കൽപ്പറ്റ: കെഎസ്ആർടിസി യാത്രയ്ക്കിടെ, ഇലക്ട്രിക് പോസ്റ്റിലിടിച്ച് വിദ്യാർത്ഥിയുടെ കൈ അറ്റുപോയി. വയനാട് ആനപ്പാറ കുന്നത്തൊടി സ്വദേശി അസ്ലമിന്റെ കൈയാണ് അറ്റുപോയത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദ്യാർത്ഥിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ഇന്ന് രാവിലെയാണ് സംഭവം. ചുള്ളിയോടിൽ നിന്ന് ബത്തേരിയിലേക്ക് കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുമ്പോഴാണ് സംഭവം നടന്നത്. യാത്രയ്ക്കിടെ, ബസിൽ നിന്ന് പുറത്തേയ്ക്കിട്ട അസ്ലമിന്റെ കൈ ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിലാണ് അസ്ലമിന്റെ കൈ അറ്റുപോയത്.

ചുള്ളിയോട് അഞ്ചാംമൈലിൽ വച്ചാണ് അപകടം നടന്നത്. ഉടൻ തന്നെ വിദ്യാർത്ഥിക്ക് പ്രാഥമിക ചികിത്സ നൽകി. വിദഗ്ധ ചികിത്സയ്ക്കായി വിദ്യാർത്ഥിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.