കൊച്ചി: കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയ വർഗീസിന്റെ നിയമനം ഹൈക്കോടതി റദ്ദാക്കി.രണ്ടാം റാങ്കുകാരൻ ജോസഫ് സ്‌കറിയയുടെ ഹർജിയിലാണ് നടപടി. പ്രിയ വർഗീസിനെ ഒഴിവാക്കി റാങ്ക് പട്ടിക പുനഃക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജോസഫ് സ്‌കറിയ കോടതിയെ സമീപിച്ചത്. അനധികൃതമായി നിയമനം നേടിയതാണെന്നും അസോസിയേറ്റ് പ്രൊഫസർ നിയമനപട്ടികയിൽ നിന്നും പ്രിയ വർഗീസിനെ ഒഴിവാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഈ കേസിലാണ് ഹൈക്കോടതിയുടെ വിധി. ഇത് രാജ്ഭവനും ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനും അംഗീകാരമാണ്. സർക്കാരിനും കണ്ണൂർ സർവ്വകലാശാലയ്ക്കും വലിയ തിരിച്ചടിയാണ് ഇത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യയാണ് പ്രിയാ വർഗ്ഗീസ്. അതുകൊണ്ട് തന്നെ കോടതി വിധിക്കെതിരെ അപ്പീൽ പോകാൻ സാധ്യത ഏറെയാണ്.

പ്രിയാ വർഗ്ഗീസിന് മതിയായ അദ്ധ്യാപന പരിചയമില്ല. യുജിസി മാനദണ്ഡങ്ങൾ മറികടക്കാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. ഗവേഷണ കാലത്തെ അദ്ധ്യാപന പരിചയമല്ല. ഇതിനൊപ്പം മറ്റിടങ്ങളിലെ പ്രവർത്തിയെ അദ്ധ്യാപന പരിചയമായി കാണാനാകില്ലെന്നും കോടതി വിശദീകരിച്ചു. അങ്ങനെ പ്രിയാ വർഗ്ഗീസിന്റേയും സർക്കാരിന്റേയും വാദങ്ങളെ തള്ളുകയാണ് കോടതി. എൻ എസ് എസ് കോ ഓർഡിനേറ്ററുടെ ജോലി അദ്ധ്യാപന പരിചയമല്ലെന്നും വിശദീകരിച്ചു. പ്രിയാ വർഗ്ഗീസിന്റെ എല്ലാ വാദങ്ങളേയും തള്ളി. അസോസിയേറ്റ് പ്രഫസറാകാനുള്ള യോഗ്യത പ്രിയാ വർഗ്ഗീസിനില്ലെന്ന് കോടതി വിശദീകരിച്ചിട്ടുണ്ട്. ഇത് തന്നെയാണ് കേരളത്തിലെ പൊതു സമൂഹം കുറച്ചു നാളായി ചർച്ച ചെയ്തിരുന്നതും.

ഇന്നലെ നടന്ന വാദത്തിനിടെ നടത്തിയ പരാമർശങ്ങളെ എതിർത്ത് ഫേസ്‌ബുക്ക് പോസ്റ്റിട്ട പ്രിയ വർഗ്ഗീസിനെതിരെ ഹൈക്കോടതി രംഗത്തു വന്നിരുന്നു. കക്ഷികൾ കോടതിയെ ശത്രുവായി കാണേണ്ട സാഹചര്യമില്ലെന്നും എൻഎസ്എസിനോട് കോടതിക്ക് യാതൊരു ബഹുമാനക്കുറവും ഇല്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. അസുഖകരമായ കാര്യങ്ങളാണ് സംഭവിക്കുന്നത്. കോടതിയിൽ കേസിന്റെ ഭാഗമായി നിരവധി കാര്യങ്ങൾ പറയും. കോടതിയിൽ സംഭവിച്ചത് അവിടെ അവസാനിക്കണം. കുഴിവെട്ട് എന്നൊരു കാര്യം പറഞ്ഞതായി പോലും ഓർക്കുന്നില്ല. നാഷണൽ സർവ്വീസ് സ്‌കീമിന്റെ ഭാഗമായി പല കാര്യങ്ങളും അദ്ധ്യാപകർ ചെയ്തിട്ടുണ്ടാവാം. അതിന്റെ അദ്ധ്യാപന പരിചയമായി കണക്കാക്കാൻ പറ്റുമോ എന്നാണ് ഹൈക്കോടതി പരിശോധിച്ചത്.

