അടിമാലി: കൈയിൽ ചുറ്റികയുമായി വണ്ടിപ്പെരിയാർ സ്വദേശി എത്തിയത് പുലർച്ചെ 3 മണിയോടെ. ആദ്യം ആക്രമിച്ചത് വാതിൽത്തുറന്നെത്തിയ ഭാര്യ സഹോദരിയെ. പിന്നാലെ ഇവരുടെ 6 വയസുകാരന്റെ തല ചുറ്റികയ്ക്ക് ഇടിച്ച് തകർത്തു. ഇരുവരും നിലം പതിച്ചതോടെ സമീപത്തെ വീട്ടിലെത്തി ഭാര്യയുടെ മാതാവിനെ ആക്രമിച്ച് അവശയാക്കി. പിന്നാലെ 6 വയസുകാരന്റെ 15 കാരിയായ സഹോദരിയെ തടവിലാക്കി മർദ്ദനവും ലൈംഗിക അതിക്രമവും.

ഇന്ന് ഇടുക്കി അതിവേഗ കോടതി വധശിക്ഷ വിധിച്ച കേസിന് ആധാരമായ സംഭവത്തെക്കുറിച്ച് ആദ്യം പുറത്തുവന്ന വിവരങ്ങൾ ഇങ്ങനെ. അക്രമിയുടെ തടവിൽ നിന്നും ഒരുവിധത്തിൽ രക്ഷപെട്ട 15 കാരി നേരം പുലർന്ന ശേഷം അയൽവീട്ടിലെത്തി വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

ഉടൻ അയൽവാസികളെത്തി മൂന്നുപേരെയും അടിമാലിയിലെ ആശുപത്രിയിലേയ്ക്ക് മാറ്റി.ഡോക്ടറുടെ പരിശോധനയിലാണ് 6 വയസുകാരന്റ മരണം സ്ഥിരീകരിച്ചത്. ഭാര്യ സഹോദരിയും മാതാവും ഏറെ നാൾ ചികത്സയിലായിരുന്നു. പരിക്കേറ്റ 32 കാരിയുടെ സഹോദരിയ്‌ക്കൊപ്പമാണ് കൂട്ടകുരുതിയ്‌ക്കെത്തിയ വണ്ടിപ്പെരിയാർ സ്വദേശി താമസിച്ചിരുന്നത്.

ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചാണ് ഇയാൾ പുതിയ ബന്ധം സ്ഥാപിച്ചെടുത്തത്. സംഭവത്തിന് ശേഷം സ്ഥലം കെട്ടിട നിർമ്മാണത്തൊഴിലാളിയായ അക്രമിയെ വൈകിട്ടോടെ വെള്ളത്തൂവൽ മുതുവാംകുടിയിൽ നിന്നും പൊലീസ് സംഘം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

അടുപ്പുകല്ലുകൾ പോലെ സ്ഥാപിച്ചിരുന്ന 3 ഷെഡ്ഡുകളിലായിട്ടാണ് ആക്രമണത്തിന് ഇരയായ വയോധികയും ഇവരുടെ 2 പെൺക്കളും താമസിച്ചിരുന്നത്. പെൺമക്കളിൽ ഒരാളുടെ കൂടെ താമസത്തിനെത്തിയ യുവാവാണ് ആക്രമണം നടത്തിയത്.ഭാര്യ സഹോദരിയുടെ ഭർത്താവ് ജോലി സ്ഥലത്താണെന്ന് മനസ്സിലാക്കിയാണ് യുവാവ് ആക്രമണം ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് കണ്ടെത്തൽ.

