തിരുവനന്തപുരം: കരുതൽമേഖലയ്ക്കുനേരെയുള്ള കർഷകപ്രതിഷേധം രാഷ്ട്രീയസമരമായി ഏറ്റെടുക്കാൻ കോൺഗ്രസ് തീരുമാനം. കെ-റെയിലിൽ ഉണ്ടായതിന് സമാനമായ പ്രതിഷേധമാണ് കരുതൽമേഖലയ്‌ക്കെതിരേയും ഉണ്ടാകുന്നത്. രണ്ടുകാര്യങ്ങളിലും സർക്കാരിന് പ്രതിഷേധിക്കുന്നവരോട് ഒരേസമീപനമാണ്. അതിനാൽ, കെ-റെയിലിലേതുപോലെ ജനകീയപ്രതിഷേധം രാഷ്ട്രീയമായി ഏറ്റെടുക്കണമെന്നാണ് കെപിസിസി. ഭാരവാഹികളുടെയും ഡി.സി.സി. പ്രസിഡന്റുമാരുടെയും സംയുക്തയോഗം തീരുമാനിച്ചത്.

അശാസ്ത്രീയവും അപൂർണവുമായ ഉപഗ്രഹസർവേ ആരെ തൃപ്തിപ്പെടുത്താനാണെന്നത് സർക്കാർ വ്യക്തമാക്കണം. ഭൂതല സർവേയും പഠനവും നടത്തി കരുതൽമേഖല പരിധി നിശ്ചയിക്കണം. അതിന് കൂടുതൽസമയം അനുവദിക്കണമെന്ന ജനങ്ങളുടെ പരാതിയും ന്യായമാണെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ.

കരുതൽമേഖലകളിലെ ജനങ്ങളെ സംഘടിപ്പിച്ചുള്ള ആദ്യഘട്ട പ്രക്ഷോഭപരിപാടികൾക്ക് കെപിസിസി. നേതൃയോഗം രൂപംനൽകി. അരലക്ഷംപേർ പങ്കെടുക്കുന്ന സെക്രട്ടേറിയറ്റ് വളയൽ സമരം ജനുവരി അവസാനവാരം സംഘടിപ്പിക്കും. ബ്ലോക്ക്തല വാഹനജാഥകൾ ഡിസംബർ 30-നകം പൂർത്തിയാക്കും. ജനുവരി 15-നകം ആയിരം വിശദീകരണ പൊതുയോഗങ്ങൾ സംഘടിപ്പിക്കും.

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 138-ാം ജന്മവാർഷികത്തിന്റെ ഭാഗമായി ഡിസംബർ 28-ന് വിപുലമായ ആഘോഷപരിപാടികൾക്ക് യോഗം രൂപം നൽകി.

കെപിസിസി. പ്രസിഡന്റ് കെ. സുധാകരൻ എംപി., പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, വർക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ് എംപി., ടി. സിദ്ദിഖ്, ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.