ന്യൂഡൽഹി: കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ സംബന്ധിച്ചിടത്തോളം നിർണായകമായ എസ്എൻസി ലാവലിൻ കേസിലെ തുടർ നടപടികൾ സുപ്രീംകോടതിയിൽ ചൊവ്വാഴ്‌ച്ചയും തുടങ്ങിയേക്കില്ല. കേസുമായി ബന്ധപ്പെട്ട ഹർജികളിൽ ചൊവ്വാഴ്ചയും സുപ്രീം കോടതിയിൽ വാദം കേൾക്കൽ നടന്നേക്കില്ലെന്നാണ് റിപ്പോർട്ടുകൾ. ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിലെ നടപടികൾ ഇല്ലെങ്കിൽ മാത്രമേ ലാവലിൻ കേസുമായി ബന്ധപ്പെട്ട ഹർജികൾ ചൊവ്വാഴ്‌ച്ച ഉച്ചക്ക് ശേഷം പരിഗണിക്കുകയുള്ളൂ. ഭരണഘടനാ ബെഞ്ചിന് ബദലായി രൂപീകരിച്ചിട്ടുള്ള മൂന്നംഗ ബെഞ്ച് പരിഗണിക്കുന്ന ഹർജികളിൽ ലാവലിൻ കേസുമായി ബന്ധപ്പെട്ട ഹർജികൾ ഉൾപെടുത്തിയിട്ടുണ്ട്.

ലാവലിൻ കേസുമായി ബന്ധപ്പെട്ട ഹർജികൾ സെപ്റ്റംബർ പതിമൂന്നിന് പരിഗണിക്കുന്ന കേസുകളുടെ പട്ടികയിൽനിന്ന് നീക്കംചെയ്യരുതെന്ന് ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് നേരത്തെ നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചീഫ് ജസ്റ്റിസ് യു.യു ലളിത്, ജസ്റ്റിസുമാരായ എസ്. രവീന്ദ്ര ഭട്ട്, ജെ. ബി. പർഡിവാല എന്നിവരടങ്ങിയ ബെഞ്ച് ചൊവ്വാഴ്‌ച്ച പരിഗണിക്കുന്ന ഹർജികളുടെ പട്ടികയിൽ ലാവലിൻ കേസുമായി ബന്ധപ്പെട്ട ഹർജികളും ഉൾപെടുത്തിയിട്ടുണ്ട്.

എന്നാൽ ചീഫ് ജസ്റ്റിസ് യു.യു. ലളിതിന്റെ അധ്യക്ഷതയിലുള്ള ഭരണഘടനാ ബെഞ്ചിന്റെ നടപടികൾ പൂർത്തിയാവുകയോ ഭരണഘടനാ ബെഞ്ച് ഇരിക്കാതിരിക്കുയോ ചെയ്താൽ മാത്രമേ ലാവലിൻ ഹർജികൾ ചൊവ്വാഴ്‌ച്ച പരിഗണിക്കാൻ ഇടയുള്ളൂ. നിലവിലെ സാഹചര്യത്തിൽ അതിനുള്ള സാധ്യത വിരളമാണെന്ന് സുപ്രീം കോടതി വൃത്തങ്ങൾ വ്യക്തമാക്കി.

ചൊവ്വാഴ്‌ച്ച രാവിലെ മുതൽ ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഏർപ്പെടുത്തിയ സംവരണത്തിന്റെ ഭരണഘടനാ സാധുത ചോദ്യംചെയ്തുള്ള ഹർജികളിൽ വാദം കേൾക്കൽ ആരംഭിക്കും.

ചീഫ് ജസ്റ്റിസ് യു.യു. ലളിതിന് പുറമേ ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, എസ്. രവീന്ദ്ര ഭട്ട്, ബേല എം. ത്രിവേദി, ജെ. ബി. പർഡിവാല എന്നിവരാണ് ഭരണഘടനാ ബെഞ്ചിലെ അംഗങ്ങൾ. അഞ്ച് ദിവസം ഈ ഹർജികളിൽ ഭരണഘടനാ ബെഞ്ച് വാദം കേൾക്കുമെന്നാണ് ചീഫ് ജസ്റ്റിസ് അറിയിച്ചിട്ടുള്ളത്.