ആലപ്പുഴ: ആലപ്പുഴ - ചങ്ങനാശേരി റോഡ് നവീകരണം 85 ശതമാനം പൂർത്തിയായി. നിർമ്മാണം പൂർത്തിയായ ഒന്നാംകര മേൽപ്പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു. 371.5 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള മേൽപ്പാലത്തിന്റെ നിർമ്മാണം 15 സ്പാനിലാണ്. മൂന്നു വലിയപാലം കൂടാതെ ഒന്നാംകര, മങ്കൊമ്പ് ബ്ലോക്ക്, നസ്രത്ത്, ജ്യോതി, പൊങ്ങ പണ്ടാരക്കളം എന്നിവിടങ്ങളിലായി പുതുതായി അഞ്ച് മേൽപ്പാലങ്ങളും നിർമ്മിച്ചു. നിർമ്മാണം പുരോഗമിക്കുന്ന പൊങ്ങ പണ്ടാരക്കളം ഒഴികെ നാലു മേൽപ്പാലങ്ങളും തുറന്നുകൊടുത്തു.

കിടങ്ങറ, നെടുമുടി, പള്ളാത്തുരുത്തി വലിയപാലങ്ങളാണ് വീതികൂട്ടി നവീകരിക്കുന്നത്. അതിൽ കിടങ്ങറ, നെടുമുടി പാലങ്ങൾ 90 ശതമാനം നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ദേശീയജലപാതയിലുള്ള പള്ളാത്തുരുത്തി പാലം നിർമ്മാണ അനുമതിക്കായി പുതുക്കിയ പദ്ധതി കെഎസ്ടിപി ചീഫ് എൻജിനിയർക്ക് നൽകിയിട്ടുണ്ട്.

രൂപരേഖയിലും മറ്റുമുണ്ടായ മാറ്റംമൂലം 30 കോടി രൂപ അധികമായി വേണ്ടിവരും. 2020 ഒക്ടോബർ 12നാണ് എസി റോഡ് എലിവേറ്റഡ് പാതയാക്കാനുള്ള നിർമ്മാണം തുടങ്ങിയത്. 649.7 കോടി രൂപയായിരുന്നു പദ്ധതിത്തുക. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് നിർമ്മാണച്ചുമതല.