തിരുവനന്തപുരം: തിരുവനന്തപുരത്ത് സതേൺ സോണൽ കൗൺസിൽ യോഗത്തിനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ മുഖ്യമന്ത്രി പിണറായി വിജയൻ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. ഒരു ദിവസത്തെ സന്ദർശനത്തിനായി കേരളത്തിൽ എത്തിയ അമിത് ഷാക്ക് വൻ സ്വീകരണമാണ് ബിജെപി ഒരുക്കിയിരുന്നത്. ഇതിനിടെയാണ് മുഖ്യമന്ത്രി നേരിട്ടെത്തി സ്വീകരിച്ചത്.

നേരത്തെ നെഹ്‌റു ട്രോഫി വള്ളംകളിയിൽ പങ്കെടുക്കുന്നതിന് അമിത് ഷായെ മുഖ്യമന്ത്രി ക്ഷണിച്ചത് വിവാദമായിരുന്നു. രൂക്ഷ വിമർശനമാണ് പ്രതിപക്ഷ നേതാക്കളടക്കം ഉന്നയിച്ചത്. സിപിഎം-ബിജെപി രഹസ്യബന്ധത്തിന്റെ തെളിവാണ് പരിപാടിയിലേക്ക് അമിത് ഷായെ ക്ഷണിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചിരുന്നു. ലാവ്‌ലിൻ കേസുമായി അമിത് ഷായെ ക്ഷണിച്ചതിന് ബന്ധമുണ്ടെന്നും ആക്ഷേപം ഉയർന്നിരുന്നു. കേരളത്തിലെ ബിജെപിയുടെ 'എ' ടീം ആയാണ് ഇപ്പോൾ സിപിഎം പ്രവർത്തിക്കുന്നത് എന്നായിരുന്നു കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ ആരോപണം.

എന്നാൽ, മുഖ്യമന്ത്രിയുടെ ക്ഷണം അമിത് ഷാ നിരസിക്കുകയാണുണ്ടായത്. സുരക്ഷാ പ്രശ്‌നങ്ങൾ കാരണം പങ്കെടുക്കാൻ കഴിയില്ലെന്നായിരുന്നു അമിത് ഷാ അറിയിച്ചത്. ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ ഇന്റർ സ്റ്റേറ്റ് കൗൺസിൽ യോഗത്തിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് അമിത് ഷാ ഇപ്പോൾ കേരളത്തിൽ എത്തിയിരിക്കുന്നത്.

നാളെ രാവിലെ 10 30ന് കോവളം റാവിസ് ഹോട്ടലിൽ നടക്കുന്ന സമ്മേളനത്തിന് അദ്ദേഹം അധ്യക്ഷത വഹിക്കും. വൈകുന്നേരം മൂന്ന് മണിക്ക് കഴക്കൂട്ടത്ത് വെച്ച് നടക്കുന്ന പട്ടികജാതി സംഗമത്തിലും അദ്ദേഹം പങ്കെടുക്കും. തുടർന്ന് വൈകിട്ടോടെ ഡൽഹിയിലേക്ക് മടങ്ങും.