കൊച്ചി: തൃപ്പൂണിത്തുറയിൽ വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്, പരിക്കേറ്റവരിൽ മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തൃപ്പൂണിത്തുറ പുതിയ കാവ് ക്ഷേത്രത്തിന് സമീപത്താണ് അപകടമുണ്ടായത്. തിങ്കളാഴ്ച രാവിലെ 10.30-ഓടെയാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിന്റെ അവശിഷ്ടങ്ങൾ സമീപത്തെ വീടുകളിലേക്കും തെറിച്ചുവീണിട്ടുണ്ട്. തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

ചുറ്റുമുള്ള വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. സ്ഫോടനം ഉണ്ടാവാനുള്ള കാരണം വ്യക്തമല്ല. ഇന്ന് രാവിലെ പുതിയകാവ് ചൂരക്കാട് ഭാഗത്ത് സ്ഫോടകവസ്തുക്കൾ ശേഖരിച്ച് വച്ചിരുന്ന സ്ഥലത്താണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് 400 മീറ്റർ ദൂരം വരെ സ്ഫോടക വസ്തുക്കൾ തെറിച്ചുവീണു. ഇത്തരത്തിൽ സ്ഫോടക വസ്തുക്കൾ തെറിച്ച് വീണാണ് ചുറ്റുമുള്ള വീടുകളിൽ നാശനഷ്ടം സംഭവിച്ചത്. വീടുകളിൽ ചില്ലുകൾ തകരുന്ന സ്ഥിതി ഉണ്ടായി.

സ്ഫോടനം നടന്ന സ്ഥലത്തിന് ചുറ്റും ജനവാസകേന്ദ്രമാണ്. കൂടാതെ തൊട്ടടുത്തുള്ള കടകളിലും റോഡുകളിലുമായി നിരവധി ആളുകൾ ഉണ്ടായിരുന്ന സമയത്താണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിന് പിന്നാലെ പ്രകമ്പനം അനുഭവപ്പെട്ടത് നാട്ടുകാരെ ഭീതിയിലാഴ്‌ത്തി. ഒട്ടേറെപ്പേർക്ക് പരിക്ക് പറ്റിയതായാണ് റിപ്പോർട്ടുകൾ.

പാലക്കാട് നിന്ന് ഉത്സാവശ്യത്തിനുവേണ്ടി കൊണ്ടുവന്ന പടക്കം ടെമ്പോ ട്രാവലറിൽനിന്ന് ഇറക്കി അടുത്തുള്ള കോൺക്രീറ്റ് കെട്ടിടത്തിലേക്ക് മാറ്റുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. ടെമ്പോ ട്രാവലർ ജീവനക്കാരായ മൂന്ന് പേർക്കാണ് ഗുരുതര പരിക്കേറ്റത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ ഇരുപതോളം വീടുകൾക്ക് കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. വീടുകളുടെ മേൽക്കൂരകളടക്കം തകർന്നിട്ടുണ്ട്. സമീപത്തെ കടകളിലേക്കും തീ പടർന്നിരുന്നു. ആറുയൂണിറ്റ് ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് തീ പടരുന്നത് നിയന്ത്രണവിധേയമാക്കിയത്.