കൊച്ചി: ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങൾ സ്റ്റേജ് കാര്യേജായി ഉപയോഗിക്കാനാവില്ലെന്ന് ഹൈക്കോടതി. ഇത്തരം വാഹനങ്ങൾ പെർമിറ്റ് ചട്ടങ്ങൾ ലംഘിക്കുകയാണെങ്കിൽ പിഴ ചുമത്താമെന്നും കോടതി ഉത്തരവിട്ടു. നിയമം ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ അധികൃതർക്ക് സ്വാതന്ത്ര്യമുണ്ടെന്നും കോടതി അറിയിച്ചു. പെർമിറ്റ് ചട്ടം ലംഘിച്ചതിന് പിഴ ചുമത്തിയതിനെതിരായ കൊല്ലം സ്വദേശികളുടെ ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. ഉത്തരവ് സർക്കാരിനെ വെല്ലുവിളിച്ച് സ്റ്റേജ് കാര്യേജായി സർവീസ് നടത്തുന്ന റോബിൻ മോട്ടോഴ്‌സിന് അടക്കം തിരിച്ചടിയാണ്.

ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ഉള്ള വാഹനങ്ങൾ സ്റ്റേജ് ക്യാരേജ് ആയി ഓടിക്കാൻ പാടില്ലെന്നും അത് കെഎസ്ആർടിസി ഉൾപ്പെടെയുള്ള സ്റ്റേജ് ഓപ്പറേറ്റർമാരുടെ പ്രവർത്തനത്തിനു ഹാനികരമെന്നുമാണ് കോടതി പറഞ്ഞത്.

ഇതുമായി ബന്ധപ്പെട്ട ഗതാഗത വകുപ്പിന്റെ കുറിപ്പ് വായിക്കാം:

കെഎസ്ആർടിസിയെയും ജീവനക്കാരെയും ബാധിക്കുന്നു എന്നത് മാത്രമല്ല സംസ്ഥാനത്തുടനീളം ഓടുന്ന പ്രൈവറ്റ് സ്റ്റേജ് ക്യാരേജ് വാഹന ഓപ്പറേറ്റർമാരെയും ജീവനക്കാരെയും അതുപോലെതന്നെ ദിനംപ്രതി സ്റ്റേജ് ക്യാരേജ് ബസ്സുകളെ ആശ്രയിക്കുന്ന 75 ലക്ഷത്തോളം യാത്രക്കാരെയും ബാധിക്കുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉള്ള ഒരു നിയമലംഘനമാണ് ഇവിടെ നടത്താൻ ശ്രമിച്ചത്. ടൂറിസ്റ്റ് ബസ്സുകളുടെ അതിർത്തികടന്നുള്ള സുഗമമായ യാത്രക്ക് വേണ്ടി കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് നിയമം 2023 വളച്ചൊടിച്ചു ചുളുവിൽ കോൺട്രാക്ട് ക്യാരേജ് വാഹനങ്ങളെ സ്റ്റേജ് ക്യാരേജ് ആയി മാറ്റാനാണ് ഇവർ ശ്രമിച്ചത്.

കേന്ദ്രസർക്കാർ വെബ്‌സൈറ്റിൽ (https://parivahan.gov.in/parivahan//node/2697) ലഭ്യമായ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് നിയമം എന്തിനുവേണ്ടി എന്ന വീഡിയോയും ഇതിനോടൊപ്പം റിലീസ് ചെയ്യുന്നു. ഓരോ സംസ്ഥാനത്തിന്റെ അതിർത്തിയിൽ ഉള്ള ചെക്ക് പോസ്റ്റുകളിൽ വ്യത്യസ്തമായ പെർമിറ്റ് ചാർജ് ഈടാക്കുന്നത് ഒഴിവാക്കാനും വാഹനം പിടിച്ചിടുന്നത് പൂർണമായിട്ട് അവസാനിപ്പിക്കാനും ഓപ്പറേറ്റർമാർക്ക് ഓൺലൈൻ ആയിട്ട് ആവശ്യമായ തുക മുൻകൂട്ടി അടച്ച് ജി എസ് ടി പോലെ പെട്ടെന്ന് കാലതാമസം ഇല്ലാതെ വാഹനം മറ്റ് സംസ്ഥാനങ്ങളിലേക്ക് പ്രവേശിക്കാനും വേണ്ടി ആണ് ഈ നിയമം കൊണ്ടുവന്നതെന്ന് കേന്ദ്രസർക്കാരിന്റെ വീഡിയോ മുഖേനെ കൃത്യമായ സന്ദേശം നൽകുന്നു. അതിൽ ഒരിക്കലും സ്റ്റേജ് ക്യാരേജ് ആയി മാറ്റാം എന്ന് പറയുന്നില്ല.

