കാസർകോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഇന്നും കാസർകോട് ജില്ലാ സെഷൻസ് കോടതിയിൽ ഹാജരായില്ല. നിർബന്ധമായും ഹാജരാകാൻ കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ കാസർകോട് ജില്ലാ സെഷൻസ് കോടതി നിർദ്ദേശം നൽകിയിരുന്നു.

2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ ബി എസ് പി സ്ഥാനാർത്ഥിയായിരുന്ന കെ സുന്ദരക്ക് രണ്ടര ലക്ഷം രൂപയും മൊബൈൽ ഫോണും നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. അതിനിടെ സുരേന്ദ്രനും മറ്റു പ്രതികളും വിടുതൽ ഹർജി ഫയൽ ചെയ്തു.

തങ്ങൾ നിരപരാധികളാണെന്നും കേസ് പൊലീസ് രാഷ്ട്രീയ താൽപ്പര്യത്തോടെ കെട്ടിച്ചമച്ചതാണെന്നും സുരേന്ദ്രൻ ഉൾപ്പെടെയുള്ള പ്രതികൾ വിടുതൽ ഹർജിയിൽ ബോധിപ്പിക്കുന്നു. കേസ് നിലനിൽക്കില്ലെന്ന വാദമുയർത്തിയാണ് കേസ്. കേസെടുത്തതും പ്രതി ചേർത്തതും നിയമാനുസൃതമല്ലെന്നാണ് പ്രതികളുടെ വാദം. സ്ഥാനാർത്ഥിത്വം പിൻവലിച്ച സമയത്ത് ജില്ലയിലുണ്ടായിരുന്നില്ലെന്നും ആരോപണമുന്നയിച്ച സുന്ദരയെ അറിയില്ലെന്നുമാണ് ചോദ്യംചെയ്യലിൽ സുരേന്ദ്രൻ ആവർത്തിച്ച് പറഞ്ഞത്.

സുന്ദര തന്റെ സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നത് സംബന്ധിച്ച രേഖകൾ തയാറാക്കിയ അതേ ഹോട്ടലിലായിരുന്നു സുരേന്ദ്രൻ താമസിച്ചിരുന്നത്. ബദിയടുക്ക പൊലീസ് രജിസ്റ്റർ ചെയ്ത കോഴ കേസ് പിന്നീട് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി എ സതീഷ്‌കുമാറിന്റെ പ്രത്യേക സംഘമാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. അന്ന് മഞ്ചേശ്വരത്തെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന വിവി രമേശനാണ് പരാതിക്കാരൻ. കെ സുരേന്ദ്രൻ കേസിൽ ഒന്നാം പ്രതിയാണ്. ബിജെപി മുൻ ജില്ലാ പ്രസിഡന്റ് അഡ്വ. കെ ബാലകൃഷ്ണ ഷെട്ടി. യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്, കെ മണികണ റായ്, വൈ സുരേഷ്, ലോകേഷ് നോഡ വെയ്സ്റ്റ് മറ്റ് പ്രതികൾ.