വഴക്കിടുമ്പോഴെല്ലാം പങ്കാളിക്ക് പിൻതുണയുമായി മാതാവും സഹോദരിയും എത്തുമായിരുന്നെന്നും ഒച്ചപ്പാടിനെത്തുടർന്ന് നാട്ടുകാർ നാടുകടത്തിയപ്പോഴും ഇവർ ഇരുവരും തന്നെ കുറ്റപ്പെടുത്തിയെന്നും ഇതുമൂലം പങ്കാളിയോട് വേർപിരിഞ്ഞ് താമസിക്കേണ്ടി വന്നെന്നും ഇതോടെ ഇവരോടുള്ള വൈരാഗ്യം ഇരട്ടിയായെന്നും തുടർന്നാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നുമാണ് പിടിയിലായപ്പോൾ അക്രമി പൊലീസിൽ നൽകിയ വിവരം.

കെട്ടിടനിർമ്മാണത്തൊഴിലാളിയായിരുന്നെന്നും വൈകുന്നേരങ്ങളിൽ മദ്യപിക്കാറുണ്ടെന്നും വീട്ടിൽ ഭക്ഷണം കഴിക്കുന്ന പാത്രം വരെ പങ്കാളി തന്നെക്കൊണ്ട് കഴുകിച്ചിരുന്നെന്നും ഇതെച്ചൊല്ലിയാണ് വീട്ടിൽ ഒച്ചപ്പാട് ഉണ്ടായിരുന്നതെന്നും മറ്റും പ്രതി പൊലീസിൽ സമ്മതിച്ചതായുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു.

ആമക്കണ്ടത്ത് പണിയ്‌ക്കെത്തിയപ്പോഴാണ് വയോധികയുടെ പെൺമക്കളിൽ ഒരാളുമായി പ്രതി പരിചയപ്പെടുന്നത്. തുടർന്ന് പ്രണയത്തിലാവുകയും മതം മാറി താൻ പ്രണയിനിയെ സ്വന്തമാാക്കുകയായിരുന്നെന്നും ഇയാൾ പൊലീസിനെ അറിയിച്ചിരുന്നു. അക്രമിയുടെ കൊടുംക്രൂരതയ്ക്കിരയായ 15 കാരി പുറത്തുവിട്ട വിവരം അക്ഷരാർത്ഥത്തിൽ അന്വേഷണ ഉദ്യോഗസ്ഥരെപ്പോലും ഞെട്ടിച്ചു എന്നതാണ് വാസ്തവം.

'മൂത്തുമ്മയെ ചുറ്റകയ്ക്ക് തലയ്ക്കടിച്ചുവീഴ്‌ത്തുന്നതുകണ്ട് വല്ലാത്ത ഭയവും സങ്കടവും തോന്നി. മൂത്തുമ്മ തറയിൽ വീണ്്,അനക്കം നിൽക്കുന്നതുവരെ അയാൾ നോക്കി നിന്നു. തുടർന്ന് പിടിച്ചുവലിച്ച് സമീപത്തെ തന്റെ വീട്ടിലേയ്ക്ക് കൊണ്ടുപോയി, രക്തത്തിൽ കുളിച്ചുകിടക്കുന്ന സഹോദരനെയും ഉമ്മയെയും കാണിച്ചു.

അലറിക്കരഞ്ഞപ്പോൾ വലിച്ചിഴച്ച് വീടിനടുത്തെ ഷെഡ്ഡിലേയ്ക്ക് കൊണ്ടുപോയി.പിന്നെ തടഞ്ഞുവച്ച് അതിക്രൂരമായി ഉപദ്രവിച്ചു.'ഇതായിരുന്നു പെൺകുട്ടി പൊലീസിന് നൽകിയ വിവരങ്ങളുടെ ഏകദേശ രൂപം. ആക്രമണത്തിന്റെ ദൃശ്യങ്ങൾ കണ്ടതിന്റെയും പ്രതിയിൽ നിന്നുണ്ടായ ഭീഷിണിയുടെയും മർദ്ദനത്തിന്റെയും ആഘാതത്താലും മാനസീകമായി തളർന്ന പെൺകുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കിയാണ് സാധാരണ ജീവിതത്തിലേയ്ക്ക് തിരികെ എത്തിച്ചത്.