കൊച്ചി: പോപ്പുലർ ധന ഇടപാട് സ്ഥാപന ഉടമകൾ മൂന്നു ലക്ഷത്തി അയ്യായിരം രൂപ നിക്ഷേപകന് നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ കോടതി ഉത്തരവിട്ടു.

എറണാകുളം തൃപ്പൂണിത്തുറ വിൻഡ് പേൾ അപ്പാർട്ട്‌മെന്റിൽ താമസിക്കുന്ന സുജ ആർ.വർമ്മ സമർപ്പിച്ച പരാതിയിൽ ഉപഭോക്തൃ കോടതി അദ്ധ്യക്ഷൻ ഡി.ബി. ബിനു, വി.രാമചന്ദ്രൻ, ടി.എൻ.ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ എറണാകുളം ഉപഭോക്തൃ കോടതിയുടെതാണ് ഈ ഉത്തരവ്.

പോപ്പുലർ ട്രേഡേഴ്‌സ് മാനേജിങ് പാർട്ടണർ തോമസ് ഡാനിയേൽ, പോപ്പുലർ ഡീലേഴ്‌സ് പാർട്ടണർ പ്രഭാ തോമസ്, റിയ ആൻ തോമസ്, റിനു മറിയം തോമസ് എന്നിവരാണ് കേസിലെ എതിർ കക്ഷികൾ.

'വിദ്യാസമ്പന്നരായവർ പോലും വൻ സമ്പത്തിക തട്ടിപ്പുകളുടെ ഇരകളാകുന്നു. ദരിദ്രരും ദുർബലരുമായവരാണ് ഇതിൽ ഏറെ കഷ്ടതകൾ അനുഭവിക്കുന്നത്. ഈ മേഖലയിൽ കൂടുതൽ ജാഗ്രതയും ബോധവത്കരണവും അനിവാര്യമാണ്, കമ്മീഷൻ ഉത്തരവിൽ വിലയിരുത്തി.

12% പലിശ വാഗ്ദാനം ചെയ്ത് പരാതിക്കാരിയിൽ നിന്നും രണ്ട് ലക്ഷം രൂപ എതിർ കക്ഷികൾ നിക്ഷേപം സ്വീകരിച്ചുവെങ്കിലും നിക്ഷേപ തുകയും പലിശയും നൽകാതെ സ്ഥാപനം അടച്ചുപൂട്ടിയെന്നാണ് പരാതി. എതിർകക്ഷികൾ നൽകിയ വാഗ്ദാനം പാലിക്കാത്തതു മൂലം സേവനത്തിൽ ഗുരുതരമായ അപര്യാപ്തതയാണ് ഉണ്ടായത്. പരാതിക്കാരിക്ക് വലിയ മന:ക്ലേശവും നഷ്ടവും സംഭവിച്ചുവെന്ന് കമ്മീഷൻ ഉത്തരവിൽ വിലയിരുത്തി.

വിധി തുക 9.5% പലിശ സഹിതം 30 ദിവസത്തിനകം എതിർ കക്ഷികൾ നൽകണമെന്നും കോടതി നിർദ്ദേശിച്ചു. പരാതിക്കാരനു വേണ്ടി അഡ്വ. രാജ രാജ വർമ ഹാജരായി.