തിരുവനന്തപുരം: ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കാനുള്ള ജെ.ഡി.എസ് തീരുമാനം പിണറായി വിജയന്റെ പിന്തുണയോടെയെന്ന എച്ച്.ഡി ദേവഗൗഡയുടെ പ്രസ്താവനയോട് പ്രതികരിച്ച് സിപിഐ നേതാവ് ബിനോയ് വിശ്വം. പിണറായി സമ്മതം നൽകുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. ദേവഗൗഡയുടെ പ്രസ്താവന അബദ്ധപൂർണമെന്നും ബിനോയ് വിശ്വം മാധ്യമങ്ങളോട് വ്യക്തമാക്കി.

ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കാനുള്ള ജെ.ഡി.എസ് തീരുമാനം സിപിഎം നേതാവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ പിന്തുണയോടെയെന്നാണ് എച്ച്.ഡി ദേവഗൗഡ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. കേരളത്തിൽ പാർട്ടിക്ക് എംഎ‍ൽഎമാരുണ്ടെന്നും അതിലൊരാൾ മന്ത്രിയാണെന്നും ദേവഗൗഡ പറഞ്ഞു. സഖ്യത്തിന് പിണറായിയുടെ അംഗീകാരമുള്ളതിനാലാണ് പാർട്ടി എംഎ‍ൽഎ ഇപ്പോഴും മന്ത്രിയായി തുടരുന്നതെന്നും ദേവഗൗഡ കൂട്ടിച്ചേർത്തു.

അതേസമയം, ദേവഗൗഡയുടെ പ്രസ്താവന നിഷേധിച്ച് വൈദ്യുത മന്ത്രി കെ. കൃഷ്ണൻകുട്ടി രംഗത്തെത്തി. പിണറായിയും ദേവഗൗഡയും തമ്മിൽ ചർച്ച നടത്തിയിട്ടില്ല. പാർട്ടി കേരള ഘടകം ബിജെപി സഖ്യത്തിന് പിന്തുണയറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.