തേനി: തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 2500 കിലോ റേഷനരി തമിഴ്‌നാട് സിവിൽ സപ്ലൈസ് വകുപ്പ് പിടികൂടി. തേനി ജില്ലയിലെ ബോഡിനായ്ക്കന്നൂരിനു സമീപം നടത്തിയ വാഹന പരിശോധനയാലാണ് റേഷനരി പിടികൂടിയത്.

ഓണക്കാലത്ത് കേരളത്തിലേക്ക് തമിഴ് നാട്ടിൽ നിന്നും റേഷനരി കടത്താൻ സാധ്യതയുണ്ടെന്ന് തമിഴ് നാട് സിവിൽ സപ്ലൈസ് വകുപ്പിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് പ്രത്യേക സ്‌ക്വാഡുകളോടെ പരിശോധന കർശനമാക്കാൻ തേനി ജില്ല റവന്യൂ ഓഫീസർ നിർദ്ദേശം നൽകി.. ഇതനുസരിച്ച് സിവിൽ സപ്ലൈസ് വകുപ്പിന്റെ ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് റേഷനരിയുമായി വന്ന ജീപ്പ് പിടികൂടിയത്. ബോഡിനായ്ക്കന്നൂർ -ബോഡിമെട്ട് പാതയിൽ മുന്തൽ ചെക്കു പോസ്റ്റിനു സമീപത്തായിരുന്നു പരിശോധന.

അൻപതു കിലോ വീതമുള്ള അൻപതു ചാക്ക് അരിയാണ് കസ്റ്റഡിയിൽ എടുത്തത്. ജീപ്പ് ഓടിച്ചിരുന്ന ബോഡിനായ്ക്കന്നൂർ സ്വദേശി വനരാജിനെ അറസ്റ്റു ചെയ്തു. ഇടുക്കിയിലെ പലചരക്ക് കടകളിലേക്കാണ് അരി കൊണ്ടു പോകുന്നതെന്നാണ് ഇയാൾ മൊഴി നൽകിയിരിക്കുന്നത്. അരി എവിടെ നിന്നാണ് സംഭരിച്ചതെന്ന് സിവിൽ സപ്ലൈസ് വകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അംഗങ്ങളുടെ എണ്ണത്തിനനുസരിച്ച് നാൽപ്പതു കിലോ അരിയാണ് തമിഴ്‌നാട്ടിൽ ഒരു റേഷൻ കാർഡുടമക്ക് മാസം തോറും സൗജന്യമായി നൽകുന്നത്.

ഇതിൽ റേഷൻ കടക്കാർ ഇടനിലക്കാർക്ക് കുറഞ്ഞ വിലയ്ക്ക് നൽകുന്ന റേഷനരിയാണ് അതിർത്തി കടന്നെത്തുന്നത്. ഇടുക്കിയിലെ തോട്ടം മേഖലയിലും സംസ്ഥാനത്തെ വൻകിട മില്ലുകളിലും ഇതെത്തുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പരിശോധന കർശനമാക്കിയത്.