കൊച്ചി:പെരിയ ഇരട്ടക്കൊല കേസിലെ പ്രതികളുടെ ജയിൽ മാറ്റാൻ ഉത്തരവിട്ട് സിബിഐ കോടതി.കോടതി അനുമതി ഇല്ലാതെ പ്രതി പീതാംബരന് ആയുർവ്വേദ ചികിത്സ നൽകിയതിൽ കണ്ണൂർ സെൻട്രൽ ജയിൽ ജോയിന്റ് സൂപ്രണ്ട് കോടതിയിൽ ഇന്ന് മാപ്പ് എഴുതി നൽകിയതിന് പിന്നാലെയാണ് ജയിൽ മാറ്റാൻ ഉത്തരവിട്ടത്.പ്രതികളെ കണ്ണൂരിൽ നിന്ന് വിയ്യൂർ ജയിലിലേക്ക് മാറ്റാനാണ് കൊച്ചിയിലെ സിബിഐ കോടതി ഉത്തരവിട്ടിരിക്കുന്നത്.

പെരിയ ഇരട്ടക്കൊലക്കേസ് പ്രതി എ.പീതാംബരന് ചട്ടവിരുദ്ധമായി ചികിൽസ അനുവദിച്ചതിൽ കണ്ണൂർ സെൻട്രൽ ജയിൽ ജോയിന്റ് സൂപ്രണ്ടിനോട് കോടതി വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു.ജയിൽ സൂപ്രണ്ട് ആർ സാജൻ മറ്റൊരു കേസിൽ സസ്‌പെൻഷനിൽ ആയതിനാൽ ജോയിന്റ് സൂപ്രണ്ട് നസീമാണ് കോടതിയിൽ ഹാജരായത്.ജയിൽ സൂപ്രണ്ട് സിബിഐ കോടതി അനുമതിയില്ലാതെ ആയുർവേദ ആശുപത്രിയിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ മെഡിക്കൽ ബോർഡ് രൂപീകരിച്ചാണ് പീതാംബരന് ആയുർവേദ ചികിൽസ അനുവദിച്ചത്.

നിലവിൽ കണ്ണൂർ ജില്ലാ ആയുർവേദ ആശുപത്രിയിൽ ചികിത്സയിലാണ് ഒന്നാം പ്രതി പീതാംബരൻ.ഇക്കഴിഞ്ഞ ഓക്ടോബർ 14 നാണ് പീതാംബരന് അസുഖമായതിനെ തുടർന്ന് ജയിൽ ഡോക്ടറായ അമർനാഥിനോട് പരിശോധിക്കാൻ ജയിൽ സൂപ്രണ്ട് നിർദ്ദേശം നൽകിയത്. പരിശോധിച്ച ശേഷം വിദഗ്ധ ചികിത്സ വേണമെന്ന് ജയിൽ ഡോക്ടർ റിപ്പോർട്ട് നൽകുകയായിരുന്നു.ഇതിന് പിന്നാലെ 19 ന് പീതാംബരന് കിടത്തി ചികിത്സ വേണമെന്ന റിപ്പോർട്ട് നൽകിയിരുന്നു.

റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 24-ാം തിയതി സിബിഐ കോടതിയുടെ അനുമതി ഇല്ലാതെ ജയിൽ സൂപ്രണ്ട് സ്വന്തം നിലയ്ക്ക് മെഡിക്കൽ ബോർഡ് രൂപീകരിക്കുകയായിരുന്നു.തുടർന്നാണ് മെഡിക്കൽ ബോർഡിന്റെ നിർദ്ദേശ പ്രകാരം പ്രതിക്ക് 40 ദിവസം ആശുപത്രിയിൽ കിടത്തി ചികിത്സ നൽകാനുള്ള അനുമതി സൂപ്രണ്ട് നൽകിയത്.

2019 ഫെബ്രുവരി 17നാണ് പെരിയയിൽ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരായ കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ടത്.24 പ്രതികളുള്ള കേസിൽ 16 പേർ ജയിലിലാണ്.കൊലപാതകം, തെളിവു നശിപ്പിക്കൽ സംഘം ചേരൽ, ഗൂഢാലോചന തുടങ്ങിയവയാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങൾ.