ കമ്പനിയായ എക്‌സാലോജിക് മരവിപ്പിച്ചത് പലതും മറച്ചുവയ്ക്കാനാണെന്ന് നേരത്തെ തന്നെ വിവിധ കോണുകളിൽ നിന്ന് ആരോപണം ഉയർന്നിരുന്നു.

എക്‌സാലോജിക്കിനും, വീണ വിജയനും തിരിച്ചടിയായ ആർഒസി ബെംഗളുരുവിന്റെ റിപ്പോർട്ടിൽ മരവിപ്പിക്കലിലെ ക്രമക്കേടും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. കമ്പനി മരവിപ്പിക്കൽ നടപടിക്കായി ആർഒസിക്ക് സമർപ്പിച്ച രേഖകളിൽ വീണ കൃത്രിമം കാട്ടിയെന്നാണ് റിപ്പോർട്ടിൽ ആരോപിക്കുന്നത്. മരവിപ്പിക്കലിന് അപക്ഷിക്കാനുള്ള മതിയായ യോഗ്യത വീണയുടെ കമ്പനിക്ക് ഉണ്ടായിരുന്നില്ല. രണ്ട് വർഷത്തിനിടയിൽ ഒരു ഇടപാടും നടത്തിയിട്ടില്ലാത്ത കമ്പനികൾക്ക് മാത്രമാണ് മരവിപ്പിക്കൽ അപേക്ഷ നൽകാൻ കഴിയുക. ഇത് മറച്ചുവച്ചാണ് 2022ൽ കമ്പനി അപേക്ഷ സമർപ്പിച്ചത്.

2021ൽ മെയ് മാസത്തിൽ കമ്പനി ഇടപാട് നടത്തിയതിന് രേഖയുണ്ടെന്ന് ആർഒസിയുടെ പരിശോധനയിൽ കണ്ടെത്തുകയായിരുന്നു. ഇതിൽ നിന്നാണ് പിഴ ചുമത്തിയ ശേഷമാണ് മരവിപ്പിക്കാൻ ശ്രമിച്ചതെന്ന് വ്യക്തമാകുന്നത്. നിയമ നടപടി നേരിടുന്ന കാര്യം കമ്പനി മറച്ചുവെച്ചുവെന്നും കണ്ടെത്തലിൽ പറയുന്നു. തീർപ്പു കൽപ്പിക്കാത്ത നിയമ നടപടികളോ നികുതി അടക്കാൻ ഉണ്ടെങ്കിലോ മരവിപ്പിക്കലിന് അപേക്ഷിക്കാൻ കഴിയില്ല. ഇത് പാലിക്കാനായി നിയമ നടപടികളില്ലെന്നും, നികുതി ബാക്കിയില്ലെന്നുമാണ് എക്‌സാലോജിക്ക് നൽകിയ രേഖയിൽ പറയുന്നത്.

എന്നാൽ 2021ൽ കമ്പനീസ് ആക്ട് പ്രകാരം ഡയറക്ടർക്ക് അടക്കം നോട്ടീസ് ലഭിച്ചത് എക്‌സാലോജിക്ക് മറച്ചുവച്ചുവെന്നാണ് ആർഒസി പറയുന്നത്. ആദായ നികുതിയായി 42,38,038 രൂപയും അതിന്റെ പലിശയും എക്‌സാലോജിക്ക് അടക്കാൻ ബാക്കിയുണ്ടായിരുന്നു. ഇതെല്ലാം മറച്ചുവച്ചാണ്, എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നുവെന്നുള്ള തെറ്റായ സാക്ഷ്യപത്രങ്ങൾ വീണയും എക്‌സാലോജിക്കും ഹാജരാക്കിയത്. ഇതെല്ലാം ഇനി തിരിച്ചടിയായി മാറും.