പത്തനംതിട്ട: കേടായ വാട്ടർ മീറ്റർ തോന്നുംപടി കറങ്ങി. മീറ്ററിനെ വിശ്വസിച്ച വാട്ടർ അഥോറിറ്റി ഉപയോക്താവിനെ വട്ടം കറക്കി. സ്വയം കറങ്ങിക്കൊണ്ടേയിരിക്കുന്ന മീറ്ററിൽ നിന്നുള്ള റീഡിങ് അനുസരിച്ച് ഉപയോക്താവിന് വാട്ടർ അഥോറിറ്റി നൽകിയ വൻ തുകയ്ക്കുള്ള ബിൽ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ റദ്ദാക്കി. അഥോറിറ്റി സ്വന്തം ചെലവിൽ മീറ്റർ മാറി വച്ചു കൊടുക്കാൻ കമ്മിഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറ, അംഗം നിഷാദ് തങ്കപ്പൻ എന്നിവർ ഉത്തരവിട്ടു.

വാട്ടർ അഥോറിറ്റി തിരുവല്ല പി.എച്ച്. ഡിവിഷന് കീഴിലുള്ള തുകലശേരി കളരിപറമ്പിൽ കെ. ഉണ്ണിക്കൃഷ്ണൻ നൽകിയ ഹർജി പരിഗണിച്ചാണ് ഉത്തരവ്. കഴിഞ്ഞ 15 വർഷമായി ശരാശരി 732 രൂപയ്ക്കുള്ള ബില്ലാണ് വാട്ടർ അഥോറിറ്റി ഉണ്ണികൃഷ്ണന് നൽകിയിരുന്നത്. ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന ഉണ്ണികൃഷ്ണന്റെ കുടുംബത്തിന് ഈ തുകയ്്ക്കുള്ള വെള്ളം ധാരാളമാണ്. അങ്ങനെയിരിക്കേ 2022 ഒക്ടോബർ 15 ന് 13.377 രൂപയുടെ വാട്ടർ ബിൽ ഇവർക്ക് ലഭിച്ചു. ഉടൻ തന്നെ വാട്ടർ അഥോറിറ്റി തിരുവല്ല ഡിവിഷനിൽ നേരിൽ ചെന്ന് വിവരം ധരിപ്പിച്ചിട്ടും പ്രയോജനമുണ്ടായില്ല. ഡിസംബർ 14 ന് വീണ്ടും 13,163 രൂപയുടെ ബിൽ വാട്ടർ അഥോറിറ്റി നൽകി. കഴിഞ്ഞ വർഷം ഫെബ്രുവരി ഒമ്പതിന് 13,839 രൂപയുടെ ബില്ലും നൽകി.

വീണ്ടും പരാതിയുമായി ചെന്നെങ്കിലും ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും മോശം പ്രതികരണമാണ് ഉണ്ടായത്. തുടർന്ന് ഉണ്ണിക്കൃഷ്ണൻ വാട്ടർ അഥോറിറ്റി അസിസ്റ്റന്റ് എൻജിനീയറെ എതിർകക്ഷിയാക്കി ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷനിൽ ഹർജി നൽകി. കമ്മിഷൻ ഇരുകൂട്ടരെയും വിളിച്ചു വരുത്തി തെളിവെടുപ്പ് നടത്തി. ഉണ്ണികൃഷ്ണന്റെ വീട്ടിൽ സ്ഥാപിച്ചിട്ടുള്ള വാട്ടർ മീറ്ററിന്റെ തകരാർ മൂലമാണ് തെറ്റായ റീഡിങ് വന്നതെന്ന് കമ്മിഷന് ബോധ്യമായി. ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം ഉണ്ണികൃഷ്ണന് കൊടുത്ത മൂന്നു ബില്ലുകളും തെറ്റാണെന്ന് കമ്മിഷൻ കണ്ടെത്തി.

വാട്ടർ അഥോറിറ്റിയുടെ മീറ്ററുകൾക്ക് തകരാർ സംഭവിച്ചാൽ മാറി വച്ചു കൊടുക്കേണ്ടത് അവർ തന്നെയാണെന്നും അതിന്റെ പേരിൽ ഉപയോക്താവിനെ ബുദ്ധിമുട്ടിച്ചാൽ ഉദ്യോഗസ്ഥരുടെ പേരിൽ നടപടിയെടുക്കാൻ കമ്മിഷൻ തയാറാകുമെന്നും പ്രസിഡന്റും അംഗവും താക്കീത് നൽകി. ഇതുവരെയും ഹർജിക്കാരന്റെ വീട്ടിലെ വാട്ടർ കണക്ഷൻ റദ്ദാക്കാത്തതിനാൽ തുടർ നടപടിക്ക് കമ്മിഷൻ പോകുന്നില്ല. ഹർജിക്കാരന് നൽകിയ 40,767 രൂപയ്ക്കുള്ള മൂന്നു ബില്ലുകളും റദ്ദു ചെയ്യുന്നതായും കമ്മിഷൻ ഉത്തരവിട്ടു.ഹർജിയുടെ പൊതുസ്വഭാവം മനസിലാക്കി ഇരുകൂട്ടർക്കുമുണ്ടായിട്ടുള്ള ചെലവുകൾ അവരവർ തന്നെ വഹിക്കാനും കമ്മിഷൻ നിർദ്ദേശിച്ചു.