ടൂറിസ്റ്റ് വാഹനങ്ങളിൽ ഓരോ ദിവസവും ഓഫീസിൽ പോകുന്നവരെയും ആശുപത്രിയിൽ പോകുന്നവരെയും മറ്റ് ആവശ്യങ്ങൾക്ക് പോകുന്നവരെയും ഓരോ ബസ്റ്റാൻഡിലും കയറി വിളിച്ചു കൂവി കയറ്റി തോന്നുന്ന ചാർജിൽ പ്രത്യേകം പ്രത്യേകം ടിക്കറ്റ് കൊടുത്തിട്ടു ടൂറിസ്റ്റ് ആണ് എന്ന് പറഞ്ഞ് ഓടിക്കുന്നതിനെതിരായിട്ടാണ് സംസ്ഥാന മോട്ടോർ വെഹിക്കിൾ വകുപ്പ് കർശന നടപടി എടുത്തത്. ആ നടപടി എടുത്തത് തെറ്റാണെങ്കിൽ അത് ചോദ്യം ചെയ്യേണ്ടത് ബഹു. കോടതികളിലാണ്. റോഡിൽ അല്ല. ബഹുമാനപ്പെട്ട ഹൈക്കോടതിയും സുപ്രീംകോടതിക്കും വകുപ്പുകളും സർക്കാർ എടുക്കുന്ന നടപടികൾ തെറ്റാണെങ്കിൽ അത് റദ്ദ് ചെയ്യുന്നതിനുള്ള അധികാരമുണ്ട്. അതിനുപകരം നിയമം കയ്യിലെടുക്കുകയും അതിന്റെ പേരിൽ നാട്ടുകാരിൽ നിന്ന് വ്യാപകമായ പിരിവ് ഓൺലൈനായി നടത്തുകയും അതിലൂടെ സമ്പന്നൻ ആകാനുള്ള കുറുക്കുവഴികളാണ് ചിലർ ഇവിടെ നടത്തിക്കൊണ്ടിരിക്കുന്നത്.

ഒരു സ്വകാര്യ കച്ചവടക്കാരനും ജന നന്മയ്ക്ക് വേണ്ടി നഷ്ടത്തിൽ ഒരു പ്രവർത്തനം ചെയ്യും എന്ന് കരുതുന്നവർ നാളെ ഈ രംഗത്ത് നിന്ന് നഷ്ടത്തിൽ ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യ സ്റ്റേജു ക്യാരേജ് ബസ്സുകൾ എല്ലാം പിന്മാറുമ്പോൾ മാത്രമേ ഇതിന്റെ ദൂരവ്യാപകമായ പ്രത്യാഘാതം എന്താണെന്നു മനസ്സിലാക്കുകയുള്ളൂ. നിയമലംഘനത്തിന് പ്രോത്സാഹിപ്പിക്കുന്നത് ആർക്കും ഭൂഷണമല്ല.ഏതെങ്കിലും ഒരു വ്യക്തി എന്നുള്ള നിലയിൽ അല്ല നിയമലംഘനത്തിനെതിരായിട്ട് നടപടി എടുക്കുന്നത്. ഇതിന്റെ പിന്നിൽ കുറുക്കുവഴിയിലൂടെ ലാഭമുണ്ടാക്കാം എന്ന് കരുതുന്ന വലിയൊരു ലോബി പ്രവർത്തിക്കുന്നുണ്ട്. അവരെല്ലാം പിറകിൽ നിന്നുകൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഒരു വാഹനം രംഗത്തിറക്കി നിയമം ലംഘിക്കാമോ എന്ന പരീക്ഷണമാണ് ഇവിടെ നടക്കുന്നത്.

സംസ്ഥാന മോട്ടോർ വാഹന വകുപ്പ് നടപടി എടുത്തപ്പോൾ അത് പക്ഷപാതപരമാണെന്ന് പറഞ്ഞിരുന്നവർ തമിഴ്‌നാട്ടിലെ മോഹന മോട്ടോർ വാഹന വകുപ്പും അതേ രീതിയിൽ നടപടിയെടുത്തപ്പോൾ അത് കേരളം സ്വാധീനിച്ചതാണ് എന്ന രീതിയിൽ പ്രചരണം നടത്തി. കേരളത്തിന്റെ 5 ഇരട്ടി പൊതുമേഖല ബസ്സുകൾ ഉള്ള സംസ്ഥാനമാണ് തമിഴ്‌നാട്. അന്തർ സംസ്ഥാന ബസ് സർവീസിനായി അവർക്ക് ഒരു പ്രത്യേക കോർപ്പറേഷൻ തന്നെയുണ്ട്. നിയമലംഘനം എല്ലായിടത്തും ഒരേ രീതിയിലാണ് കാണുന്നത് എന്നതിന്റെ തെളിവാണ് തമിഴ് നാടിന്റെ നടപടി . എന്തായാലും സംസ്ഥാന മോട്ടോർ വാഹന വകുപ്പും കെഎസ്ആർടിസിയും ഉന്നയിച്ച വാദഗതികൾ ഒക്കെ അംഗീകരിക്കുന്ന ഒരു വിധിയാണ് ബഹുമാനപ്പെട്ട ഹൈക്കോടതി ഇപ്പോൾ പുറപ്പെടുവിച്ചിരുന്നത്.

