ന്യൂഡൽഹി: സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി വീണ്ടും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തനിക്കെതിരെ ചരിത്ര കോൺഗ്രസിൽ നടന്ന ആക്രമണ ശ്രമത്തിന് പിന്നിൽ ഗൂഢാലോചനയുണ്ട് എന്നതിന്റെ തെളിവാണ് സർക്കാരിന്റെ മൗനമെന്ന് ഗവർണർ ആരോപിച്ചു.

തനിക്കെതിരെ ആക്രമണ ശ്രമമുണ്ടായത് കേരളത്തിലായതുകൊണ്ടാണെന്നും, ഉത്തർപ്രദേശിലാണെങ്കിൽ ഇത് സംഭവിക്കില്ലെന്നും ഗവർണർ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി അലിഗഡിൽ പ്രസംഗിക്കുന്നതിനെ ചരിത്രകാരൻ ഇർഫാൻ ഹബീബ് എതിർത്തിരുന്നെങ്കിലും തടയാൻ ശ്രമിച്ചില്ല. അവിടെ ഭരിക്കുന്നത് യോഗി സർക്കാരായതുകൊണ്ടാണ് അതെന്നും ആരിഫ് മുഹമ്മദ് ഖാൻ കൂട്ടിച്ചേർത്തു.

ഇർഫാൻ ഹബീബിന്റെ പ്രതിഷേധം കേരള സർക്കാർ നടപടിയെടുക്കില്ലെന്ന ധൈര്യത്തിൽ ആയിരുന്നു. വേദിയിലുണ്ടായിരുന്ന ഒരു വനിത വളരെ മോശം ഭാഷയിൽ സംസാരിച്ചു. തന്നെ ആക്രമിച്ചവരെ സംരക്ഷിക്കുകയാണ് സർക്കാർ ചെയ്യുന്നത്. ആക്രമണത്തിന് കൂട്ടു നിന്നതിനുള്ള പ്രതിഫലമാണ് വിസിയുടെ പുനർനിയമനമെന്നും അദ്ദേഹം ആരോപിച്ചു.