ന്യൂഡൽഹി: ബില്ലുകൾ തടഞ്ഞുവെച്ചുകൊണ്ട് ഗവർണർക്ക് നിയമസഭയെ മറിടക്കാനാവില്ലെന്ന് സുപ്രീംകോടതി. പഞ്ചാബ് കേസിലെ വിധിയിലാണ് സുപ്രീംകോടതി നിലപാട്. നിയമസഭ വീണ്ടും ബില്ലുകൾ പാസാക്കിയാൽ ഒപ്പിടാൻ ഗവർണർക്ക് ഉത്തരവാദിത്തമുണ്ട്. ചീഫ് ജസ്റ്റീസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് സുപ്രധാന വിധി.

സംസ്ഥാന നിയമസഭ പാസാക്കിയ ഒരു ബിൽ തീരുമാനമെടുക്കാതെ ഗവർണർ തടഞ്ഞുവെക്കുകയാണെങ്കിൽ പുനഃപരിശോധനക്കായി തിരിച്ചയക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഇന്ത്യൻ ഭരണഘടനയുടെ 200ാം അനുച്ഛേദത്തിൽ ഗവർണർ സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലിന് അനുമതി നൽകാതെ തടഞ്ഞുവെക്കുകയാണെങ്കിൽ അടുത്ത നടപടിയെന്താണെന്ന് വിശദീകരിച്ചിട്ടില്ല. ഈയൊരു സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് കേസിൽ നിർണായക വിധി പുറപ്പെടുവിച്ചത്.

ബില്ലുകൾ മുന്നിലെത്തുമ്പോൾ അതിന് അനുമതി നൽകുകയോ തടഞ്ഞുവെക്കുകയോ രാഷ്ട്രപതിയുടെ അഭിപ്രായം തേടുകയോ ചെയ്യാം. ഭരണഘടന അനുച്ഛേദം 200 പ്രകാരം തടഞ്ഞുവെക്കുന്ന ബില്ലുകൾ ഉടൻ നിയമസഭക്ക് തിരിച്ചയച്ച് മാറ്റങ്ങൾ നിർദ്ദേശിക്കാം. ഈ മാറ്റങ്ങൾ വരുത്തിയോ വരുത്താതെയോ നിയമസഭ ബിൽ പാസാക്കി വീണ്ടും ഗവർണർക്ക് സമർപ്പിച്ചാൽ നിർബന്ധമായും ബില്ലിന് അനുമതി നൽകണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

ഗവർണർ സംസ്ഥാനത്തിന്റെ തിരഞ്ഞെടുക്കപ്പെടാത്ത തലവനാണ്. നിയമസഭയുടെ നിയമനിർമ്മാണ അധികാരങ്ങളെ അട്ടിമറിക്കാൻ ഗവർണർക്ക് സാധിക്കില്ല. പാർലമെന്ററി ജനാധിപത്യത്തിൽ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്കാണ് അധികാരം. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഇത് തന്നെയാണ് സ്ഥിതി. രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യുന്ന പ്രതിനിധി മാത്രമാണ് ഗവർണറെന്നും സുപ്രീംകോടതി ഓർമിപ്പിച്ചു. ഡി.വൈ ചന്ദ്രചൂഢിന് പുറമേ ജസ്റ്റിസ് പാർദിവാല, മനോജ് മിശ്ര എന്നിവരും ബെഞ്ചിൽ അംഗങ്ങളാണ്.

സംസ്ഥാന സർക്കാരിന്റെ ഉപദേശം അനുസരിച്ചാണ് ഗവർണർമാർ പ്രവർത്തിക്കേണ്ടതെന്ന് നേരത്തെ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. പഞ്ചാബ് നിയമസഭ സമ്മേളനത്തിന്റെ സാധുത ചോദ്യം ചെയ്ത ഗവർണർക്ക് തീകൊണ്ടു കളിക്കരുതെന്നും കോടതി മുന്നറിയിപ്പ് നല്കി. പിടിച്ചുവെച്ച ബില്ലുകളിൽ ഉടൻ തീരുമാനമെടുക്കാൻ കോടതി പഞ്ചാബ് ഗവർണറോട് ആവശ്യപ്പെട്ടിരുന്നു.

പഞ്ചാബിൽ നാല് ബില്ലുകളാണ് ഗവർണർ ബൻവാരിലാൽ പുരോഹിത് പിടിച്ചു വച്ചിരിക്കുന്നത്. മാർച്ചിൽ ചേർന്ന നിയമസഭ സമ്മേളനം അവസാനിപ്പിക്കാതെ ജൂണിൽ ഇതിന്റെ തുടർച്ചയായി സഭ വിളിച്ചാണ് ബില്ലുകൾ പാസാക്കിയത്. സമ്മേളനം നിയമവിരുദ്ധമെന്നായിരുന്നു ഗവർണറുടെ നിലപാട്. ഗവർണർക്ക് ഇങ്ങനെ തീരുമാനിക്കാൻ ഒരവകാശവുമില്ലെന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച് പറഞ്ഞിരുന്നു.

ജനങ്ങൾ തെരഞ്ഞെടുത്ത സഭയുടെ സമ്മേളനം അസാധു എന്ന് ഗവർണർ പറയുന്നത് തീ കൊണ്ടുള്ള കളിയാണ്. ഇത് ജനാധിപത്യത്തിൽ എന്ത് പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ചിന്തിക്കണം. സഭയുടെ കാര്യങ്ങൾ നിശ്ചയിക്കാനുള്ള അവകാശം സ്പീക്കർക്കാണ്. മന്ത്രിസഭ നൽകുന്ന ഉപദേശത്തിന് അനുസരിച്ച് മാത്രമേ ഗവർണർക്ക് പ്രവർത്തിക്കാൻ കഴിയൂ. പാർലമെന്ററി ജനാധിപത്യം മുന്നോട്ട് കൊണ്ടു പോകാനുള്ള ബാധ്യത എല്ലാവരും പാലിക്കണമെന്നും ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബഞ്ച് കർശന നിർദ്ദേശം നൽകി. ബില്ലുകളിൽ ഭരണഘടന നിർദ്ദേശിക്കുന്ന ഏതെങ്കിലും ഒരു തീരുമാനം കൈക്കൊള്ളണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.