തിരുവനന്തപുരം: ക്രിമിനൽ കേസിൽ കക്ഷിക്ക് വേണ്ടി വക്കാലത്ത് ഫയൽ ചെയ്യുന്നതും ക്രിമിനൽ കുറ്റമായി കണക്കാക്കുന്ന പൊലീസ് രാജിനെതിരെ അഭിഭാഷക പ്രതിഷേധം. അഭിഭാഷകർ ഇന്ന് കോടതി ബഹിഷ്‌ക്കരിക്കും. തിരുവനന്തപുരം ബാറിലെ അഡ്വക്കേറ്റ് കുറ്റിയാനി സുധീർ അടക്കം മൂന്ന് അഭിഭാഷകർക്കെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി വഞ്ചിയൂർ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത് അഭിഭാഷക വൃത്തിയുടെ മേലുള്ള പൊലീസിന്റെ അരാജകത്വപരമായ കടന്നുകയറ്റമാണ്.

കരുനാഗപ്പള്ളിയിലെ നരാധമന്മാരായ പൊലീസുകാർക്ക് സസ്‌പെൻഷൻ നേടിക്കൊടുത്തതിനു ശേഷം അഭിഭാഷകരെ പരക്കെ ആക്രമിക്കുന്ന രീതിക്കാണ് പൊലീസ് നയം. എന്നാൽ അത് അഭിഭാഷകന് നിയമം നൽകുന്ന പരിരക്ഷയെ മറികടന്നുകൊണ്ട് സാമാന്യ മര്യാദയുടെ എല്ലാ അതിർവരമ്പുകളും ലംഘിച്ചിരിക്കുകയാണ് പൊലീസ്. ഈ സാഹചര്യത്തിൽ ശക്തമായ പ്രതിഷേധമെന്ന നിലയിലാണ് കോടതി ബഹിഷ്‌ക്കരിക്കുന്നത്.