തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് കെ.കെ.ലതിക എംഎൽ എയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചെന്ന കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു.തുടർ സ്റ്റേ റിപ്പോർട്ട് ഹാജരാക്കാൻ മജിസ്‌ട്രേട്ട് കോടതി കേസ് മാർച്ച് 7 ന് മാറ്റി. തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് അഭിനിമോൾ രാജേന്ദ്രനാണ് തുടർ സ്റ്റേ റ്റിപ്പോർട്ട് ഉണ്ടെങ്കിൽ ഹാജരാക്കാൻ കേസ് മാറ്റി വച്ചത്. തങ്ങൾക്കെതിരായ കേസ് അടിസ്ഥാനരഹിതമാകയാൽ മജിസ്‌ട്രേട്ടു കോടതിയിലെ കേസ് വിചാരണ നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച ക്രിമിനൽ റിവിഷൻ ഹർജിയിലാണ് ഹൈക്കോടതി ഇടക്കാല വിചാരണ വിലക്ക് ഉത്തരവ് ഏർപ്പെടുത്തിയത്.

കൈയാങ്കളി കൃത്യ ദിവസം നിയമസഭക്കകത്ത് കെ.കെ.ലതിക എംഎൽഎയെ തടഞ്ഞു നിർത്തി മാനഭംഗപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ എം എൽ എ മാരായ എം.എ.വാഹിദ്, എ. റ്റി.ജോർജ് എന്നിവർ കയ്യേറ്റവും ബലപ്രയോഗവും നടത്തിയെന്ന കേസിൽ കോടതിയിൽ ഹാജരാകാത്തതിന് വാഹിദിനും ജോർജിനുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. 2022 ഒക്ടോബർ 1 നകം അറസ്റ്റ് ചെയ്യാൻ മജിസ്‌ട്രേട്ട് അഭിനിമോൾ രാജേന്ദ്രനാണ് കന്റോൺമെന്റ് സർക്കിൾ ഇൻസ്‌പെക്ടറോട് ഉത്തരവിട്ടത്. തുടർന്ന് ഇരുവരും കോടതിയിൽ ഹാജരായി ജാമ്യം എടുത്തിരുന്നു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.