ന്യൂഡൽഹി: മാധ്യമ പ്രവർത്തകരുടെ ഡിജിറ്റൽ ഉപകരണങ്ങൾ തോന്നും പോലെ സർക്കാർ പിടിച്ചെടുക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തി സുപ്രൂം കോടതി. മാധ്യമ പ്രവർത്തകരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ കൂടുതൽ മികച്ച മാർഗ്ഗനിർദ്ദേശങ്ങൾ വേണമെന്ന് കോടതി പറഞ്ഞു. ഫൗണ്ടേഷൻ ഫോർ മീഡിയ പ്രൊഫഷണൽസ് നൽകിയ പൊതുതാൽപര്യ ഹർജി പരിഗണിക്കവേയാണ് ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗളും സുധാൻശു ധൂലിയയും ഇക്കാര്യത്തിൽ മുന്നറിയിപ്പ് നൽകിയത്. ഇക്കാര്യത്തിൽ വ്യക്തമായ മാർഗ്ഗനിർദ്ദേശം തയ്യാറാക്കാൻ സുപ്രീംകോടതി കേന്ദ്രസർക്കാരിന് നിർദ്ദേശം നല്കി.

' നൂറുകണക്കിന് മാധ്യമപ്രവർത്തകരുടെ ഡിജിറ്റൽ ഉപകരണങ്ങൾ കൂട്ടത്തോടെ എടുത്തുകൊണ്ടുപോവുകയാണ്. ഇക്കാര്യത്തിൽ മാർഗ്ഗനിർദ്ദേസങ്ങൾ ഒന്നുമില്ല, പരാതിക്കാർക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് അഗർവാൾ പറഞ്ഞു. അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു ഇക്കാര്യത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ചപ്പോഴാണ് ജസ്റ്റിസ് കൗൾ തോന്നും പടിയുള്ള നടപടികളിൽ നിന്ന് സംരക്ഷണം നൽകാൻ മാർഗ്ഗനിർദ്ദേശങ്ങൾ വേണമെന്ന് വ്യക്തമാക്കിയത്.

' ഇതൊരു ഗുരുതര പ്രശ്‌നമാണ്. മാധ്യമപ്രവർത്തർക്ക് അവരുടേതായ സ്രോതസ്സുകളും മറ്റും ഉണ്ടാകും. ചില മാർഗ്ഗനിർദ്ദേശങ്ങൾ ഉണ്ടാകണം. നിങ്ങൾ എല്ലാം എടുത്തുകൊണ്ടുപോയാൽ അതുപ്രശ്‌നമാണ്. ചില മാർഗ്ഗനിർദ്ദേശങ്ങൾ ഉണ്ടെന്നി നിങ്ങൾ ഉറപ്പാക്കണം', ജസ്റ്റിസ് കൗൾ പറഞ്ഞു.

ഭരണകൂടം എന്നാൽ അന്വേഷണ ഏജൻസികൾ ആയി മാറുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ഫോണും ക്യംപൂട്ടറടക്കമുള്ള ഉപകരണങ്ങളും പിടിച്ചെടുക്കുന്ന പ്രവണ കൂടുന്നതിനെതിരെയാണ് മീഡിയ പ്രൊഫഷണൽസ് ഫൗണ്ടേഷൻ ഹർജി നൽകിയത്.

മാധ്യമപ്രവർത്തകർക്ക് വാർത്താസ്രോതസ് സംരക്ഷിക്കാനുള്ള അവകാശമുണ്ട്. സ്വകാര്യത മൗലിക അവകാശമാണെന്നും സുപ്രീംകോടതി ഓർമ്മിപ്പിച്ചു. മാധ്യമപ്രവർത്തകർക്കെതിരെ എങ്ങനെ റെയിഡ് നടത്താം. എന്തൊക്കെ പിടിച്ചെടുക്കാം, എപ്പോൾ പിടിച്ചെടുക്കാം എന്നിവയിലൊക്കെ മാർഗ്ഗരേഖ ആവശ്യമാണ്. തന്നിഷ്ട പ്രകാരം നടപടി എടുക്കാനാവില്ല. സർക്കാരുകളെന്നാൽ അന്വേഷണ ഏജൻസികളാകുന്നത് അംഗീകരിക്കാനാവില്ല. പിടിച്ചെടുക്കുന്ന ഉപകരണങ്ങളിലുള്ളത് ചോർന്നാൽ അത് മാധ്യമപ്രവർത്തകരുടെ അവകാശങ്ങളുടെ ലംഘനമാകും. ഒരു സർക്കാരിന്റെ നയത്തെ ഇക്കാര്യത്തിൽ മറ്റു സർക്കാരുകൾ പകർത്തുന്ന പ്രവണതയുണ്ടെന്ന പരാമർശവും കോടതി നടത്തി. അന്വേഷണ ഏജൻസികൾക്ക് പരിശോധന നടത്തേണ്ടി വരുമെന്നും ഇക്കാര്യത്തിൽ മാധ്യമങ്ങൾക്ക് വിശേഷ അവകാശമില്ലെന്നും കേന്ദ്ര സർക്കാർ വാദിച്ചു.

എന്നാൽ ഇതിൽ മാർഗ്ഗരേഖ അനിവാര്യമാണെന്ന് കോടതി മറുപടി നല്കി. അടുത്തമാസം ആറിന് കേസ് പരിഗണിക്കും മുമ്പ് മാർഗ്ഗരേഖ തയ്യാറാക്കി നല്കാനാണ് കേന്ദ്രത്തിന് നിർദ്ദേശം. ന്യൂസ് ക്‌ളിക്ക്, ബിബിസി, ഓൾട്ട് ന്യൂസ് , ദ വയർ തുടങ്ങിയ സ്ഥാപനങ്ങളിലെ റെയിഡുകൾ വിവാദമായിരുന്നു. കേരളത്തിൽ മറുനാടൻ മലയാളിയുടെ ഓഫീസിൽ റെയ്ഡ് നടത്തി കംപ്യൂട്ടറുകൾ അടക്കം ഉപകരണങ്ങൾ പിടിച്ചെടുത്തിരുന്നു. എന്തായാലും ഇക്കാര്യത്തിൽ സുപ്രീ കോടതി ഇടപെട്ട് മാർഗ്ഗ നിർദ്ദേശങ്ങൾ കൊണ്ടുവരികയാണ്.