ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷനെതിരായ ഗുസ്തി താരങ്ങളുടെ ആരോപണങ്ങളിൽ ഇന്ന് തന്നെ കേസെടുക്കുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയിൽ. ഇന്ന് വൈകുന്നേരത്തിനുള്ളിൽ കേസെടുക്കുമെന്ന് തുഷാർ മേത്ത സുപ്രീംകോടതിയെ അറിയിച്ചു.

ബ്രിജ്ഭൂഷണിനെതിരെ പരാതി നൽകിയ പ്രായപൂർത്തിയാകാത്ത താരങ്ങൾക്ക് സുരക്ഷ നൽകണമെന്ന് ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചു. മറ്റ് പരാതിക്കാരുടെ സുരക്ഷാ കമ്മീഷണർ സ്ഥിതി വിലയിരുത്തി തീരുമാനിക്കണം.

കോടതി നിലവിൽ അന്വേഷണം നിരീക്ഷിക്കുന്നില്ല. എന്നാൽ എന്തു സംഭവിക്കുന്നുവെന്ന് കൃത്യമായി കോടതിയെ അറിയണമെന്നും ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചു. അടുത്ത വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കും. അതേസമയം, ജന്തർ മന്തറിൽ ഗുസ്തി താരങ്ങൾ നടത്തുന്ന സമരം ആറാം ദിവസവും തുടരുകയാണ്.

ബിജ് ഭൂഷനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാമെന്നും ഇന്ന് തന്നെ കേസെടുക്കുമെന്നും ഡൽഹി പൊലീസ് സുപ്രിംകോടതിയെ അറിയിച്ചിരുന്നു. താരങ്ങളുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്നും ബ്രിജ് ഭൂഷനെതിരെ 40 കേസുകൾ ഉണ്ടെന്നും കപിൽ സിബൽ പറഞ്ഞു.

ബ്രിജ് ഭൂഷനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ സമർപ്പിച്ച ഹർജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചത്. ഏഴുപേർ ചേർന്നാണ് ഹർജി നൽകിയത്. കേസ് എടുക്കും മുമ്പ് വിശദമായ പരിശോധന നടത്തേണ്ടതുണ്ടെന്നാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത്.

അതേസമയം ഗുസ്തി താരങ്ങളുടെ സമരം രാജ്യത്തിന്റെ പ്രതിച്ഛായ തകർക്കുമെന്ന ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷ പി ടി ഉഷയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ലൈംഗിക പരാതികളിൽ നടപടി സ്വീകരിക്കാത്തത് രാജ്യത്തിന്റെ പ്രതിച്ഛായ തകർക്കില്ലേയെന്ന് താരങ്ങൾ ചോദിച്ചു. മാധ്യമങ്ങളെ വിളിച്ച് സ്വന്തം അക്കാദമിയെ കുറിച്ച് പറഞ്ഞ് കരഞ്ഞ പി ടി ഉഷയാണ് ലൈംഗിക ആരോപണമുന്നയിച്ച് പ്രതിഷേധിക്കുന്നവരെ അധിക്ഷേപിക്കുന്നതെന്നും പ്രസ്താവന വേദനിപ്പിച്ചെന്നും ബജ്രംഗ് പൂനിയ പ്രതികരിച്ചു.

വനിതാ താരമായിട്ടും തങ്ങളെ കേൾക്കാൻ പി.ടി ഉഷ തയ്യാറായില്ലെന്ന് സാക്ഷി മാലിക് പ്രതികരിച്ചു. താരങ്ങളുടെ ആരോപണങ്ങൾക്ക് സാക്ഷിയാണ് താനെന്ന് സായ് മുൻ ഫിസിയോ പരഞ്ജീത് മാലിക് വ്യക്തമാക്കി. പരാതി ഉന്നയിച്ച തന്നെ സായ് പുറത്താക്കിയെന്നും ഇക്കാര്യം മേൽനോട്ട സമിതിക്ക് മുമ്പാകെ അറിയിച്ചതാണെന്നും പരഞ്ജീത് പറഞ്ഞു. പരാതികൾ ഉന്നയിക്കാൻ വേദികൾ ഉണ്ടെന്നിരിക്കെ തെരുവിലെ സമരം കായിക മേഖലക്ക് ദോഷമാണെന്നാണ് പി.ടി ഉഷ പറഞ്ഞത്.