കണ്ണൂർ : കണ്ണൂരിൽ പൊലീസ് ഡംപിങ് യാഡിൽ വൻ തീപിടിത്തം. തളിപ്പറമ്പ് കുറുമാത്തൂർ വെള്ളാരം പാറയിലെ പൊലീസ് ഡംബിങ് യാർഡിലാണ് വൻ തീപിടുത്തമുണ്ടായത്.500ലധികം വാഹനങ്ങൾ കത്തിനശിച്ചു.വിവിധ കേസുകളിൽ ഉൾപ്പെട്ട് പിടികൂടിയ വാഹനങ്ങളാണ് ഡംബിങ് യാർഡിൽ തീപിടിച്ച് നശിച്ചത്.തീ പടർന്ന് പിടിച്ചതോടെ ശ്രീകണ്ഠപുരം റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.പിന്നാലെ തളിപ്പറമ്പ് ശ്രീകണ്ഠാപുരം റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

രാവിലെ പത്തു മണിയോടെയായിരുന്നു തീപിടിത്തം ആരംഭിച്ചത്. രണ്ടു കിലോമീറ്ററിനുള്ളിൽ ഫയർഫോഴ്സ് സ്റ്റേഷൻ ഉണ്ടായിരുന്നെങ്കിലും നിമിഷ നേരംകൊണ്ട് തീ ആളി പടരുകയായിരുന്നു. തളിപ്പറമ്പ്, ശ്രീകണ്ഠാപുരം, പഴയങ്ങാടി പൊലീസ് സ്റ്റേഷനുകളിൽ വിവിധ കേസുകളിലായി നിരവധി വർഷങ്ങളായി തൊണ്ടിമുതലായി പിടിച്ചിട്ടിരുന്ന വാഹനങ്ങളാണ് കത്തിനശിച്ചത്.

നാല് ഫയർ ഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. എങ്ങനെയാണ് തീ പടർന്നതെന്നതിൽ വ്യക്തതയില്ല.നഗരത്തിൽ കുടിവെള്ളം വിതരണം ചെയ്യുന്ന ലോറികളും തീയണയ്ക്കാനായി സ്ഥലത്തേക്ക് പാഞ്ഞു. റോഡിന്റെ രണ്ടു ഭാഗത്തേക്കും തീപടർന്നു. മറുവശത്തേക്കും തീയെത്തിയത് രക്ഷാപ്രവർത്തനം സങ്കീർണമാക്കി.

വാഹനങ്ങൾ പ്രദേശത്ത് നിന്ന് മാറ്റണമെന്നും അപകട സാധ്യതയുണ്ടെന്നും പൊലീസിന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതായി ഫയർ ഓഫീസർ പറഞ്ഞു.ഫയർ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ് അവഗണിച്ചതാണ് ഇത്രയും വലിയ അപകടമുണ്ടാകാൻ കാരണമായതെന്ന് നാട്ടുകാരും കുറ്റപ്പെടുത്തി.

വീടുകൾക്കു സമീപം വരെ തീയെത്തി. ഇതോടെ നൂറുകണക്കിനു നാട്ടുകാരും തീയണയ്ക്കാൻ രംഗത്തെത്തി. തീയും പുകയും ചൂടും കാരണം പ്രദേശത്തേക്ക് അടുക്കാനാകാത്ത സ്ഥിതിയാണ്.