കോട്ടയം: സിനിമ- സീരിയൽ താരം മീനടം കുറിയന്നൂർ വിനോദ് തോമസി(47)നെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത തുടരുന്നു. കോട്ടയം പാമ്പാടി ഡ്രീം ലാൻഡ് ബാറിന് സമീപത്ത് പാർക്ക് ചെയ്ത കാറിനുള്ളിലാണ് വിനോദിന്റെ മൃതദേഹം കണ്ടെത്തിയത്. അവിവാഹിതനാണ്. നത്തോലി ഒരു ചെറിയ മീനല്ല, അയ്യപ്പനും കോശിയും, കേരള ക്രൈം ഫയൽസ് തുടങ്ങി നിരവധി ചിത്രങ്ങളിലും ചിത്രങ്ങളിലും ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. മൃതദേഹം പാമ്പാടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകരണം വ്യക്തമാകുവെന്ന് കാഞ്ഞിരപ്പള്ളി ഡിവൈ.എസ്‌പി. എം. അനിൽകുമാർ പറഞ്ഞു. എല്ലാ സാധ്യതകളിലേക്കും അന്വേഷണം നീളും.

കാറിനുള്ളിൽ കയറിയ വിനോദ് ഏറെ നേരമായിട്ടും പുറത്തിറങ്ങാത്തതിനെത്തുടർന്ന് ബാറിലെ സുരക്ഷാ ജീവനക്കാരൻ കാറിന്റെ അരികിൽ എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. ഉടൻ തന്നെ പൊലീസിനെ വിവരം അറിയിച്ചു. പാമ്പാടി പൊലീസ് സ്ഥത്തെത്തി ഡോറിന്റെ ചില്ല് തകർത്ത് പുറത്തെടുത്തു. അതിനു ശേഷമാണ് ഡോർ തുറന്നത്. തുടർന്ന് സമീപത്തെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും മരിച്ചിരുന്നു. രാവിലെ 11 മണി മുതൽ ഉണ്ടായിരുന്ന വിനോദ് ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെയാണ് ഉള്ളിൽ കയറി എസി ഓൺ ആക്കിയിട്ട് ഇരുന്നത്. മണിക്കൂറുകൾ കഴിഞ്ഞിട്ടും കാർ തുറക്കാതെ വന്നതോടെ ബാർ ജീവനക്കാർ മുട്ടി വിളിച്ചത്.

തുടർച്ചയായി കാറിനുള്ളിലെ എസി പ്രവർത്തിച്ചതിന് തുടർന്ന് വമിച്ച വിഷവാതകം ശ്വസിച്ചതാകാം വിനോദിന്റെ മരണ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക അനുമാനം പോസ്റ്റ്‌മോർട്ടത്തിലൂടെമാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാൻ കഴിയൂ. കാറിലെ വിഷ വാതകം മരിച്ച് മരണമുണ്ടാകുന്നത് ഇതിന് മുമ്പും സംഭവിച്ചിട്ടുണ്ട്. വഞ്ചിയൂരിൽ കാറിലെ എസിയിൽ നിന്നും വിഷവാതകം ശ്വസിച്ച് വർഷങ്ങൾക്ക് മുമ്പ് യുവാക്കൾ മരിച്ചിരുന്നു. വീട്ടിലെ കാർ പാർക്കിംഗിലായിരുന്നു ഇവർ മരിച്ചു കിടന്നത്. ഇതിന് സമാനമായി കഴിഞ്ഞ വർഷം ജൂലൈയിൽ, കോട്ടയം മെഡിക്കൽ കോളേജ് ഫൊറൻസിക് വിഭാഗത്തിനു മുമ്പിൽ കാറിലെ എ.സി. പ്രവർത്തിപ്പിച്ച് കിടന്നുറങ്ങിയ ഇടുക്കി സ്വദേശിയെ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. ഈ സംഭവത്തിൽ വില്ലനായത് കാറിലെ എ സിയിൽ നിന്നും വന്ന വിഷവാതകമാണെന്ന് സംശയിച്ചിരുന്നു.

ഇടുക്കി കീരിത്തോട് അഞ്ചുകുടി ചാലിൽ പിഎസ് അഖിലി(31)നെയാണ് അന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. അച്ഛന്റെ ശസ്ത്രക്രിയയ്ക്കായാണ് അഖിൽ കോട്ടയം മെഡിക്കൽ കോളജിൽ എത്തിയത്. ഫോറൻസിക് വിഭാഗത്തിനുമുൻവശം പാർക്ക് ചെയ്തിരുന്ന കാറിലാണ് മൃതദേഹം കണ്ടെത്തിയത്. പാമ്പാടിയിലെ ബാറിനു സമീപം നിർത്തിയിട്ടിരുന്ന കാറിൽ വൈകുന്നേരം 5.30 യോടെയാണ് അബോധാവസ്ഥയിൽ വിനോദിനെ ഹോട്ടൽ ജീവനക്കാർ കണ്ടത്. പാമ്പാടി ഡ്രീം ലാൻഡ് ബാറിന് സമീപത്ത് പാർക്ക് ചെയ്ത കാറിനുള്ളിലാണ് വിനോദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.. മീനടം കുറിയന്നൂർ സ്വദേശിയാണ്.

