കൊച്ചി. സംരംഭകന് വാഗ്ദാനം ചെയ്ത പ്രകാരം നിർദിഷ്ട സവിശേഷതകൾ ഇല്ലാത്ത ഉപകരണം നിർമ്മിച്ച് നൽകിയ, കമ്പനി 4,19,1 9 0/ രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി ഉത്തരവ് നൽകി.

എറണാകുളം പെരുമ്പാവൂർ സ്വദേശി കെ ജി രാജൻ സമർപ്പിച്ച പരാതിയിൽ ഡി.ബി ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രൻ , ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതിയാണ് ഉത്തരവിട്ടത്.

ചെറുകിട വ്യവസായിയായ പരാതിക്കാരൻ സ്വയം തൊഴിലിനായാണ് ഷീറ്റ് സെപ്പറേറ്റർ മെഷീൻ ചെന്നൈയിൽ പ്രവർത്തിക്കുന്ന ജെ.സി മിഷനറിയിൽ നിന്നും വാങ്ങിയത്. എസ്റ്റിമേറ്റിൽ അവകാശപ്പെട്ട പ്രകാരമുള്ള സവിശേഷതകൾ മിഷ്യനിൽ ഇല്ലെന്ന് പരാതിക്കാരൻ കണ്ടെത്തി .ഇക്കാര്യം എതിർകക്ഷിയെ അറിയിച്ചപ്പോൾ മിഷ്യൻ തിരിച്ചെടുക്കാമെന്ന് രേഖാമൂലം അവർ ഉറപ്പു നൽകിയെങ്കിലും പിന്നീട് നടപടി ഒന്നുമുണ്ടായില്ല. തുടർന്ന് അഭിഭാഷകൻ മുഖേന നോട്ടീസ് അയച്ചിട്ടും പ്രതികരിച്ചില്ല. ഈ സാഹചര്യത്തിലാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്.

'ഉല്പന്ന ബാധ്യത( Product liability)പുതിയ ഉപഭോക്ത സംരക്ഷണം നിയമത്തിന്റെ സുപ്രധാനമായ സവിശേഷതയാണ്. വാങ്ങുന്നയാൾ സൂക്ഷിക്കുക ( Buyer beware ) എന്ന പരമ്പരാഗത ആശയത്തിന് വിൽക്കുന്നയാൾ സൂക്ഷിക്കുക(seller beware ) എന്നതിലേക്കുള്ള മാറ്റം ഉപഭോക്തൃ അവകാശ സംരക്ഷണരംഗത്ത് വലിയ മാറ്റമാണ് ഉണ്ടാക്കിയത്. വാഗ്ദാനത്തിന് വിരുദ്ധമായി ഉൽപ്പന്നത്തിൽ വ്യതിയാനം വരുത്തിയതിൽ നിർമ്മാതാവിന് ബാധ്യതയുണ്ടെന്ന് കമ്മീഷൻ ഉത്തരവിൽ വ്യക്തമാക്കി.

നഷ്ടപരിഹാരമായി 419,190/- രൂപ 9% പലിശ സഹിതം ഒരു മാസത്തിനകം ഉപഭോക്താവിന് നൽകാൻ കമ്പനിക്ക് കോടതി ഉത്തരവ് നൽകി.

പരാതിക്കാരന് വേണ്ടി അഡ്വക്കേറ്റ് ടോം ജോസഫ് ഹാജരായി.