ആലുവ: ക്യാമറ വാടകയ്ക്ക് വാങ്ങി കബളിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ . കൊല്ലം കല്ലുവാതിക്കൽ വട്ടക്കുഴിക്കൽ എം.ഇ കോട്ടേജിൽ നിജാസ് (29 ) നെയാണ് ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തത്. പൂക്കൈത നഗറിൽ താമസിക്കുന്ന ലല്ലു എന്നയാളെ കബളിപ്പിച്ചാണ് ഒരു ലക്ഷത്തിനാൽപ്പതിനായിരം രൂപ വിലവരുന്ന ക്യാമറയും അനുബന്ധ ഉപകരണങ്ങളും തട്ടിയെടുത്തത്.

ക്യാമറ വാടകയ്ക്ക് കൊടുക്കാനുണ്ടെന്ന് കാണിച്ച് ലല്ലു ഒ എൽ എക്‌സിൽ നൽകിയ പരസ്യം കണ്ടാണ് നിജാസ് സമീപിക്കുന്നത്. ആലുവ യു.സി കോളേജിനടുത്താണ് താമസിക്കുന്നതെന്ന് വിശ്വസിപ്പിച്ച് ദിവസം രണ്ടായിരം രൂപ നിരക്കിൽ രണ്ട് ദിവസത്തേക്ക് നിജാസ് ക്യാമറ വാടകയ്ക്ക് കൊണ്ടുപോയി. തുടർന്ന് ഇയാൾ മൊബൈൽ സ്വിച്ച് ഓഫ് ചെയ്തു. യു.സി കോളേജിന് സമീപമാണ് താമസിക്കുന്നതെന്ന് പറഞ്ഞത് കളവായിരുന്നു. തുടർന്ന് പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്.

ഇൻസ്‌പെക്ടർ വി എസ് വിപിൻ, എസ്‌ഐ പി.ഡി ബെന്നി, എഎസ്ഐമാരായ സിനു മോൻ, ജോയി വർഗ്ഗീസ്, സി.പി.ഒ മാരായ എം.എ.ഡിക്‌സൻ, കെ.പി.സെബാസ്റ്റ്യൻ, തരുൺ കുമാർ തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.