അയ്യപ്പനും കോശിയും, കുട്ടൻ പിള്ളയുടെ ശിവരാത്രി, ഭൂതകാലം, വാശി, നത്തോലി ഒരു ചെറിയ മീനല്ല, ഒരു മുറൈ വന്ത് പാർത്തായ, ഹാപ്പി വെഡ്ഡിങ്, ജൂൺ, അയാൾ ശശി തുടങ്ങിയ നിരവധി ചിത്രങ്ങളിലും, നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

കാറിൽ എ.സിയിട്ട് കിടന്നുറങ്ങുമ്പോൾ സംഭവിക്കുന്നത് എന്ത്?:

* കാറുകൾ പ്രവർത്തിപ്പിക്കുമ്പോൾ കാർബൺ മോണോക്‌സൈഡ് എന്ന വിഷവാതകം ഉണ്ടാകും. ഇത് എക്‌സ്ഹോസ്റ്റ് പൈപ്പിൽ ഘടിപ്പിച്ച 'കാറ്റലിറ്റിക്ക് കൺവെർട്ടർ' എന്ന സംവിധാനംവെച്ച് കാർബർ ഡൈ ഓക്‌സൈഡ് ആക്കിമാറ്റിയാണ് പുറത്തേക്ക് വിടുന്നത്.

* തുരുമ്പിച്ചോ മറ്റുകാരണങ്ങൾകൊണ്ട് ദ്രവിച്ചോ പുക പുറത്തേക്കുവിടുന്ന പൈപ്പിൽ ദ്വാരങ്ങൾ വീണാൽ 'കാറ്റലിറ്റിക് കൺവെർട്ടറിൽ' എത്തുന്നതിനുമുമ്പേ കാർബൺ മോണോക്‌സൈഡ് പുറത്തേക്കുവരാം. ഇതു കാറിലെ ബോഡിയിലുള്ള ദ്വാരങ്ങൾവഴി കാബിനുള്ളിലേക്ക് പ്രവേശിക്കും.

* ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ എ.സി. പ്രവർത്തിക്കുമ്പോൾ ഇത്തരം തകരാർ ഉണ്ടെങ്കിലും ഉള്ളിലുള്ളവരെ കാര്യമായി ബാധിക്കില്ല. കാരണം, വാഹനത്തിലേക്ക് ശക്തമായ വായുപ്രവാഹം ഉള്ളതിനാൽ കാർബൺ മോണോക്‌സൈഡിന്റെ ശക്തി വളരെ കുറയും.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക:

*വാഹനത്തിൽ കയറിയാൽ ഉടൻ എ.സി. ഓണാക്കരുത്. എ.സി. ഇടുന്നതിനുമുമ്പ് വാഹനത്തിന്റെ നാലു ചില്ലുകളും താഴ്‌ത്തി ചൂടുവായുവിനെ പുറത്തേക്കുവിടുക. അതിനുശേഷം മാത്രം എ.സി. ഓണാക്കുക.

*വാഹനത്തിനുള്ളിൽ പ്രവേശിച്ചാൽ ഉടൻ റീ സർക്കുലേഷൻ (കാറിലെ വായുമാത്രം സ്വീകരിച്ച് തുടർച്ചയായി തണുപ്പിക്കുന്ന രീതി) മോദിലിടരുത്.

* നിശ്ചിത ഇടവേളകളിൽ റീ സർക്കുലേഷൻ മോഡ് മാറ്റി പുറത്തുനിന്നും വായു എടുക്കുന്ന മോഡ് ഇടുക.

* കാർ എ.സി.യോടെ നിർത്തിയിടുമ്പോൾ പുറത്തുനിന്ന് വായു സ്വീകരിക്കുന്ന മോദിലായിരിക്കണം. സംവിധാനത്തിന് എന്തെങ്കിലും തകരാർ ഉണ്ടെങ്കിലും പുറത്തുനിന്ന് നല്ലവായു വാഹനത്തിലേക്ക് വരുന്നത് ഗുണംചെയ്യും.

*വാഹനം 25,000 മുതൽ 30,000 കിലോമീറ്റർ കൂടുമ്പോൾ എ.സി. സർവീസ് ചെയ്യുക. സർവീസുകളിൽ എ.സി.യുടെ കണ്ടെൻസറും ക്ലീൻ ചെയ്യുക.