തൃശൂർ: യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ചിന്ത ജെറോമിന്റെ പിഎച്ച്.ഡി തിസീസിലെ തെറ്റ് സംബന്ധിച്ച പ്രശ്‌നം രാഷ്ട്രീയവൽക്കരിക്കേണ്ടതില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ്ദ് ഖാൻ. സംഭവത്തിൽ തന്റെ പക്കൽ പരാതി എത്തിയിട്ടില്ല. എത്തിയാൽ രാഷ്ട്രീയമായല്ല, നടപടിക്രമങ്ങൾ അനുസരിച്ചാണ് പ്രതികരിക്കുക. രാഷ്ട്രീയക്കാരല്ല വിഷയത്തിൽ പ്രതികരിക്കേണ്ടതെന്നും ഗവർണർ തൃശൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. കേരള ആരോഗ്യ സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഗവർണർ.

അതേസമയം ഗവേഷണ പ്രബന്ധത്തിൽ പിഴവ് സംഭവിച്ചതായി സമ്മതിച്ച് ചിന്ത ജെറോം. സാന്ദർഭികമായ പിഴവാണ് സംഭവിച്ചതെന്നും നോട്ടപ്പിശക് ഉണ്ടായിട്ടുണ്ടെന്നും ചിന്ത ഇടുക്കി ചെറുതോണിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. തെറ്റ് ചൂണ്ടിക്കാണിച്ചവരോട് നന്ദിയുണ്ട്. പ്രബന്ധം പുസ്തക രൂപത്തിലാക്കുമ്പോൾ പിഴവ് തിരുത്തും. തനിക്കെതിരെ വ്യക്തിപരമായ അധിക്ഷേപമുണ്ടായി. ആശയങ്ങൾ ഉൾക്കൊണ്ടിട്ടുണ്ട്.

എന്നാൽ, കോപ്പിയടിച്ചിട്ടില്ല. മാധ്യമങ്ങൾ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ വാർത്ത നൽകിയത് ശരിയല്ല. ചെറിയ തെറ്റിനെ പർവതീകരിച്ച് കാണിക്കുകയാണ് ചെയ്തത്. വ്യക്തി ജീവിതത്തെയും പൊതുജീവിതത്തെയും സ്വാധീനിച്ചവർ എന്ന നിലയിലാണ് പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്ക് നന്ദി പറഞ്ഞത്. സർവ്വകലാശാലയെ സപിക്കേണ്ട സാഹചര്യമുണ്ടെന്ന് തോന്നുന്നില്ലെന്നും ചിന്ത കൂട്ടിച്ചേർത്തു.