അദ്ധ്യാപകർ സമൂഹത്തിന് മാതൃകയാകണമെന്നും അവർ രാഷ്ട്ര നിർമ്മാതാക്കളാണെന്നുമുള്ള ഡോ. രാധാകൃഷ്ണന്റെ വാക്കുകൾ ഉദ്ധരിച്ച് കേരള ഹൈക്കോടതി. പറഞ്ഞുവെന്നതും ശ്രദ്ധേയമാണ്. കോടതിയിൽ പല കാര്യങ്ങളും വാദത്തിനിടയിൽ പറയും. പക്ഷേ പൊതുജനത്തിന് അത് ആ നിലയിൽ മനസ്സിലാവണം എന്നില്ല. കക്ഷികൾ കോടതിയെ ശത്രുവായി കാണേണ്ട ആവശ്യമില്ല. കോടതിയിൽ പറയുന്ന കാര്യങ്ങളിൽ നിന്നും പലതും അടർത്തിയെടുത്ത് വാർത്ത നൽകുന്ന നിലയാണ് ഇപ്പോൾ ഉള്ളത്. കക്ഷികൾ അങ്ങനെ ചെയ്യാൻ പാടില്ല. - പ്രിയ വർഗ്ഗീസിന്റെ കേസിൽവിധിയുടെ തുടക്കത്തിൽ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

യുജിസി ചട്ടം ലംഘിച്ചാണ് പ്രിയ വർഗീസിനെ റാങ്ക് പട്ടികയിൽ ഒന്നാമതാക്കിയതെന്നും പട്ടികകയിൽ നിന്ന് പ്രിയ വർഗീസിനെ നീക്കണമെന്നും ആവശ്യപ്പെട്ട് രണ്ടാം റാങ്കുകാരനായ പ്രോഫ. ജോസഫ് സ്‌കറിയ ആണ് ഹൈക്കോടതിയെ സമീപിച്ചത്. യുജിസി ചട്ടപ്രകാരം മാത്രമേ പ്രിയ വർഗീസിന്റെ നിയമനവുമായി മുന്നോട്ട് പോകാൻ ആവുകളുള്ളൂവെന്ന് ഹൈക്കോടതി വ്യക്തമാക്കി. പ്രിയ വർഗീസിന് മതിയായ യോഗ്യതയില്ലെന്നാണ് യുജിസി കോടതിയെ അറിയിച്ചിട്ടുള്ളത്. എൻഎസ്എസ് കോർഡിനേറ്ററായിട്ടുള്ള പ്രവൃത്തി പരിചയത്തെ അദ്ധ്യാപന പരിചയമായി കണക്കാക്കാനാവില്ലെന്ന് ഹൈക്കോടതി നിലപാട് എടുത്തു.

എൻഎസ്എസ് കോർഡിനേറ്റർ ആയി കുഴിവെട്ടാൻ പോയതിനെ അദ്ധ്യാപന പരിചയമായി കണക്കാക്കാൻ കഴിയില്ലെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ പരാമർശത്തിന് മറുപടിയുമായി ഇന്നലെ പ്രിയ വർഗ്ഗീസ് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരുന്നു. നാഷണൽ സർവീസ് സ്‌കീമിനു വേണ്ടി കുഴിയല്ല, കക്കൂസ് വെട്ടിയെങ്കിലും അഭിമാനം മാത്രമാണെന്നാണ് പ്രിയ വർഗ്ഗീസ് ഫേസ്‌ബുക്കിൽ കുറിച്ചത്. എന്നാൽ എഫ്.ബി പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായതോടെ രണ്ടു മണിക്കൂറിനകം ഫേസ് ബുക്കിൽ നിന്നും പ്രിയ കുറിപ്പ് പിൻവലിച്ച് തടിതപ്പി.

ഹർജിയിൽ യുജിസിയെ കോടതി കക്ഷി ചേർത്തിരുന്നു. യുജിസിയുടെ നിലപാട് പ്രിയാ വർഗ്ഗീസിന് എതിരായിരുന്നു. പ്രിയ വർഗീസിന്റെ നിയമനം നേരത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്റ്റേ ചെയ്തിരുന്നു. പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാലയിൽ അസി.പ്രൊഫസറായി നിയമിക്കാനുള്ള നീക്കം കൃത്യമായ രാഷ്ട്രീയ താത്പര്യത്തോടെയാണെന്ന് വ്യക്തമാക്കിയാണ് നിയമനം ഗവർണർ സ്റ്റേ ചെയ്തത്. അദ്ധ്യാപകന യോഗ്യതയില്ലാത്ത ആൾ നിയമനം നേടിയത് രാഷ്ട്രീയ നാടകം ആണെന്നും അതിനെ താൻ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും വ്യക്തമാക്കിയായിരുന്നു ഗവർണറുടെ നടപടി.

കണ്ണൂർ സർവകലാശാലയിൽ പ്രിയ വർഗീസിന്റെ നിയമനത്തിനെതിരെ പരാതി നൽകിയ ജോസഫ് സ്‌കറിയ കാലിക്കറ്റ് സർവകലാശാല മലയാളം വിഭാഗം പ്രൊഫസർ റാങ്ക് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. എന്നാൽ ഡോ.ജോസഫ് സ്‌കറിയയെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മലയാള വിഭാഗം പ്രൊഫസറായി നിയമിക്കാനുള്ള നീക്കം തടയുമെന്ന നിലപാടിലാണ് ഇടത് സിൻഡിക്കറ്റ് അംഗങ്ങൾ. ഇതിനിടെയാണ് കേസിൽ വിധി വരുന്നത്.