തിരുവനന്തപുരം:സർക്കാരിന് നേതൃത്വം നൽകുന്ന സിപിഎം പ്രതിക്കൂട്ടിലാവുന്ന ലഹരിക്കടത്ത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നിന്നും ശ്രദ്ധതിരിക്കാനുള്ള ശ്രമങ്ങളാണ് സർക്കാർ ഇപ്പോൾ നടത്തുന്നതെന്ന് ബിജെപി.ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെതിരെ മഞ്ചേശ്വരം കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത് ഈ നീക്കത്തിന്റെ ഭാഗമാണെന്ന് സംസ്ഥാന ജനറൽസെക്രട്ടറി പി.സുധീർ ആരോപിച്ചു.

കെ.സുരേന്ദ്രനെതിരായ കള്ളക്കേസ് ബിജെപി രാഷ്ട്രീയമായും നിയമപരമായും നേരിടും.പട്ടികജാതി പീഡന നിരോധന നിയമപ്രകാരമുള്ള കേസ് നിലനിൽക്കില്ല.സുന്ദര താൻ സുരേന്ദ്രനെ കണ്ടിട്ടില്ലെന്ന് വെളിപ്പെടുത്തിയിട്ടും സർക്കാർ കേസ് എടുക്കുകയാണ് ചെയ്തതെന്ന് സുധീർ പറഞ്ഞു.

ആലുവയിലുള്ള സിപിഎം പ്രവർത്തകനായ സുരേഷാണ് പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചത്.സിപിഎം ഗൂഢാലോചനയാണ് ഇതിലൂടെ വ്യക്തമാകുന്നത്. സുന്ദര ജോലി ചെയ്യുന്നത് സിപിഎമ്മിന്റെ സഹകരണ സ്ഥാപനത്തിലാണ്. എല്ലാ തിരഞ്ഞെടുപ്പുകളിലും റിബലായി മത്സരിക്കുന്ന സുന്ദരയെ സ്‌പോൺസർ ചെയ്യുന്നത് സിപിഎമ്മും ലീഗും ചേർന്നാണെന്നും പി.സുധീർ പറഞ്ഞു.