കൊച്ചി: സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡനക്കേസിൽ വിവാദ വിധി പ്രസ്താവിച്ച സെഷൻസ് ജഡ്ജിയെ സ്ഥലംമാറ്റിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ജഡ്ജി കൃഷ്ണകുമാർ നൽകിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്ഥലംമാറ്റം മരവിപ്പിച്ചത്.

കൊല്ലം ലേബർ കോടതി ജഡ്ജിയായിട്ടായിരുന്നു കൃഷ്ണകുമാറിന്റെ നിയമനം. സിവിക് ചന്ദ്രനെതിരായ ലൈംഗികാതിക്രമ കേസുമായി ബന്ധപ്പെട്ട് ഇദ്ദേഹം നടത്തിയ ചില നിരീക്ഷണങ്ങൾ വിവാദമായിരുന്നു. ഇതിനു പിന്നാലെയായിരുന്നു സ്ഥലംമാറ്റം.ജസ്റ്റിസ് എ കെ ജയകൃഷ്ണൻ നമ്പ്യാർ, ജസ്റ്റിസ് മുഹമ്മദ് നിയാസ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഇടക്കാല ഉത്തരവിട്ടത്.

സ്ഥലംമാറ്റത്തെ ചോദ്യം ചെയ്ത് കൃഷ്ണകുമാർ നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ചിനെ സമീപിച്ചിരുന്നെങ്കിലും ട്രാൻസ്ഫർ നടപടി ശരിവെക്കുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് കൃഷ്ണകുമാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്. സ്ഥലംമാറ്റത്തിൽ നീതിപൂർവകമായ നടപടിയല്ല ഉണ്ടായത്. ഡെപ്യൂട്ടേഷൻ പോസ്റ്റിലേക്കാണ് തന്നെ മാറ്റിയത്. ഡെപ്യൂട്ടേഷൻ പോസ്റ്റിലേക്ക് മാറ്റുമ്പോൾ തന്റെ മുൻകൂർ അനുമതി തേടിയില്ലെന്നും ജഡ്ജി കൃഷ്ണകുമാർ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ലൈംഗിക പീഡനപരാതിയിൽ സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധിയിൽ സ്ത്രീവിരുദ്ധ പരാമർശങ്ങൾ ഉണ്ടായിരുന്നതായി ആക്ഷേപം ഉയർന്നിരുന്നു. പരാതിക്കാരിയുടെ വസ്ത്രധാരണവും അതിക്രമത്തിന് പ്രേരണയായെന്ന് ജഡ്ജി വിധിയിൽ നിരീക്ഷിച്ചിരുന്നു.