കണ്ണൂർ: കണ്ണൂരിൽ പരിചയക്കാരിയായ യുവതിക്ക് വാട്‌സ് ആപിലൂടെ നിരന്തരം അശ്‌ളീല സന്ദേശമയച്ച സിപിഎം പ്രാദേശികനേതാവിനെതിരെ പാർട്ടി അച്ചടക്ക നടപടിയെടുത്തു. സിപിഎം ശക്തികേന്ദ്രമായ മാടായി ഏരിയാകമ്മിറ്റിയുടെ കീഴിലുള്ള ലോക്കൽ കമ്മിറ്റിയിലാണ് സംഭവം.

പരിചയക്കാരിയായ യുവതിക്ക് രാപ്പകൽ അശ്ലീലസന്ദേശം അയച്ചതിന് സിപിഎം ലോക്കൽകമ്മറ്റി അംഗത്തെയാണ് ഒരു വർഷത്തേക്ക് പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്തത്. മാടായി ഏരിയാ കമ്മറ്റിക്ക് കീഴിലെ പാണപ്പുഴ ലോക്കൽ കമ്മറ്റിയിലെ പ്രമുഖനായ ഒരു നേതാവിന്റെ പേരിലാണ് പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചത്. പ്രദേശത്തെ സഹകരണബാങ്ക് ജീവനക്കാരൻ കൂടിയായ ഇയാൾ യുവതിയുടെ വാട്‌സ് ആപ്പിൽഅശ്ലീലസന്ദേശം അയച്ചത് സംബന്ധിച്ച് പാർട്ടിക്ക് പരാതി ലഭിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെയാണ് നടപടി ഉണ്ടായത്.

രണ്ടാഴ്‌ച്ച മുമ്പാണ് നടപടിക്ക് ആസ്പദമായ സംഭവം നടന്നത്. യുവതിയുടെപരാതി ലഭിച്ച് ദിവസങ്ങൾക്കകം പ്രമുഖനായ നേതാവിന്റെ പേരിൽ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായതിനെ തുടർന്നാണ് ഏരിയാ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം ലോക്കൽ കമ്മിറ്റി നടപടി സ്വീകരിച്ചത്. നേരത്തെ മാടായി ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള മറ്റൊരു ലോക്കലിൽ വിനോദ യാത്ര പോകുന്നതിനിടെ മൂന്ന് ലോക്കൽ കമ്മിറ്റികളിലെപാർട്ടി പ്രാദേശികനേതാക്കൾ മദ്യപിച്ചതുമായി ബന്ധപ്പെട്ട ആരോപണത്തിൽ പാർട്ടി ഏരിയാ നേതൃത്വം അന്വേഷണ കമ്മിഷനെ നിയോഗിച്ചിട്ടുണ്ട്.

പാർട്ടി മുൻ ലോക്കൽ സെക്രട്ടറിയാണ് ഇതു സംബന്ധിച്ചു പരാതി നൽകിയത്. ഇതിനിടെയാണ് മറ്റൊരു പരാതി കൂടി പാർട്ടി നേതൃത്വത്തിന് ലഭിച്ചത്. പാർട്ടിയുടെ ഉത്തരവാദിത്വമുള്ള സ്ഥാനങ്ങളിലിരിക്കുന്നവരുടെ കമ്യുണിസ്റ്റ് പാർട്ടി പ്രവർത്തകർക്ക് ചേരാത്ത നടപടികൾ പാർട്ടി നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്.