കോഴിക്കോട്: കെഎസ്‌യു നേതാവിന്റെ കഴുത്തിൽ ഇറുക്കി പിടിച്ച ഡിസിപിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് കോഴിക്കോട് ജില്ലാനേതൃത്വം. കരുതൽ തടങ്കലെന്ന വിധത്തിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കസറ്റഡിയിൽ എടുത്തത്. ഈ സംഭവത്തിലാണ് കോഴിക്കോട് ഡിസിപി കെ ഇ ബൈജുവിനെതിരെയാണ് കോഴിക്കോട് ഡിസിസി രംഗത്തെത്തിയത്. കെ ഇ ബൈജുവിനെ മാറ്റി നിർത്തി അന്വേഷിക്കണം. സർക്കാർ ചെലവിൽ ഡിെൈവഫ്ഐ പ്രവർത്തകർ അഴിഞ്ഞാടുകയാണെന്നും ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ പറഞ്ഞു.

കോഴിക്കോട് എരഞ്ഞിപ്പാലത്ത് വച്ചായിരുന്നു മുഖ്യമന്ത്രിയെ കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഉൾപ്പെടെയുള്ള പ്രവർത്തകർ കരിങ്കൊടി കാണിക്കാനെത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. കെഎസ്‌യു നേതാവിന് വെള്ളം പോലും കുടിക്കാൻ കഴിയാത്ത സ്ഥിതിയാണെന്നും പ്രവീൺ കുമാർ പറഞ്ഞു.

നവ കേരള സദസ്സിൽ പങ്കെടുത്ത കോൺഗ്രസ് പ്രവർത്തകരെ പാർട്ടിക്ക് വേണ്ടെന്നും പ്രവീൺകുമാർ പറഞ്ഞു. കോഴിക്കോട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ അബൂബക്കർ കഴിഞ്ഞ ദിവസം മുക്കത്തെ പ്രഭാത സദസ്സിൽ പങ്കെടുത്തിരുന്നു.

പാർട്ടി നിർദ്ദേശം ലംഘിച്ച് നേതാവ് നവകേരള യാത്രയുടെ ഭാഗമായത് കനത്ത തിരിച്ചടിയായിരുന്നു. എൻ അബൂബക്കറിനെ ഇനി പാർട്ടിക്ക് വേണ്ടെന്നും അബൂബക്കറോട് വിശദികരണം തേടില്ലെന്നും പ്രവീൺ കുമാർ വ്യക്തമാക്കി. അബൂബക്കറെ സ്റ്റാന്റിങ് കമ്മറ്റി സ്ഥാനത്ത് നിന്നും അയോഗ്യനാക്കാനുള്ള നടപടിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.