കൊച്ചി: കൊച്ചിയിലെ കതൃക്കടവ് ബാറിലുണ്ടായ വെടിവെപ്പിലെ മുഖ്യപ്രതി പിടിയിൽ. ഒന്നാം പ്രതി വിനീത് വിജയനെയാണ് എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് പൊലീസ് പിടികൂടിയത്. ഇന്നലെ രാത്രിയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച രാത്രിയാണ് ബാറിലെ ജീവനക്കാരായ തൊടുപുഴ സ്വദേശി സുജിൻ ജോണിനും (30) ചേർത്തല സ്വദേശി അഖിലിനും (30) റിവോൾവറിൽനിന്ന് വെടിയേറ്റത്. അഞ്ചംഗ സംഘത്തിലെ മൂന്നുപേരെ നേരത്തെ പിടികൂടിയിരുനനു. കളമശേരി എച്ച്.എം ടി ജംഗ്ഷൻ മൂലേപ്പാടംറോഡ് വെച്ചൂപടിഞ്ഞാറേതിൽ ദിൽഷൻ ബോസ് (34), ഇടപ്പള്ളി ബി.ടി.എസ് റോഡ് എസ്.എം ടി വിലാസിൽ വിജയ് ജോസ് (32), ആലുവ തായിക്കാട്ടുകര പെയ്യേക്കര വീട്ടിൽ പി.എ.ഷെമീർ (32) എന്നിവരാണ് അറസ്റ്റിലായത്. മൂവരും റിമാൻഡിലാണ്.

സംഭവം നടന്നതു മുതൽ വിനീത് വിജയൻ കൊച്ചിയിൽ തന്നെ ഉണ്ടായിരുന്നതായണ് വിവരം. സംഭവം കഴിഞ്ഞ് അഞ്ച് മണിക്കൂറോളം ഫോൺ ഓണായിരുന്നെന്നും ലൊക്കേഷൻ ഉപയോ?ഗിച്ച് പിടികൂടാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് സാധിച്ചിരുന്നില്ല. പിന്നീട് മൂവാറ്റുപുഴ കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നത്. വെടിവെപ്പിനുപയോഗിച്ച തോക്ക് വിനീത് വിജയന്റേതാണെന്നാണ് സൂചന. എതിർചേരിയിൽ ആക്രമണം ഏത് നിമിഷവും ഉണ്ടായേക്കുമെന്ന ഭയത്തിലാണ് തോക്കുമായാണ് വിനീത് നടന്നിരുന്നത്. അടിച്ചാൽ തിരിച്ചടിക്ക് വേണ്ടിയായിരുന്നു ഇത്.

പെരുമ്പാവൂർ ഗുണ്ടാ സംഘത്തിലെ കണ്ണിയാണ് പിടിയിലായ വിനീതടക്കമുള്ളവർ. കഞ്ചാവ് കടത്തും മറ്റുമാണ് പ്രധാന വരുമാന മാർഗം. ലഹരിയിടപാടുമായി ബന്ധപ്പെട്ട് വിനീത് എറണാകുളത്തെ മറ്റൊരു ഗുണ്ടാസംഘവുമായി തെറ്റിയിരുന്നു. ഇതിനുശേഷമാണ് തോക്കുമായി നടക്കാൻ തുടങ്ങിയത്. തൊടുപുഴ സ്വദേശിയുടെ ഫോർഡ് ഫിഗോ കാറാണ് പ്രതികൾ വാടകയ്ക്ക് എടുത്തിരുന്നത്.സി.സി ടിവി ദൃശ്യത്തിൽനിന്ന് കാറിന്റെ നമ്പർ ശേഖരിച്ച പൊലീസ് ഉടമയെ ആദ്യം കസ്റ്റഡിയിലെടുത്തു. ഇയാൾ കാർ വാടകയ്‌ക്കെടുത്തവരെക്കുറിച്ച് പൊലീസിന് വിവരം കൈമാറുകയായിരുന്നു. മുടവൂരിൽ കാർ ഉപേക്ഷിച്ച് മറ്റൊരു വാഹനത്തിലാണ് പ്രതികൾ സ്ഥലംവിട്ടത്

മദ്യം നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ബാറിലെ ഏറ്റുമുട്ടലിൽ കലാശിച്ചത്. വാക്കുതർക്കം രൂക്ഷമായതോടെ സംഘം എയർ പിസ്റ്റൾ ഉപയോഗിച്ച് ബാർ ജീവനക്കാരെ വെടിവെക്കുകയായിരുന്നു. സിജിന്റെ വയറ്റിലും അഖിലിന്റെ കാലിനുമാണ് വെടിയേറ്റത്. തർക്കത്തിനിടെ ബാർ മാനേജരെയും ഇവർ മർദ്ദിച്ചിരുന്നു. വെടിയുതിർത്ത ശേഷം പ്രതികൾ കാറിൽ തന്നെ മടങ്ങി മുമ്പും പല കേസുകളിലും പെട്ടയാളാണ് വിനീത് എന്ന് പൊലീസ് സൂചിപ്പിക്കുന്നു.

പെരുമ്പാവൂർ, തൊടുപുഴ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗുണ്ടാസംഘത്തിലെ കണ്ണികളാണിവർ. മുഖ്യപ്രതി വിനീത് രണ്ട് വധശ്രമക്കേസിലും കഞ്ചാവ് കേസിലും പ്രതിയാണ്. ഞായറാഴ്ച രാത്രി 11മണിയോടെയായിരുന്നു സംഭവം.പ്രവർത്തനസമയം കഴിഞ്ഞെങ്കിലും മറ്റൊരാൾവഴി തരപ്പെടുത്തിയ മദ്യം വാങ്ങാനാണ് അഞ്ചംഗസംഘം ഇടശേരി ബാറിലെത്തിയത്. എന്നാൽ മദ്യം കിട്ടിയില്ല. കഞ്ചാവ് ലഹരിയിലായിരുന്ന സംഘാംഗങ്ങൾ ഇതേച്ചൊല്ലി ബാറിന് പുറത്തുവച്ച് പോരടിച്ചു. ഇവിടെ ബഹളംവയ്ക്കാനാവില്ലെന്ന് വിലക്കിയ ജിതിനെ ഇവർ ക്രൂരമായി മർദ്ദിച്ചതാണ് വെടിവയ്‌പ്പിൽ കലാശിച്ചത്.