കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രിയിൽ നഴ്സ് നീതുവിനു (32) നേരെ ആസിഡ് ആക്രമണം നടത്തിയ സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് വെട്ടിക്കവല കാവുങ്കൽ കോയിപ്പുറത്ത് കിഴക്കേതിൽ വീട്ടിൽ വിപിൻ രാജ്(34) നടത്തിയത് ആരേയും ഞെട്ടിക്കുന്ന കുറ്റസമ്മതം.

സംഭവ സ്ഥലത്ത് എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. സിറിഞ്ചിൽ കരുതിയിരുന്ന ആസിഡ് ഒഴിച്ചതിലൂടെ മുഖത്ത് പൊള്ളലേറ്റ ഭാര്യ നീതു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ബേൺ ഐസിയുവിൽ ചികിത്സയിൽ കഴിയുകയാണ്. താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിനു സമീപത്തെ കാർ പാർക്കിങ് ഏരിയയിലാണ് ആസിഡ് ആക്രമണം നടന്നത്. പ്രതിയെ പുനലൂർ കോടതി റിമാൻഡ് ചെയ്തു. പൊലീസ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തി നീതുവിന്റെ മൊഴി രേഖപ്പെടുത്തി.

താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിലെ താൽക്കാലിക സ്റ്റാഫ് നഴ്സ് ആയി ഒരു വർഷമായി ജോലി ചെയ്യുകയാണ് നീതു. പന്ത്രണ്ടും എട്ടും വയസുള്ള രണ്ട് പെൺകുട്ടികളാണ് ഇവർക്ക്. രണ്ട് മാസമായി ഭർത്താവുമായി പിണങ്ങി കഴിയുകയാണ് നീതു. അതിനാൽ ആശുപത്രിയിലെ ഹോസ്റ്റലിലായിരുന്നു താമസം. കുട്ടികളെ വെട്ടിക്കവല സ്‌കൂളിലേക്ക് മാറ്റുന്നതിന് അവരുടെ ആധാർ കാർഡും ജനന സർട്ടിഫിക്കറ്റും വേണമെന്ന് ആവശ്യപ്പെട്ടാണ് വിപിൻരാജ് ആശുപത്രിയിൽ എത്തിയത്.

ജനന സർട്ടിഫിക്കറ്റിന്റെയും ആധാർ കാർഡിന്റെയും കോപ്പിയുമായി നീതു താഴേക്ക് ഇറങ്ങി ചെന്നപ്പോൾ യഥാർഥ കോപ്പി വേണമെന്ന് പറഞ്ഞു തർക്കം ഉണ്ടായി. ഈ സമയം കയ്യിൽ കരുതിയിരുന്ന സിറിഞ്ചിൽ നിന്ന് ആസിഡ് കണ്ണിലേക്കും മുഖത്തേക്കും ചീറ്റി ഒഴിക്കുകയായിരുന്നു. ആസിഡ് ആണെന്ന് മനസ്സിലാക്കി മുഖം പൊത്തി അടുത്തുള്ള അത്യാഹിത വിഭാഗത്തിലേക്ക് ഓടുകയായിരുന്നുവെന്ന് നീതു പൊലീസിനു നല്കിയ മൊഴിയിൽ പറയുന്നു.

ഇരു സമുദായക്കാരായ നീതുവിന്റെയും വിപിൻ രാജിന്റെയും വിവാഹം നാട്ടിലും വീട്ടിലുമൊക്കെ കോളിളക്കം ഉണ്ടാക്കിയതായിരുന്നു. 13 വർഷം മുൻപാണ് പരസ്പരം പ്രണയബദ്ധരായിരുന്ന ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ചത്. വിവാഹം ശേഷം 10 വർഷം വരെയും കാര്യമായ പ്രശ്നങ്ങളേ ഉണ്ടായിരുന്നില്ല. കാർപെന്റർ ആയ വിപിൻ കൃത്യമായി ജോലിക്ക് പോയിരുന്നു. എന്നാൽ പിന്നീട് കാര്യങ്ങൾ പന്തിയല്ലാതായി, നീതുവിനെ ഉപദ്രവിക്കുന്നതും മർദ്ദിക്കുന്നതും പതിവായി.

ഇടക്ക് പിണങ്ങി പോയെങ്കിലും പിന്നീട് നീതു വിപിന്റെ അടുത്തേക്ക് തിരിച്ച്് എത്തിയിരുന്നു. എന്നാൽ ഉപദ്രവം സഹിക്ക വയ്യാതെ ആയപ്പോൾ രണ്ടു മാസം മുൻപ്് നീതു വീട് വിട്ടിറങ്ങി. പിന്നെ ഹോസ്റ്റലിലായി താമസം, അതിനിടെയാണ് ആസുത്രിതമായി വിപിൻ ആസിഡ് ആക്രമണം നടത്തിയത്.