ബഹു കോടതിയിൽ ഇതിനുമുമ്പ് പറഞ്ഞത് ശബരിമലയിലേക്കുള്ള ബുക്കിങ് ഞങ്ങൾ എടുത്തു പോയി അതുകൊണ്ട് ഫൈൻ അടിച്ചു ഓടാൻ എങ്കിലും അനുവദിക്കണം അല്ലെങ്കിൽ യാത്രക്കാർക്ക് ബുദ്ധിമുട്ടാകും എന്നാണ്. കോടതിയെ തെറ്റിദ്ധരിപ്പിക്കുകയും അതിനുശേഷം ഓരോ ബസ്റ്റാൻഡിലും കയറി വിളിച്ചു കൂവി തോന്നുന്ന ടിക്കറ്റ് നിരക്കിൽ തോന്നുന്ന റൂട്ടിൽ തോന്നുന്ന സമയത്തു ബസ്സു ഓടിക്കുകയും ചെയ്തു. പണം പിരിക്കാൻ സോഷ്യൽ മീഡിയയെ വ്യാപകമായി ഉപയോഗിച്ചു. ബഹു കോടതി മുൻപ് ബുക്കിങ് എടുത്ത യാത്രക്കാരെ ഏതാനും ദിവസം ഫൈൻ അടച്ചു കൊണ്ടുപോകൂ എന്ന ഒരു ഉത്തരവ് നൽകിയപ്പോൾ നിയമലംഘനം അല്ല എന്ന് പ്രചരിപ്പിക്കുകയും അതിനുശേഷം നിരന്തരമായി നിയമലംഘിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് എല്ലാ ദിവസവും അന്തർ സംസ്ഥാന ലോബിക്ക് വേണ്ടി പരീക്ഷണ ഓട്ടം നടത്തുകയായിരുന്നു.

ഇത്തരത്തിൽ നിയമലംഘനം നടത്തുന്ന വാഹനങ്ങളിൽ സ്‌കൂൾ കുട്ടികളുടെ കൺസഷൻ ഉണ്ടാവില്ല, ഭിന്നശേഷിക്കാർക്ക് പാസ് ഉണ്ടാവില്ല, എന്തിന് സാധാരണ ജനങ്ങൾക്ക് വേണ്ടി സംസ്ഥാന സർക്കാർ നിശ്ചയിക്കുന്ന യാതൊരു നിരക്കും ബാധകമായിരിക്കില്ല എന്ന് മനസ്സിലാക്കാതെയാണ് ഒരു കൂട്ടം ആൾക്കാര് ഈ നിയമലംഘനത്തിന് പ്രോത്സാഹിപ്പിച്ചത്. നിയമലംഘനം നടത്തുന്നതിന് തടയിടുന്ന ഉദ്യോഗസ്ഥരെ അവഹേളിക്കാനും ശ്രമിച്ചു. ബഹുമാനപ്പെട്ട കോടതിയുടെ ഉത്തരവ് നിലനിൽക്കുമ്പോൾ ഒരു ഉദ്യോഗസ്ഥനും ആ ഉത്തരവ് ലംഘിക്കാൻ ധൈര്യപ്പെടില്ല.

കോടതി ഉത്തരവ് നിലനിൽക്കുമ്പോൾ നിയമലംഘകർക്കെതിരെ നടപടിയെടുത്തതിൽ നിന്ന് മനസ്സിലാക്കേണ്ടത് നിലവിലെ നിയമമാണ് ഇവിടെ നടപ്പാക്കി കൊണ്ടിരിക്കുന്നത് എന്നാണ്. ഇത് ശരിയെന്ന് തെളിയിക്കുന്ന വിധിയാണ് ബഹുമാനപ്പെട്ട ഹൈക്കോടതി ഇപ്പോൾ പുറപ്പെടുവിച്ചിരിക്കുന്നത്. ഈ നിയമ പോരാട്ടം ഏതറ്റം വരെയും കൊണ്ടുപോകാൻ മോട്ടോർ വാഹന വകുപ്പ് പ്രതിജ്ഞാബദ്ധമാണ്. കാരണം ഇവിടെ നിലനിൽക്കുന്ന വ്യവസ്ഥകൾക്കെതിരാണെന്ന് മാത്രമല്ല പൊതുഗതാഗതം എന്നെന്നേക്കുമായി ഇല്ലാതായി സാധാരണ ജനങ്ങൾക്ക് ഓണക്കാലത്തും അതുപോലുള്ള ഉത്സവകാലത്തും അന്തർ സംസ്ഥാന റൂട്ടിൽ കൊള്ളയടിക്കുന്നത് പോലെ എല്ലാവരെയും എല്ലാ ദിവസവും കൊള്ളയടിക്കുന്ന ഒരു സ്ഥിതി വിശേഷം ഒഴിവാക്കാനുള്ള ഒരു ശ്രമമാണ് വകുപ്പ് നടത്തിയിട്ടുള്ളത് എന്ന് മനസ്സിലാക്കാൻ അഭ്യർത്ഥിക്കുന്നു.